Film News

'പൃഥ്വിരാജ് ഉറച്ച നിലപാടുള്ള നടന്‍, 'അമ്മ'യുടെ നേതൃത്വത്തിലേക്ക് യുവതലമുറ വരണം': ജഗദീഷ്

ഉറച്ച നിലപാടുള്ള നടനാണ് പൃഥ്വിരാജ് എന്ന് നടന്‍ ജഗദീഷ്. മനസ്സില്‍ ഒന്ന്, പുറമെ വേണോ എന്ന രീതി പൃഥ്വിരാജിനില്ലെന്നും ജഗദീഷ് പറഞ്ഞു. 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്നവരോട് ബഹുമാനവും സ്‌നേഹവും ഉള്ള നടനാണ് പൃഥ്വിരാജ്. നിലപാടിന്റെ കാര്യത്തില്‍ സീനിയര്‍, ജൂനിയര്‍ എന്നത് നോക്കാറില്ല. അതൊരു മികച്ച ഗുണമാണെന്നും ചെറുപ്പക്കാര്‍ക്ക് ഇത് പിന്തുടരാനാകണമെന്നും ജഗദീഷ് പറഞ്ഞു. 'ഗുരുവായൂരമ്പലനടയില്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവങ്ങളെക്കുറിച്ചും നടന്‍ വേദിയില്‍ സംസാരിച്ചു.

'അമ്മ' സംഘടനയുടെ ഭരണസമിതി യുവതലമുറയ്ക്ക് കൈമാറണമെന്ന അഭിപ്രായം അംഗങ്ങള്‍ക്കുണ്ടെന്ന് പരിപാടിക്ക് ശേഷം ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. അത് പൃഥ്വിരാജ് ഏറ്റെടുക്കുമോ എന്നുള്ളത് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം 'അമ്മ' നേതൃത്വം പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തില്‍, പുതിയ സമിതി ഭരിക്കേണ്ടത് യുവതലമുറയാണ് എന്ന പ്രസ്താവനയുമായി ഒരു വിഭാഗം അഭിനേതാക്കള്‍ മുന്നോട്ട് വന്നിരുന്നു.

ജഗദീഷ് പറഞ്ഞത്:

മുതിര്‍ന്നവരോട് സ്‌നേഹവും ബഹുമാനവുമുള്ള നടനാണ് പൃഥ്വിരാജ്. പക്ഷെ നിലപാടിന്റെ കാര്യം വരുമ്പോള്‍ മനസ്സില്‍ ഒന്ന്, പുറത്ത് വേറൊന്ന് എന്ന രീതി പൃഥ്വിരാജിനില്ല. പൃഥ്വിരാജിന്റെ മനസ്സിലുള്ളത് മുഖത്ത് നിന്ന് വായിച്ചെടുക്കാനാകും. അതൊരു മികച്ച ഗുണമാണ്. അത് നിലനിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും ആ കാര്യത്തില്‍ അഭിമാനമുണ്ട്. ചെറുപ്പക്കാര്‍ക്ക് പൃഥ്വിരാജിനെ പിന്തുടരാന്‍ കഴിയുന്ന കാര്യവും അതാണ്. വളരെ ദൃഢമായ ഒരു മനോഭാവം സൂക്ഷിക്കുക എന്നുള്ളത്. ജഗദീഷേട്ടന്‍ ആയാലും ബൈജു ചേട്ടന്‍ ആയാലും ഇഷ്ടപ്പെടാത്ത കാര്യം തുറന്നു പറയാന്‍ കഴിയണം.

യുവതലമുറയിലേക്ക് അധികാരം കൈമാറണം എന്നാണ് അമ്മയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. പൃഥ്വിരാജ് നേതൃത്വ നിരയിലേക്ക് വരുമോ എന്നുള്ളത് അദ്ദേഹം തന്നെ പറയേണ്ട കാര്യമാണ്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള സമീപനത്തില്‍ 'അമ്മ' സംഘടനയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന്‍ പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പാര്‍വതിക്കു മുന്‍പ് തനിക്ക് സിനിമയില്‍ തൊഴില്‍ വിലക്ക് നേരിട്ടിട്ടുണ്ട് എന്നും തൊഴില്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകണം എന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT