മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. രണ്ട് ഭാഗങ്ങളിലായി ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന റാമിന്റെ ചിത്രീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടെ ചിത്രം നിർത്തിവെച്ചെന്നും ഉപേക്ഷിച്ചെന്നുമെല്ലാം പ്രചരണങ്ങൾ ഉണ്ടായി. ഇപ്പോൾ ചിത്രം നീണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. റേഡിയോ മ്യൂസിക്കയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫ് ചിത്രം വൈകുന്നതിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞത്.
യുകെയിൽ വച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തിൽ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റു. ഇതോടെ അവിടെത്തെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളും ചിത്രത്തിന്റെ കണ്ടിന്യൂറ്റിക്ക് പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെ മൊറോക്കയിലേക്ക് ചിത്രീകരണം മാറ്റാൻ തീരുമാനിച്ചു. നിലവിൽ മൊറോക്കയിലെ സീനുകൾ പൂർത്തിയാക്കി. എന്നാൽ യുകെയിലെ വനമേഖലയിൽ ചിത്രീകരിച്ച സീനുകളുടെ തുടർച്ചയിൽ ആശങ്കകളുണ്ട്. അവിടുത്തെ സീസണുകൾ മാറി വരുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ ആണെന്നും ശരിയായ കാലാവസ്ഥാ വിന്യാസമില്ലാതെ ഷൂട്ടിംഗ് പുനരാരംഭിച്ചാൽ മുമ്പ് ചിത്രീകരിച്ച സീനുകൾ ഒഴിവാക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
നിലവിൽ മൊറോക്കോയിൽ ഷെഡ്യൂള്‍ പൂർത്തിയായതായും ടുണീഷ്യയിലും യുകെയിലും മറ്റ് ലൊക്കേഷനുകളിലും ചില ഷോട്ടുകൾ പൂർത്തിയാവാതെ ഇരിക്കുകയാണ്. മോഹൻലാലും നിർമ്മാതാക്കളും മുഴുവൻ അണിയറപ്രവർത്തകരും പ്രതിബന്ധങ്ങൾ തരണം ചെയ്ത് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണെന്നും ജീത്തു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.
ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവര്രാണ് ചിത്രം നിർമിക്കുന്നത്.