Film News

ആരാണ് ഞങ്ങൾക്ക് വേണ്ടി റൂം ബുക്ക് ചെയ്തതെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി, മികച്ച നടൻ മാത്രമല്ല മികച്ച നിർമാതാവ് കൂടിയാണ് മമ്മൂക്ക; ജിയോ ബേബി

മമ്മൂട്ടി എന്ന നടനെക്കുറിച്ച് ഓർക്കുമ്പോൾ മമ്മൂട്ടി കമ്പനി എന്ന നിർമാണ കമ്പനിയും തനിക്ക് അത്രയേറെ പ്രധാനപ്പെട്ടതാണ് എന്ന് സംവിധായകൻ ജിയോ ബേബി. മലയാളത്തിൽ അടുപ്പിച്ച സംസ്ഥാന അവാർ‌ഡ് ലഭിച്ച രണ്ട് മികച്ച സിനിമകളും നിർമിച്ചത് മമ്മൂട്ടി കമ്പനി ആണെന്നും മലയാളത്തിൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളാണ് അത് എന്നും ജിയോ ബേബി പറയുന്നു. മമ്മൂട്ടി എന്ന മികച്ച നടനൊപ്പം മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച മികച്ച നിർമാതാവിന്റെ പിറന്നാൾ കൂടിയാണ് ഇതെന്നും മമ്മൂട്ടിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കേ ജിയോ ബേബി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജിയോ ബേബി പറഞ്ഞത്:

മലയാളത്തിന്റെ പ്രിയ നടനും നമ്മുടെയൊക്കെ അഭിമാനവും അഹങ്കാരവും ഒക്കെയായ മമ്മൂക്കയുടെ പിറന്നാളാണ്. കാതൽ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഞാൻ അദ്ദേഹത്തിനെ കാണുന്നതും സംസാരിക്കുന്നതും. 32 ദിവസത്തോളം ഞങ്ങൾ ആ സിനിമ ഷൂട്ട് ചെയ്തു. അങ്ങനെ ഉണ്ടായിട്ടുള്ള ഒരു തരം ബന്ധമുണ്ട്. അഭിനേതാവിനോടുള്ള ബന്ധം. വീണ്ടും അതേ അഭിനേതാവിനോടൊത്ത് ജോലി ചെയ്യണം എന്ന് തോന്നുന്ന ബന്ധം. അദ്ദേഹത്തിലെ അഭിനേതാവിനോടും ആ മനുഷ്യനോടുമുള്ള ബഹുമാനത്തിൽ നിന്നും സ്നേഹത്തിൽ നിന്നും ഒക്കെയുണ്ടാവുന്നതാവാം അതെന്ന് ഞാൻ കരുതുന്നു. കാതൽ എന്ന ചിത്രം ഏറ്റവും സമാധാനത്തോടെ ഏറ്റവും സന്തോഷത്തോടെ ഞാൻ ചെയ്ത സിനിമയാണ്. അതിൽ നടനായ മമ്മൂട്ടിയെയും മമ്മൂട്ടി കമ്പനിയെയും ഒക്കെ ഏറെക്കാലം ഞാൻ സ്നേ​ഹത്തോടെ തന്നെ ഓർക്കും. അത്രമാത്രം സമാധാനമുണ്ടായിരുന്നു എല്ലാ കാര്യങ്ങൾക്കും.

കാതലിൽ മമ്മൂക്ക കോളേജിൽ പോയിട്ട് മകളെ കാണുന്ന ഒരു സീനുണ്ട്. ബാസ്ക്കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കുന്ന മകൾ മമ്മൂക്ക ഒരു സ്ഥലത്ത് ഇരിക്കുന്നു. അദ്ദേഹം മലയാളത്തിന്റെ മെ​ഗാസ്റ്റാറാണ്. കാതലിൽ നമുക്ക് റിഹേഴ്സൽസ് ഉണ്ടായിട്ടില്ല. അത് ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ ഈ സീൻ എടുക്കുമ്പോൾ ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ആദർശിനും പോൾസണും ക്യാമറമാനും എനിക്കും എല്ലാം ഈ സീൻ അദ്ദേഹം എങ്ങനെയായിരിക്കും ചെയ്യുക എന്ന കൗതുകം ഉണ്ടായിരുന്നു. സീനിന്റെ ഷോട്ടുകളിലൊക്കെ അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒരു ഭയം നമുക്ക് കാണാൻ സാധിക്കും. മകളെ കാണാൻ പോകുമ്പോൾ തന്റെ ഉള്ളിലുള്ള വേദനയുടെ അല്ലെങ്കിൽ ഏതെങ്കിലും ഒക്കെ തരത്തിലുള്ള അപമാനത്തിന്റെ, ഭയത്തിന്റെ കണിക അദ്ദേഹത്തിന്റെ പെർഫോമൻസിൽ നമുക്ക് കാണാം. ആ സീൻ ഒന്നു കൂടി കണ്ട് നോക്കിയാൽ മനസ്സിലാകും അയാൾ എത്രത്തോളം പേടിക്കുന്നുണ്ടെന്ന്. ഭയം എന്നൊരു തലം മമ്മൂക്കയുടെ കഥാപാത്രത്തിന് ഞങ്ങൾ നൽകിയിട്ടുണ്ടായിരുന്നു. അത് മമ്മൂക്ക തന്നെ പറയുന്നുമുണ്ട്, ഞാൻ കുറച്ച് പേടിയുള്ള ആളാണ് എന്ന്. അയാൾക്ക് പലതിനോടുമുള്ള ഭയം തിരക്കഥയിലും ഉണ്ടായിരുന്ന കാര്യമാണ്. അത് ഈ സീനിൻ വളരെ പ്രകടമായിട്ട് കാണാം. സിനിമയുടെ ആദ്യത്തെ സീൻ മുതൽ ഭയപ്പെടുന്ന ഒരു മമ്മൂക്കയെ നമുക്ക് കാണാൻ സാധിക്കും. സിനിമയുടെ ബാക്ക് ​ഗ്രൗണ്ട് സ്കോറിലും ഈ ഭയത്തിന്റെ എലമെന്റ് ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്,

മമ്മൂക്കയുമായി ബന്ധപ്പെട്ട മറ്റൊരു ഓർമ്മ എന്ന് പറയുന്നത്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പുള്ളതാണ്. ആന്റോ ചേട്ടനാണ് മമ്മൂക്കയെ ഞങ്ങളുമായി കണക്ട് ചെയ്യിച്ചത്. അദ്ദേഹം എന്നെ മുമ്പും വിളിച്ച് ചോദിച്ചിട്ടുണ്ട് ഈ സിനിമ നിർമിക്കാൻ ആരെങ്കിലും ഉണ്ടോ അല്ലെങ്കിൽ നമുക്ക് ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന്. അങ്ങനെ ഞങ്ങൾ‌ എല്ലാവരും കൂടി ചെന്നൈയിൽ ജ്യോതികയോട് കഥ പറയാൻ പോയി. അവിടെ ചെന്ന് ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യാൻ പോയപ്പോൾ ബുക്ക് ചെയ്തിരിക്കുന്നത് ആരാണ് എന്ന് ചോദിച്ചു. ബുക്ക് ചെയ്തത് ആരാണ് എന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല ഞങ്ങൾക്ക് മമ്മൂട്ടി കമ്പനിയിലെ ഒന്ന് രണ്ട് പേരെ മാത്രമേ അറിയുമായിരുന്നുള്ളൂ. അവർ ഇങ്ങോട്ട് ഞങ്ങളോട് മമ്മൂട്ടി കമ്പനിയാണോ എന്ന് ചോദിച്ചു. അത് ഞങ്ങളെ സംബന്ധിച്ച് ഒരു അഭിമാന നിമിഷമായിരുന്നു. ഞാനും ആദർശും പോൾസണും എല്ലാം ഞെട്ടിപ്പോയിരുന്നു. ആ നിമിഷത്തിൽ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങളുടെ സിനിമ നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ് എന്ന്. അങ്ങനെയാണ് അത് അറിഞ്ഞത് അല്ലാതെ ഒരു ഒഫീഷ്യൽ ഫോൺ കോൾ വിളിച്ച് ദാ ഞങ്ങൾ ഇത് നിർമിക്കുന്നു എന്നൊന്നും ആരും പറഞ്ഞിട്ടില്ല. മമ്മൂട്ടിയെക്കുറിച്ച് ഓർക്കുമ്പോൾ മമ്മൂട്ടി കമ്പനിയും എനിക്ക് അത്രമാത്രം പ്രധാനപ്പെട്ടതാണ്. മറ്റൊരു തരത്തിൽ നോക്കിയാൽ കാതൽ ഈ വർഷത്തെ മികച്ച സിനിമയാവുന്നു, കഴിഞ്ഞ വർഷവും മികച്ച സിനിമ നൻപകൽ‌ നേരത്ത് മയക്കം ആണ്. മലയാളത്തിൽ തുടർച്ചയായി രണ്ട് മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമാതാവിന്റെ ബർത്ത്ഡേ കൂടിയാണ് ഇത്. മലയാളത്തിൽ വളരെ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഇത്. മികച്ച സിനിമകളുടെ നിർമാതാവും മികച്ച നടനും ഇനിയും ഒരുമിച്ച് സിനിമ ചെയ്യണം എന്ന് ഞാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്ന എന്റെ മമ്മൂക്കയ്ക്ക് ഹൃദയത്തിൽ നിന്നും പിറന്നാൾ ആശംസകൾ നേരുന്നു.

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ത്രില്ലർ ചിത്രത്തിൽ നായകനായി ഷൈൻ ടോം ചാക്കോ, 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ പുറത്ത്

'വേട്ടയന് വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിയതിൽ അതൃപ്തി', പ്രതികരണവുമായി കങ്കുവയുടെ നിർമ്മാതാവ് ജ്ഞാനവേൽ രാജ

SCROLL FOR NEXT