രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ചിത്രത്തിൽ രജിനികാന്തിനൊപ്പം മാത്യു എന്ന കഥാപാത്രവുമായി മോഹൻലാലും ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്. മോഹൻലാലിനെ വച്ച് ഒരു മുഴുനീള സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി അദ്ദേഹത്തിന്റെ ഡേറ്റ് ചോദിച്ചിട്ടുണ്ടെന്നും നെൽസൺ പറയുന്നു. ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് നെൽസൺ ഇതിനെക്കുറിച്ച് പറഞ്ഞത്.
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിനും ലുക്കിനും ഏറെ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ വച്ച് ഒരു സ്പിൻ ഓഫ് സിനിമ വേണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്ന സമയത്താണ് നെൽസൺന്റെ ഈ പ്രസ്താവന. ജിഷാദ് ഷംസുദ്ദീനാണ് മോഹൻലാലിനായി കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത്. പുലിമുരുകൻ സിനിമ കണ്ടിട്ടാണ് ജയിലറിൽ മോഹൻലാൽ സാറിന് പുലിയുടെ കോസ്റ്റ്യൂം ചെയ്യണം എന്ന ആഗ്രഹം തോന്നിയതെന്നും കോസ്റ്റ്യും ട്രയൽ നോക്കിയ സമയത്ത് മോഹൻലാൽ സാറിന് കുറച്ചു കൂടി ഇഷ്ടപ്പെട്ടത് രണ്ടാമത്തെ കോസ്റ്റ്യും ആയിരുന്നെന്നും ജിഷാദ് പറഞ്ഞു.
രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ, വസന്ത് രവി, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. കേരളത്തിലെ ജയിലറിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വിജയ്യുടെ അടുത്ത ചിത്രം ലിയോയും തിയറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.