നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് സസ്പെന്‍ഡ് ചെയ്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. ഓഗസ്റ്റില്‍ പ്രഖ്യാപിച്ച 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നൃത്തസംവിധായകനുള്ള പുരസ്‌കാരം ജാനി മാസ്റ്റര്‍ക്കായിരുന്നു ലഭിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ചയാണ് അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രാലയം തീരുമാനിച്ചത്. കേസില്‍ സെപ്റ്റംബര്‍ 19നാണ് ഇയാള്‍ അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന ജാനി മാസ്റ്റര്‍ക്ക് ഒക്ടോബര്‍ 8ന് നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഹൈദരാബാദിലെ രംഗറെഡ്ഡി കോടതിയാണ് ഒക്ടോബര്‍ 6 മുതല്‍ 10 വരെ ജാമ്യം അനുവദിച്ചത്. എങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു.
പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മാസ്റ്റര്‍ക്ക് ജാമ്യം അനുവദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. സെക്ഷന്‍ 376 (2) (ലൈംഗിക അതിക്രമം), 506 (ഭീഷണിപ്പെടുത്തല്‍) കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 (ദേഹോപദ്രവം ഏല്‍പ്പിക്കുക), പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജാനി മാസ്റ്റര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടി 2019 മുതല്‍ ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഒന്നിലേറെ തവണ ഇത് തുടര്‍ന്നുവെന്നുമാണ് റായ്ദുര്‍ഗം പോലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി തന്നെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായും നര്‍സിംഗിലെ വസതിയില്‍ വെച്ച് തന്നെ പലതവണ ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. വര്‍ഷങ്ങളായി പീഡനം തുടരുകയാണെന്നും തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു.
ധനുഷ്, നിത്യ മേനോന്‍, രാഷി ഖന്ന, തുടങ്ങിയവര്‍ അഭിനയിച്ച തമിഴ് ചിത്രമായ തിരുച്ചിത്രാമ്പലത്തിലെ 'മേഘം കറുക്കാതാ' എന്ന ഗാനത്തിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്‍ ഇത്തവണത്തെ ദേശീയ അവാര്‍ഡ് നേടിയത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും മുന്‍നിര കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ജാനി മാസ്റ്റര്‍. നേരത്തെയും ജാനി മാസ്റ്റര്‍ക്ക് എതിരെ പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.