സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സിനിമയില്‍ പ്രകാശ് രാജ് ഹിന്ദി സംസാരിക്കുന്ന വ്യക്തിയെ തല്ലുന്ന രംഗമാണ് വിമര്‍ശനത്തിന് കാരണമായത്.
ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ പ്രകാശ് രാജ് തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ ഹിന്ദി വിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ ആക്രമിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും ട്വിറ്ററില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
തമിഴ് ,തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലി തെലുങ്കിലും തമിഴിലും സംസാരിക്കാന്‍ പറയുന്നത്. എന്നാല്‍ ഹിന്ദി പതിപ്പില്‍ തല്ലിയ ശേഷം സത്യം പറയു എന്നാണ് പറയുന്നത്. അതേസമയം സിനിമയിലെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ പേരില്‍ താരത്തിനെ എന്തിനാണ് വിമര്‍ശിക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ചിത്രമാണ് ജയ് ഭീം. നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച് പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.