നടന് അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എകെ 61. ചിത്രത്തില്‍ അജിത്തിനൊപ്പം നടന് ജോണ്‍ കോക്കനും പ്രധാന കഥാപാത്രമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് 'കെജിഎഫ്', 'സര്‍പ്പാട്ട പരമ്പരൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ എകെ 61ന്റെ ഭാഗമാകുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുകയാണ്. ഉടന്‍ തന്നെ ജോണ്‍ കോക്കന് ചിത്രത്തിന്റെ ഹൈദരാബാദ് സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ അജിത്തിന്റെ നായികയായി എത്തുന്നു എന്ന വാര്‍ത്തകളും നേരത്തെ വന്നിരുന്നു. മെയ് 29ന് മഞ്ജു വാര്യര്‍ അജിത് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണിത്. അസുരന് എന്ന സിനിമയിലെ പച്ചൈമ്മാള്‍ എന്ന മഞ്ജു വാര്യര്‍ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്. മാധവനൊപ്പം ഒരു ബോളിവുഡ് ചിത്രവും മഞ്ജു 2021ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് പിന്നിലെ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രവുമാണ് എ.കെ 61. ഹൈസ്റ്റ് ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മെയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പേര് ഉള്‍പ്പെടെ പുറത്തുവിടുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. അജിത് ഡബിള്‍ റോളിലായിരിക്കും ഈ ചിത്രത്തിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.