സബാഷ് ചന്ദ്രബോസ് ഒരു നിഷ്കളങ്കമായ സിനിമയാണെന്ന് ജോണി ആന്റണി. സിനിമയുടെ ചിത്രീകരണത്തിനായി പോകുമ്പോൾ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും ജോണി ആന്റണി ദ ക്യു ഓണ്‍ ചാറ്റില്‍ പറഞ്ഞു. ടീവി വന്ന കാലത്തേ കഥയായതുകൊണ്ട് തന്നെ പ്രിയപ്പെട്ട സിനിമയാണ് സബാഷ് ചന്ദ്ര ബോസെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു.
ജോണി ആന്റണി പറഞ്ഞത്
എന്നോട് സബാഷ് ചന്ദ്രബോസിന്റെ കഥ പറയുമ്പോൾ ആദ്യം പറഞ്ഞത് ടീവി വന്ന കാലത്തെ കഥയാണെന്നാണ്. എനിക്കൊരു 15 വയസ്സുള്ളപ്പോൾ ആണ് ടീവി വരുന്നത്. അന്ന് നമ്മുടെ ഗ്രാമത്തിൽ ഒന്നോ രണ്ടോ ടീവികളേയുള്ളു. ആ കാലഘട്ടം അതുകൊണ്ട് തന്നെ ഒരുപാട് പ്രിയപ്പെട്ടതാണ്. നാട്ടിലെ 2 ടീവികളുള്ള വീടുകളിൽ പോയിട്ടാണ് ആ കാലത്ത് മറഡോണയുടെ വേൾഡ് കപ്പ്, രാമായണം, അങ്ങനെയൊരുപാട് കാര്യങ്ങൾ കണ്ടിരുന്നത്.
വി സി അഭിലാഷ് എന്നെ വിളിച്ച് പറയുന്നത് ആളൊരുക്കാം ചെയ്ത സംവിധായകനാണ്, പുതിയൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ട് അതിൽ ചേട്ടനൊരു മുഴുനീള വേഷമുണ്ടെന്നാണ്. പിന്നീട് ഷൂട്ടിനായി കൊല്ലംകോട് പോകുന്ന സമയത്ത് മനസ്സിൽ അറിയാതെ ആഗ്രഹിച്ചു, ചിലപ്പോൾ എനിക്കൊരു അവാർഡ് ഒക്കെ കിട്ടുമായിരിക്കും. വിഷ്ണു ഉണ്ണിക്കൃഷ്ണനായിരിക്കും മെയിൻ നടാനുള്ളത്, എനിക്കൊരു ജൂറി പരാമർശം എങ്കിലും ഉണ്ടാകുമെന്ന സ്വപ്നം കണ്ടിട്ടാണ് ലൊക്കേഷനിലേക്ക് പോയത്. ഇടക്കെ അഭിനയിക്കുമ്പോൾ വിഷ്ണുവിന് തോന്നി ഇയാൾ പരാമർശത്തിൽ മാത്രം ഒതുങ്ങി പോകുമോയെന്ന്. അപ്പോ ഞാൻ അവനോട് പറയും, ഉയ്യോ എനിക്ക് വേണ്ടേ, അവാർഡ് എടുത്തോ എന്ന്. ഒരു കണ്ടീഷൻ മാത്രമേ ഞാൻ പറഞ്ഞുള്ളു അവാർഡ് വാങ്ങാൻ ഡൽഹിയിലേക്ക് പോകുമ്പോൾ എന്നെ കൂടെ കൊണ്ട് പോകണം. ഭയങ്കര നിഷ്കളങ്കമായ സിനിമയാണ് സബാഷ് ചന്ദ്രബോസ്.