നായാട്ടിനുശേഷം ജോജു ജോര്‍ജിന്റെ അപ്പു പാത്തു പാപ്പു ഫിലിംസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇരട്ടയുടെ ട്രെയ്‌ലര്‍ റിലീസായി. നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്ന് സൂചിപ്പിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. അജ്മല്‍ സാബുവാണ് ട്രെയ്ലര്‍ കട്ട് നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന ഇരട്ട സഹോദരങ്ങളുടെ ബന്ധത്തെ മുന്‍നിര്‍ത്തി വികസിക്കുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രം.
ഇരുവരും തമ്മിലെ കാലങ്ങളായി നീണ്ടുനില്‍ക്കുന്ന പകയും അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് സൂചന. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജിന്റെ ആദ്യ ഇരട്ടവേഷമായ ചിത്രം ഫെബ്രുവരി 2 നാണ് തിയറ്റുകളിലെത്തുന്നത്. ജോജുവിന് പുറമെ, അഞ്ജലി, സ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകന്‍ രോഹിത് എം.ജി കൃഷ്ണന്‍ ഇരട്ടയെക്കുറിച്ച്
''ജോസഫിലും, ആക്ഷന്‍ ഹീറോ ബിജുവിലും, നായാട്ടിലുമായി പ്രേക്ഷകര്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ, ജോജു ജോര്‍ജ് ഇതുവരെ ചെയ്യാത്ത പൊലീസ് വേഷമായിരിക്കും 'ഇരട്ട'യിലേത്. രണ്ട് ഇരട്ട സഹോദരന്മാര്‍ തമ്മിലെ വൈകാരിക ഇടപെടലുകളാണ് ചിത്രം സംസാരിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്ത് പറഞ്ഞാലും സിനിമയുടെ സ്പോയിലറാവും. സിനിമയുടെ തുടക്കത്തില്‍ തന്നെ കഥ വെളിപ്പെടുത്തുന്നതിന് പകരം, ഓരോ ഘട്ടത്തിലും, ഓരോ കഥാപാത്രങ്ങളിലൂടെയും കഥാഗതിയുടെ ചുഴുളഴിച്ചെടുക്കുന്ന മേക്കിംഗാണ് ഈ ചിത്രത്തിനുള്ളത്. ആ അനുഭവം തിയറ്ററില്‍ നിന്ന് തന്നെ പ്രേക്ഷകന്‍ സ്വീകരിക്കണം.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളായി വരുന്ന ശ്രിന്ദ, അഞ്ജലി, ആര്യ സലീം എന്നിവരും ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാംകൊണ്ടും പ്രേക്ഷകനെ ഒരുവിധത്തിലും നിരാശപ്പെടുത്താത്ത ഒരു സിനിമയായിരിക്കും 'ഇരട്ട' എന്ന ഉറപ്പ് മാത്രമാണ് തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകനെന്ന നിലയിലും എനിക്ക് തരാനുള്ളത്.''
അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സമീര്‍ താഹിറിനും, ഷൈജു ഖാലിദിനും, ഗിരീഷ് ഗംഗാധരനുമൊപ്പം ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് 'ഇരട്ട'യുടെ ഡിഒപി. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയാണ് ലിറിക്സ്. എഡിറ്റര്‍: മനു ആന്റണി, ആര്‍ട്ട്: ദിലീപ് നാഥ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ്, സ്റ്റണ്ട്‌സ്: കെ രാജശേഖര്‍ എന്നിവരാണ്. പിആര്‍ഓ: പ്രതീഷ് ശേഖര്‍.