Film News

ദൃശ്യം മൂന്നാം ഭാഗത്തിന്റെ തിരക്കഥ ആദ്യം സംഭവിക്കട്ടെ, ബാക്കി കാര്യങ്ങള്‍ പിന്നെ നോക്കാം : ജീത്തു ജോസഫ്

ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'ദൃശ്യം 2' ന്റെ ബോളിവുഡ് റീമേക്ക് ഒരാഴ്ച്ച കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, അക്ഷയ് ഖന്ന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബോളിവുഡില്‍ വലിയ പ്രതീക്ഷയോടെ വന്ന ചിത്രങ്ങള്‍ പലതും പരാജയപ്പെട്ട സമയത്താണ് ദൃശ്യം ബോളിവുഡിന് ആകെ തന്നെ ഉണര്‍വേകുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ജീത്തു ജോസഫിനും വീണ്ടും അഭിനന്ദനങ്ങള്‍ വന്നെത്തുകയാണ്.

ദൃശ്യം ഹിന്ദി പതിപ്പിന്റെ വിജയത്തില്‍, നമ്മുടെ സിനിമയുടെ ഒരു റീമേക്ക് വേറൊരിടത്ത്, വേറെ ഒരു ഭാഷയില്‍ വിജയിക്കുക എന്ന് പറയുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ് എന്ന് ജീത്തു ജോസഫ് പറയുന്നു. ഏതൊരു ഇന്‍ഡസ്ട്രി ആണെങ്കിലും അതൊരു പ്രശ്‌നത്തില്‍ കിടക്കുമ്പോള്‍ അത് തിരിച്ച് വരേണ്ടത് ഒരു സൊസൈറ്റിയുടെ ആവശ്യമാണ്. അതിന് നമ്മുടെ പടം ഒരു കാരണമായെങ്കില്‍ വളരെ സന്തോഷമെന്നും ജീത്തു ദ ക്യുവിനോട് പറഞ്ഞു. സിനിമയുടെ വിജയത്തെക്കുറിച്ചും ദൃശ്യം 3 യെക്കുറിച്ചും ജീത്തു ജോസഫ് ദ ക്യുവിനോട് സംസാരിക്കുന്നു.

ദൃശ്യം രണ്ടാം ഭാഗങ്ങളില്‍ തിയേറ്ററിലെത്തിയത് ബോളിവുഡ് വേര്‍ഷന്‍ മാത്രമാണ്. മലയാളവും തെലുങ്കും ഒടിടി റിലീസായിരുന്നു. 7 ദിവസം കൊണ്ട് ഹിന്ദി വേര്‍ഷന്‍ 100 കോടിയിലെത്തിയിരിക്കുന്നു, എന്ത് തോന്നുന്നു ?

തീര്‍ച്ചയായിട്ടും സന്തോഷം തന്നെയാണ്. കാരണം നമ്മുടെ ഒരു റീമേക്ക് വേറൊരിടത്ത്, വേറെ ഒരു ഭാഷയില്‍ വിജയിക്കുക എന്ന് പറയുന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ചും ചൈനയില്‍ ഇതുപോലെ ഒന്നാം ഭാഗം വന്‍ വിജയമായപ്പോള്‍ നമുക്ക് തോന്നിയ അതേ സന്തോഷം. ഒരുപക്ഷേ, ദൃശ്യം 2 മലയാളത്തില്‍ ഇപ്പോഴാണ് ഇറക്കിയിരുന്നത് എങ്കില്‍ തീര്‍ച്ചയായിട്ടും ഇതുപോലെ ഒന്നാം ഭാഗത്തെക്കാളും മികച്ച കളക്ഷനും കാര്യങ്ങളുമൊക്കെ വരുമായിരുന്നു. ഇതേ ആവേശവും ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാകുമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഒന്നാം ഭാഗം ആളുകള്‍ അതുപോലെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെയാണത്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ചെയ്ത സമയം എന്ന് പറയുന്നത് തിയ്യേറ്റര്‍ ഒന്നും ഓപ്പണ്‍ ചെയ്തിട്ടുപോലും ഇല്ല. ആള്‍ക്കാര്‍ എങ്ങനെ വരും, കൊവിഡ് രൂക്ഷമായിട്ട് നില്‍ക്കുന്ന ഒരു സമയം ആയിരുന്നു. ഇന്ന് സ്ഥിതിവിശേഷം മാറി. പക്ഷെ, നമ്മള്‍ ഒടിടിയില്‍ റിലീസ് ചെയ്തതുകൊണ്ട് സിനിമയ്ക്ക് വേള്‍ഡ് വൈഡ് അംഗീകാരം ലഭിച്ചു. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ അത് തീര്‍ച്ചയായും സന്തോഷം തന്നെയാണ്.

ദൃശ്യം രണ്ടാം ഭാഗം ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാന്‍ ജീത്തു ജോസഫിനെ ആദ്യം സമീപിച്ചിരുന്നതായി ഹിന്ദിയില്‍ ചിത്രം ഒരുക്കിയ അഭിഷേക് പഥക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെലുങ്ക് റീമേക്ക് ജീത്തു തന്നെയാണല്ലോ ചെയ്തത്. എന്തുകൊണ്ടാണ് ഹിന്ദി ചെയ്യേണ്ട എന്ന് വച്ചത് ?

തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയത്താണ് അവര്‍ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട കാര്യത്തിന് വിളിക്കുന്നത്. സിനിമ പെട്ടന്ന് തന്നെ തുടങ്ങുകയാണെന്ന് അന്ന് പറഞ്ഞു. തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയത്ത് എനിക്ക് അത് ഉപേക്ഷിച്ച് ഹിന്ദിയിലേക്ക് പോകാന്‍ പറ്റില്ലല്ലോ. അവര്‍ അജയ് ദേവ്ഗണിന്റെ ഡേറ്റ് ഓക്കെ ആയിട്ട് ആ സമയത്ത് സിനിമ തുടങ്ങാനായിരുന്നു പ്ലാന്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ നിലവില്‍ തെലുങ്ക് ചെയ്തുകൊണ്ടിക്കുകയാണ്. അത് മാറ്റി വയ്ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് ഓക്കെ നിങ്ങള്‍ ചെയ്‌തോളൂ എന്ന് പറഞ്ഞ് ഞാന്‍ അതില്‍ നിന്ന് പിന്മാറിയതാണ്.

കൊവിഡിന് ശേഷം തകര്‍ന്നടിഞ്ഞ ബോളിവുഡിന്റെ തിരിച്ചുവരവെന്നാണ് ദൃശ്യം സെക്കന്‍ഡിന്റെ വിജയത്തെക്കുറിച്ച് എല്ലാവരും പറയുന്നത്. അത്തരമൊരു നേട്ടത്തിന് സ്വന്തം സിനിമയുടെ റീമേക്ക് വഴിയൊരുക്കിയതില്‍ ആഹ്ലാദമുണ്ടോ ?

തീര്‍ച്ചയായിട്ടും സന്തോഷം തന്നെ. നമ്മുടെ ഒരു സിനിമ കൊണ്ട് തകര്‍ന്ന് കിടക്കുന്ന ഒരു ഇന്‍ഡസ്ട്രിക്ക് ഒരു ഉണര്‍വ് കിട്ടിയെങ്കില്‍ സന്തോഷം തന്നെ. അത് എന്റെ സിനിമ, അല്ലെങ്കില്‍ നമ്മുടെ സിനിമ എന്നുള്ളതല്ല. ഏതൊരു ഇന്‍ഡസ്ട്രി ആണെങ്കിലും അതൊരു പ്രശ്‌നത്തില്‍ കിടക്കുമ്പോള്‍ അത് തിരിച്ച് വരേണ്ടത് ഒരു സൊസൈറ്റിയുടെ ആവശ്യമാണ്. ഫിലിം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. ഇന്‍ഡസ്ട്രി തിരിച്ച് വരുമ്പോള്‍, അല്ലെങ്കില്‍ അതിന് ഉണര്‍വ് ഉണ്ടാകുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ സത്യത്തില്‍ ആ കുടുംബങ്ങള്‍ കൂടിയാണ്. അപ്പോള്‍ അത് അനിവാര്യമായ ഒരു കാര്യമാണ്. അതിന് നമ്മുടെ പടം ഒരു കാരണമായെങ്കില്‍ വളരെ സന്തോഷം.

ദൃശ്യം ഹിന്ദി വേര്‍ഷന്‍ കണ്ടിരുന്നോ, ആദ്യ ഭാഗവും രണ്ടാം ഭാഗവും ?

ദൃശ്യം ഹിന്ദി വേര്‍ഷന്‍ ഒന്നാം ഭാഗം കണ്ടിരുന്നു. രണ്ടാം ഭാഗം റിലീസ് ചെയ്യുന്ന സമയത്ത് ഞാനിവിടെ മൊറോക്കോയില്‍ 'റാം' സിനിമയുടെ ഷൂട്ടിലാണ്. അതിനാല്‍ എനിക്ക് കാണാന്‍ പറ്റിയില്ല. തിരിച്ച് വന്നതിന് ശേഷമേ സിനിമ കാണാന്‍ കഴിയുകയുള്ളു.

ദൃശ്യം മൂന്നാം ഭാഗം മലയാളവും ഹിന്ദിയും ഒന്നിച്ച് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ബോളിവുഡില്‍ നിന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്, അതിലെ വസ്തുത എന്താണ് ?

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിന്തകള്‍ തുടങ്ങിയിട്ടേ ഉള്ളു. അത് എന്താകും എങ്ങനെയാകും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. പിന്നെ അത് ഒന്നിച്ചാണ് റിലീസ് ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും ഞങ്ങള്‍ ആരും ആരുമായിട്ടും ചര്‍ച്ച ചെയ്തിട്ടില്ല. അത് ഏതെങ്കിലും മീഡിയ എഴുതിയതായിരിക്കാം. എനിക്ക് അതിനെ കുറിച്ചറിയില്ല. കാരണം അങ്ങനെ ഒരു ഡിസ്‌കഷന്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിട്ടില്ല.

അജയ് ദേവ്ഗണിനെ നായകനാക്കി ദൃശ്യം മൂന്നാം ഭാഗം ഹിന്ദിയില്‍ പാന്‍ ഇന്ത്യാ ലെവലില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യണം എന്ന് കമന്റുകള്‍ വരുന്നുണ്ട്. അതിനെ കുറിച്ച്..

പാന്‍ ഇന്ത്യ ആയിട്ട് ഹിന്ദിയില്‍ ഞാന്‍ തന്നെ ചെയ്യണം എന്നതൊക്കെ ഓരോരുത്തര്‍ അവരുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും പറയുന്നതാണ്. അതൊന്നും നമ്മള്‍ അല്ലല്ലോ തീരുമാനിക്കുന്നത്. അതൊക്കെ സംഭവിക്കട്ടെ. മൂന്നാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം സംഭവിക്കട്ടെ. അത് കഴിഞ്ഞ് നമുക്ക് എങ്ങനെ കാര്യങ്ങള്‍ വരുന്നു എന്നുള്ളത് അപ്പോള്‍ നോക്കാം.

ഒരു സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് ഒന്നാം ഭാഗം പോലെ സക്സസ് ആവുക അപൂര്‍വമാണ്. ജീത്തുവിനോട് ചോദിച്ചാല്‍ എന്താണ് ദൃശ്യം ഫിനോമിനം ?

സിനിമയുടെ ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗം വിജയിക്കുക എന്നത് അപൂര്‍വമായി സംഭവിക്കുന്ന കാര്യം ആണെന്നാണ് പറയുന്നത്. എനിക്കറിയില്ല. ദൈവാനുഗ്രഹം അത്രയേ പറയാന്‍ പറ്റുകയുള്ളു. ഈ കഥകളും തിരക്കഥകളുമെല്ലാം നമ്മുടെ ചിന്തകളില്‍ നിന്ന് വരുന്നതാണല്ലോ. നല്ല ചിന്തകള്‍ കിട്ടുന്നു. അതുകൊണ്ട് നമുക്ക് സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറ്റുന്നു. അതെല്ലാം ഒരു ദൈവാനുഗ്രഹം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ദൃശ്യം മൂന്നാം ഭാഗം എന്നത്തേക്ക് പ്രതീക്ഷിക്കാം ?

ആ ചോദ്യത്തിന് മറുപടി പറയാന്‍ എനിക്ക് ആകില്ല. കാരണം അത് ദൈവത്തിന് മാത്രമേ പറയാന്‍ പറ്റുള്ളു. എന്നത്തേക്ക് ആകും, ഉണ്ടോ ഇല്ലയോ ഇതൊന്നും എനിക്ക് അറിയില്ല. ഞാന്‍ അതിന്റെ സാധ്യതകള്‍ ആലോചിക്കുന്നുണ്ട്. ഒരു നല്ല സംഭവം കിട്ടുകയാണെങ്കില്‍ ചെയ്യും. സിനിമയുടെ ഒരു ക്ലൈമാക്‌സ് ഐഡിയ സത്യത്തില്‍ എന്റെ ആലോചനയില്‍ ഉണ്ടായിരുന്നു. മൂന്നാം ഭാഗം സംഭവിക്കുകയാണെങ്കില്‍ ഇങ്ങനെ ആയിരിക്കും അത് അവസാനിപ്പിക്കേണ്ടത് എന്നൊരു ആലോചന മനസില്‍ ഉണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞതാണ് ഇത്ര വലിയ ചര്‍ച്ച ആയതെന്ന് തോന്നുന്നു. എന്തായാലും ആലോചിക്കുന്നുണ്ട്. ഇല്ല എന്ന് പറയാന്‍ പറ്റില്ല. കാരണം ഒന്നാം ഭാഗം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരിക്കലും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. അത് പിന്നെ പലരും ഇങ്ങനെ പറഞ്ഞ് ചുമ്മാ ഒന്ന് ആലോചിച്ചപ്പോള്‍ അതിനുള്ള സാധ്യത കിട്ടി. ഒന്നാം ഭാഗം കഴിഞ്ഞപ്പോള്‍ സിനിമ തീര്‍ന്നു എന്ന് തന്നെയാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതില്‍ നിന്ന് ഒരു സെക്കന്‍ഡ് സംഭവിച്ചു. അതിനാല്‍ ഒരു മൂന്നാം ഭാഗം സംഭവിച്ച് കൂടായ്കയില്ല. പക്ഷെ, അത് ഇപ്പോള്‍ പറയാറായിട്ടില്ല.

ബോളിവുഡില്‍ നിന്ന് ദൃശ്യം സെക്കന്‍ഡ് സക്സസ് ആയപ്പോള്‍ വിളികള്‍ വരുന്നുണ്ടോ ?

അഭിനന്ദനങ്ങള്‍ അറിയിച്ച് എനിക്ക് ഒരുപാട് മെസേജസ് വന്നു. കാര്യം ഫോണ്‍ കോളുകള്‍ ഒന്നും വന്നില്ല. കാരണം ഞാന്‍ മൊറോക്കോയിലാണ്. വിളിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും. പക്ഷെ, എന്നെ വാട്‌സാപ്പില്‍ മാത്രേ കിട്ടുകയുള്ളു. എന്നെ അവിടുന്ന് ഒന്ന് രണ്ട് ഫാമിലി വാട്‌സാപ്പ് കോള്‍ ചെയ്തിരുന്നു. പിന്നെ ചിലര്‍ വിളിച്ച് 'പാപനാശ'ത്തെക്കുറിച്ച് ചോദിച്ചു. എന്തുകൊണ്ട് 'പാപനാശ'ത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നില്ല അങ്ങനെയുള്ള ചോദ്യങ്ങള്‍. ഒരുപാട് പേര് എന്നെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൊക്കെ ടാഗ് ചെയ്തിരുന്നു. അങ്ങനെയുള്ള പ്രതികരണങ്ങളാണ് ഒരുപാട് വന്നത്.

ബോളിവുഡില്‍ ഇനി ഉടന്‍ സിനിമയുണ്ടോ ?

ഒരു ഹിന്ദി സിനിമയുടെ വര്‍ക്ക് നടക്കുന്നുണ്ട്. നിലവില്‍ ഒരു കമ്പനിയുമായിട്ട് സൈന്‍ ചെയ്തു. അതിന്റെ ബാക്കി കുറച്ച് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് എപ്പോള്‍, എങ്ങനെ എന്നുള്ളത് പറയാറായിട്ടില്ല. അത് ഔദ്യോഗികമായി അനൗണ്‍സ് ചെയ്യാന്‍ ആയിട്ടില്ല. ആര്‍ട്ടിസ്റ്റ് ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല. സബ്ജക്ട് വര്‍ക്ക് ചെയ്തുകൊണ്ട് ഇരിക്കുന്നതേ ഉള്ളു. അതിനാല്‍ ആ സിനിമയെ കുറിച്ച് ഔദ്യോഗികമായി ഒന്നും പറയാന്‍ ആയിട്ടില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT