ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്സി പന്നു, സംവിധായകനും നിര്‍മ്മാതാവുമായ വികാസ് ബഹല്‍, മധു മന്തേന എന്നിവരുടെ വീടുകളിലും വസ്തുവകകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 2018 ല്‍ പിരിച്ചുവിട്ട അനുരാഗ് കശ്യപിന്റെ നേതൃത്വത്തിലുള്ള ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിശദീകരണം. മുംബൈയിലെ പ്രശസ്തമായ സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സികളിലും റെയ്ഡ് നടക്കുന്നുണ്ട്.
അനുരാഗ് കശ്യപ്, സംവിധായകന്‍ വിക്രമാദിത്യ മോട്വാനെ, നിര്‍മ്മാതാവ് മധു മന്തേന, വികാസ് ബഹല്‍ എന്നിവര്‍ ചേര്‍ന്നാണ് മുംബൈയില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഫാന്റം ഫിലിംസ് രൂപീകരിച്ചത്. വികാസ് ബഹലിനെതിരെ ലൈംഗികാതിക്രമണ പരാതി വന്നതിന് പിന്നാലെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഫാന്റം ഫിലിംസ് നിര്‍മ്മിച്ച മന്‍മാര്‍സിയാനില്‍ തപ്സി പന്നു അഭിനയിച്ചിരുന്നു. ബോളിവുഡില്‍ പല പ്രധാന പ്രൊജക്ടുകളും ഫാന്റം ഫിലിംസ് നിര്‍മ്മിച്ചിരുന്നു.
ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട ആളുകളുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 22 ഇടങ്ങളിലായാണ് റെയ്ഡ്. 2011 മുതല്‍ 2018 വരെയായിരുന്നു ഫാന്റം ഫിലിംസിന്റെ പ്രവര്‍ത്തനം. ലൂട്ടേര, മസാന്‍, ഉഠ്താ പഞ്ചാബ്, രമണ്‍ രാഘവ് തുടങ്ങിയ സിനിമകള്‍ ഫാന്റം നിര്‍മ്മിച്ചവയാണ്.
കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്നവരാണ് സംവിധായകന്‍ അനുരാഗ് കശ്യപും നടി തപ്സി പന്നവും. സംഘപരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയും ഇരുവരും പരസ്യ നിലപാടെടുത്തിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് റെയ്‌ഡെന്നും ആരോപണമുയരുന്നുണ്ട്. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഐടി റെയ്‌ഡെന്ന് സാമൂഹ്യമാധ്യമങ്ങളിലും പ്രതികരണമുയരുന്നുണ്ട്.