ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന നെറ്റ്ഫ്‌ലിക്‌സ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. നടന്‍ പൃഥ്വിരാജും ഡിജോ ജോസ് ആന്റണിയും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ടോപ് ടെന്നില്‍ ഒന്നാമത് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചു.
ഒടിടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ട്വിറ്ററില്‍ നിലവില്‍ ജനഗണമന എന്ന ഹാഷ്ടാഗ് ട്രെന്റിംഗാണ്. വിവിധ ഭാഷകളിലെ പ്രേക്ഷകര്‍ ചിത്രം കണ്ട് ട്വിറ്ററില്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട്. സിനിമ സംസാരിക്കുന്ന വിഷയം ഇന്ന് ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണെന്ന അഭിപ്രായമാണ് പ്രേക്ഷകരുടേത്.
ചിത്രത്തിലെ കോടതി രംഗം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ചത് വാര്‍ത്തായിരുന്നു. ദളിത് രാഷ്ട്രീയം മുതല്‍ സമകാലിക ഇന്ത്യയിലെ പല പ്രശ്‌നങ്ങളെ കുറിച്ചും ജനഗണമന ചര്‍ച്ച ചെയ്യുന്നുണ്ട്. തിയേറ്റര്‍ റിലീസ് സമയത്തും ഇതേ രീതിയില്‍ തന്നെ സിനിമയിലെ കോടതി രംഗം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദാണ് തിരക്കഥാകൃത്ത്. ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ച ചിത്രമാണ് ജനഗണമന എന്നാണ് റിലീസിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ചര്‍ച്ച. എന്നാല്‍ ജനഗണമന ഒരു പാര്‍ട്ടിക്കും എതിരെ സംസാരിക്കുന്ന സിനിമയല്ലെന്നാണ് സംവിധായകനും തിരക്കഥാകൃത്തും ദ ക്യുവിനോട് പറഞ്ഞത്. സിനിമ സംസാരിക്കുന്നത് തങ്ങളുടെ രാഷ്ട്രീയമല്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.