ജയിലർ വിക്രത്തിന്റെയും കെ ജി എഫ് 2 ന്റെയും കളക്ഷനെ മറികടക്കുമെന്നും വിക്രത്തിന് ലഭിച്ചതിനേക്കാൾ വലിയ മൊമെന്റം ആണ് ജയിലറിന് കിട്ടിയിരിക്കുന്നതെന്നും തിയറ്റർ ഉടമയും ഫിയോക് അംഗവുമായ സുരേഷ് ഷേണായ്. വിക്രം ഏകദേശം രണ്ടാഴ്ച കൊണ്ടാണ് 40 കോടിക്കടുത്ത് കളക്ഷൻ നേടിയത്. കൂടാതെ ഇത്ര വലിയ മൊമെന്റം ആദ്യ ആഴ്ചയിൽ സിനിമക്ക് ഉണ്ടായിരുന്നില്ലെന്നും സുരേഷ് ഷേണായ് പറയുന്നു. ജയിലർ ഇത്ര ഹിറ്റ് ആകുമെന്ന് കരുതിയില്ല. കഴിഞ്ഞ നെൽസൺ ഫിലിം പ്രതീക്ഷകൾ തകർത്തൊരു സിനിമ ആയിരുന്നല്ലോ. രജനികാന്തിനും കഴിഞ്ഞ സിനിമകൾ ആവറേജും ബിലോ ആവറേജും ആയിരുന്നു അതുകൊണ്ട് തന്നെ പ്രതീക്ഷ കുറവായിരുന്നെന്നും സുരേഷ് ഷേണായ് പറഞ്ഞു. പ്രതീക്ഷ ഇല്ലാതെ ആളുകൾ വന്നത്കൊണ്ട് അവർക്ക് നല്ലൊരു പ്രോഡക്റ്റ് കിട്ടിയപ്പോൾ അവർ അത് സ്വീകരിച്ചു. തിയറ്ററിന്റെയും ഷോകളുടെയും എണ്ണം കണക്കിലെടുത്ത് ഒരു 35 കോടിയോളം സിനിമക്ക് ഗ്രോസ് വരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഷേണായ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കളക്ഷൻ കിട്ടാൻ മോഹൻലാലും ഒരു ഫാക്ടർ തന്നെയാണ്. ആകെ രണ്ടു സീനേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അത് രണ്ടും വളരെ പവർഫുൾ ആണ്. അദ്ദേഹത്തിന്റെ ഇൻട്രൊഡക്ഷൻ ഒക്കെ ഒരു മലയാള സിനിമയിലും ലഭിക്കാത്ത തരത്തിലുള്ള ഇൻട്രൊഡക്ഷൻ സീൻ ആണ്.സുരേഷ് ഷേണായ്
ജയിലറിന്റെ സ്റ്റോറി സ്ക്രീൻപ്ലേ ഒക്കെ വളരെ ശ്രദ്ധയോടെയാണ് ചെയ്തിരിക്കുന്നത്. രജനികാന്തിന്റെ വയസ്സിനെ മാനിച്ചാണ് ചിത്രത്തിലെ റോൾ എഴുതിയിരിക്കുന്നത്. ഒരുപാട് വയലൻസ് ജയിലറിൽ ഉണ്ടെങ്കിലും അതിൽ രജനികാന്ത് ഫൈറ്റ് ചെയ്യുന്നില്ല. ഹെവി ലിഫ്റ്റിങ് ചെയ്യുന്നതെല്ലാം വേറെ ആൾക്കാരായിരുന്നു. നല്ലൊരു ഫ്ലോയിലാണ് സിനിമയുടെ തിരക്കഥ പോകുന്നത് ഒപ്പം ഓരോ 15 മിനിട്ടിലും കന്നഡയിൽ നിന്നും മലയാളത്തിൽ നിന്നും ഹിന്ദിയിൽ നിന്നും ഓരോ സൂപ്പർ സ്റ്റാഴ്സിനെ കൊണ്ട് വന്ന് ഇൻട്രൊഡ്യൂസ് ചെയ്തതൊക്കെ നല്ല രീതിയിലായിരുന്നെന്നും സുരേഷ് ഷേണായ് പറഞ്ഞു. അനിരുദ്ധിന്റെ മികച്ച ബാക്ഗ്രൗണ്ട് സ്കോർ ആണ് ജയിലറിലേത്. വിക്രം ആയിരുന്നു അതിന്റെ ബെഞ്ച്മാർക് ഇത് വിക്രത്തെക്കാളും മുകളിൽ പോയ ബി ജി എം ആയിരുന്നെന്നും സുരേഷ് ഷേണായ് കൂട്ടിച്ചേർത്തു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ആഗോള ബോക്‌സ് ഓഫീസില്‍ 375 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടുകൂടി തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രവുമായി ജയിലർ. സൺ പിക്‌ചേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി കളക്ഷൻ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 300 കോടി ക്ലബ്ബിൽ എത്തുന്ന നാലാമത്തെ രജിനി ചിത്രമാണ് ജയിലർ. 'എന്തിരൻ', 'കബാലി', 2.O എന്നിവയാണ് മറ്റു മൂന്ന് ചിത്രങ്ങൾ.സൺ പിക്ടഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ എത്തുന്നുണ്ട്. വര്‍മന്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രമായി വിനായകനും ചിത്രത്തില്‍ ഉണ്ട്.