മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ബ്യാരി മോഷണമാണെന്ന് മംഗലാപുരം അഡീഷണല്‍ ഡിസ്ട്രിക്ട് കോടതി. കെ പി സുവീരന്‍ സംവിധാനം ചെയ്ത സിനിമ സാറാ അബൂബക്കറിന്റെ നോവലിന്റെ മോഷണമാണെന്നാണ് കോടതി വിധി. സിനിമയുടെ പ്രദര്‍ശനം വിലക്കിയ കോടതി വിചാരണാ കാലയളവിലെ പലിശയുള്‍പ്പെടെ രണ്ട് ലക്ഷം രൂപാ നോവലിസ്റ്റിന് നല്‍കണമെന്നും വിധിച്ചു.
ചന്ദ്രഗിരിയ തീരദള്ളി എന്ന തന്റെ നോവലിനെ ആധാരമാക്കിയാണ് ചിത്രമെന്ന് അവകാശപ്പെട്ടാണ് സാറാ അബൂബക്കര്‍ കോടതിയെ സമീപിച്ചത്. 2011ലാണ് ബ്യാരി ഭാഷയില്‍ വന്ന സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഈ ഭാഷയിലെ ആദ്യ ചിത്രവുമാണ് ബ്യാരി. അല്‍ത്താഫ് ഹുസൈന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
നോവലിസ്റ്റിന്റെ അനുമതിയില്ലാതെ നോവല്‍ ചലച്ചിത്രമാക്കിയെന്ന് കാട്ടിയാണ് സാറാ അബൂബക്കര്‍ കോടതിയെ സമീപിച്ചിരുന്നത്. ബൗദ്ധിക സ്വത്താവകാശ നിയമത്തിന്റെ ലംഘനമാണ് നിര്‍മ്മാതാവും
സംവിധായകനും നടത്തിയതെന്ന് കോടതി കണ്ടെത്തി. ലങ്കേഷ് പത്രികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച നോവലാണ് ചന്ദ്രഗിരിയ തീരദള്ളി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയുമായിരുന്നു ഇത്.
ബ്യാരി വിഭാഗത്തിലെ പെണ്‍കുട്ടിയുടെ വിവാഹമോചനം പ്രമേയമാക്കിയാണ് സിനിമ. നാടകപ്രവര്‍ത്തകനായ സുവീരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമായിരുന്നു ബ്യാരി. മല്ലിക കേന്ദ്രകഥാപാത്രമായ സിനിമയില്‍ മാമുക്കോയും പ്രധാന റോളിലുണ്ടായിരുന്നു.