ട്രാഫിക്ക് ഒരു നോൺ ലീനിയർ ഫോർമാറ്റിലുള്ള സിനിമയായതുകൊണ്ട് വാക്കാൽ പറഞ്ഞ് മനസ്സിലാക്കാനും ഫലിപ്പിക്കാനും ബുദ്ധിമുട്ടായിരുന്നുവെന്ന് ബോബി സഞ്ജയ് ദ ക്യു ഷോ ടൈമിൽ പറഞ്ഞു. ചെന്നൈയിൽ നടന്ന ഒരു സംഭവമാണ് ട്രാഫിക്കിന്റെ കഥയ്ക്ക് കാരണമായതെന്നും ബോബി സഞ്ജയ് പറഞ്ഞു.
ബോബി സഞ്ജയിയുടെ വാക്കുകൾ
ട്രാഫിക്ക് പോലെയൊരു സിനിമ നിർമ്മാതാക്കളെയും അഭിനേതാക്കളെയും പറഞ്ഞ് ബോധ്യപ്പെടുത്തുവാൻ ബുദ്ധിമുട്ടായിരുന്നു. ട്രാഫിക്കിന്റെ കഥ ഒറ്റ വരിയിൽ പറഞ്ഞാൽ ഒരു ഹൃദയം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നു. അതാണല്ലോ അതിന്റെ കഥ. ട്രാഫിക്കിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഓരോരുത്തരോടും സിനിമയുടെ കഥ പറയുമ്പോൾ ഞങ്ങളെന്താണ് സിനിമയിൽ എന്ന സംശയം അവർക്കോരോരുത്തർക്കുമുണ്ടാകാം. ഒരു നോൺ ലീനിയർ ഫോർമാറ്റിലുള്ള കഥയായതുകൊണ്ട് തന്നെ ഒരാളോട് വാക്കാൽ പറഞ്ഞു മനസ്സിലാക്കാനോ പറഞ്ഞു ഫലിപ്പിക്കാനോ പാടാണ്.
ട്രാഫിക്കിന്റെ കഥയ്ക്ക് ആദ്യത്തെ ഇൻസ്പിരേഷൻ ചെന്നൈയിൽ നടന്നൊരു സംഭവത്തിൽ നിന്നാണ്. ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക് നിശ്ചിത സമയത്തിനുള്ളിൽ ഹൃദയമെത്തിച്ച സംഭവമായിരുന്നു അത്. അത് മാത്രമായിരുന്നു നമ്മുടെ കയ്യിലുള്ള റോ മെറ്റീരിയൽ. അതിൽ നിന്നുമാണ് രാജേഷ് പിള്ളയുമായിരുന്ന് വേറെയൊരു റൂട്ടിൽ ആ കഥയുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത അവിടെയിവിടെ ചിതറിക്കിടക്കുന്ന കുറെ മനുഷ്യർ, ഒരു ദിവസം ഒറ്റയടിക്ക് ചില സാഹചര്യങ്ങൾ അവരെ കണക്ട് ചെയ്തു. ഈ കഥ പറഞ്ഞാൽ എങ്ങനെയിരിക്കും എന്നതാണ് ഞങ്ങൾക്ക് തോന്നിയൊരു റൂട്ട്. അങ്ങനെയാണ് ട്രാഫിക്കുണ്ടാകുന്നത്.