Film News

'അനിമൽ ഞാൻ ഒരിക്കലും ചെയ്യില്ല' ; ഹോളിവുഡിൽ പ്രേക്ഷകര്‍ സിനിമയെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്താറില്ലെന്ന് താപ്‍സി പന്നു

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ എന്ന ചിത്രത്തെക്കുറിച്ച് നടി താപ്‍സി പന്നു. അനിമൽ പോലെയൊരു സിനിമ താൻ ഒരിക്കലും ചെയ്യില്ലെന്നും എന്നാൽ മറ്റ് അഭിനേതാക്കളോട് നിങ്ങൾ ഈ സിനിമകൾ ചെയ്യരുതെന്ന് പറയുന്നവരിൽ ഒരാളല്ല താനെന്നും താപ്‍സി പറഞ്ഞു. ഇത് തന്റെ മാത്രം അഭിപ്രായം ആണ്. ഓരോരുത്തർക്കും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. നമ്മുടേത് ഒരു സ്വതന്ത്ര രാഷ്ട്രമാണ്, നമുക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഹോളിവുഡിനേയും ബോളിവുഡിനേയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും, ഹോളിവുഡിൽ പ്രേക്ഷകര്‍ സിനിമ കണ്ട് താരങ്ങളുടെ ഹെയർസ്റ്റെെൽ അനുകരിക്കുകയോ സിനിമയെ യഥാർത്ഥ ജീവിതത്തിലേക്ക് പകർത്തുകയോ ചെയ്യാറില്ലെന്നും താപ്‍സി പറഞ്ഞു. രാജ് ഷാമണിയുമായുള്ള അഭിമുഖത്തിലാണ് താപ്‍സി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

താപ്‍സി പന്നു പറഞ്ഞത് :

അനിമൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ചിത്രത്തെക്കുറിച്ച് ഒരുപാട് പേർ എന്നോട് പറയുന്നുണ്ട്. ഞാൻ ഒരു തീവ്രപക്ഷക്കാരിയല്ല, അതുകൊണ്ടുതന്നെ ഞാൻ ആളുകളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യാറുണ്ട്. ഹോളിവുഡുമായി താരതമ്യം ചെയ്തുകൊണ്ട് ഗോൺ ​ഗേൾ ഇഷ്ടപ്പെട്ടെങ്കിൽ എന്തുകൊണ്ട് അനിമൽ ഇഷ്ടപ്പെടുന്നില്ല എന്ന് ഒരിക്കലും നിങ്ങള്‍ ചോദിക്കരുത്. വ്യത്യസ്തരായ പ്രേക്ഷകർക്ക് മുന്നിലാണ് നിങ്ങള്‍ ചിത്രമെത്തിക്കുന്നത്. ഹോളിവുഡിൽ, പ്രേക്ഷകര്‍ സിനിമ കണ്ട് താരങ്ങളുടെ ഹെയർസ്റ്റെെൽ അനുകരിക്കുകയോ സിനിമയെ യഥാർത്ഥ ജീവിതത്തിലേയ്ക്ക് പകർത്തുകയോ ചെയ്യാറില്ല. അവരാരും സിനിമ കണ്ട് സ്ത്രീകളെ പിന്തുടരാന്‍ തുടങ്ങില്ല. പക്ഷെ ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ആ വ്യത്യാസം മനസ്സിലാക്കുക. സമൂഹത്തിന്റെ യാഥാർത്ഥ്യം മനസ്സിൽ വച്ചുകൊണ്ട്, എനിക്ക് എന്റെ ശക്തി പ്രയോഗിക്കേണ്ടതുണ്ട്, കാരണം ബോളിവുഡ് താരവും നടനുമാകുന്നത് നിങ്ങൾക്ക് ഒരു പവർ നൽകും. ആ അധികാരത്തിനൊപ്പം ഉത്തരവാദിത്തവും ഉണ്ടാകുന്നു. അതിനാൽ ഇത് എന്റെ അഭിപ്രായമാണ്. XYZ അഭിനേതാക്കളോട് ഈ സിനിമകൾ ചെയ്യരുതെന്ന് പറയുന്നവരിൽ ഒരാളല്ല ഞാൻ. അവർക്ക് അവരുടേതായ തിരഞ്ഞെടുപ്പുണ്ട്; നമ്മൾ ഒരു സ്വതന്ത്ര രാജ്യത്താണ് ജീവിക്കുന്നത്, നമുക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സിനിമ ഞാൻ ചെയ്യില്ല എന്ന കാര്യം മാത്രമേ ഞാൻ പറയുന്നുള്ളൂ.

രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 900 കോടിക്ക് മുകളിലാണ് നേടിയത്. ചിത്രത്തിനും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കക്കും നേരെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് 'അനിമലി'ലെ രശ്മികയുടെ ഗീതാഞ്ജലിയെന്നും ഒരുപാട് പേർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അനിമൽ ഹിന്ദി സിനിമയുടെ യഥാർത്ഥ ഗെയിം ചേഞ്ചർ ചിത്രമാണെന്നും ഈ കാലഘട്ടത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന കലാകാരനാണ് സന്ദീപ് റെഡ്ഡി വാങ്കയെന്നുമാണ് സംവിധായകനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT