സിനിമകളുടെ നെഗറ്റീവുകൾ സംരക്ഷിക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് നടൻ മോഹൻലാൽ. കഴിഞ്ഞ അമ്പത് വർഷത്തോളമായി 370 സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടൻ എന്ന നിലയിൽ തന്റെ തന്നെ പല ചിത്രങ്ങളുടെയും പ്രിന്റോ നെഗറ്റീവുകളോ പോലും ഇപ്പോൾ അന്വേഷിച്ചാൽ ലഭ്യമല്ലെന്നും അതിനാൽ തന്നെ അത്തരത്തിൽ നെഗറ്റീവുകൾ സംരക്ഷിച്ച് വയ്ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മോഹൻലാൽ പറയുന്നു. "വാനപ്രസ്ഥം", "വാസ്തുഹാര", "കാലാപാനി" എന്നീ മൂന്ന് സിനിമകൾ തന്റേതായി റീസ്റ്റോർ ചെയ്യാൻ താൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണെന്നും മോഹൻലാൽ പറഞ്ഞു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പുമായി ബന്ധപ്പെട്ട് നൽകിയ കുറിപ്പിലാണ് നശിച്ചു പോകാൻ സാധ്യതയുള്ള സിനിമകളുടെ നെഗറ്റീവുകൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.
മോഹൻലാൽ പറഞ്ഞത്:
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തിരുവനന്തപുരത്ത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പ് നടത്തുകയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അതീവ സന്തോഷമാണുണ്ടായത്. വളരെക്കാലമായി കേരളത്തിലെ സിനിമാ പൈതൃകത്തെ നമ്മൾ അവഗണിച്ചു. അതിൻ്റെ ഫലമായി നമ്മുടെ അസാമാന്യമായ നിരവധി സിനിമകൾ നമുക്ക് നഷ്ടമായി. ഞാൻ അഭിനയിച്ച എൻ്റെ സിനിമകളുടെ നെഗറ്റീവുകളോ പ്രിൻ്റുകളോ പോലും ഞാൻ തിരയാൻ തുടങ്ങിയാൽ ഇപ്പോൾ കണ്ടെത്താൻ പ്രയാസമാണെന്ന് എനിക്കറിയാം. ഇത്തരത്തിലുള്ള വർക് ഷോപ്പുകൾ യഥാർത്ഥത്തിൽ നമ്മുടെ സിനിമകൾ സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും നമ്മളെ സഹായിക്കും.
കഴിഞ്ഞ 50 വർഷത്തോളമായി 370 സിനിമകളിലോളം അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ഞാൻ. അതിൽ ഇരുപത് വർഷം മുൻപ് വരെയുള്ള പല സിനിമകളും ഫിലിമിലാണ് ചിത്രീകരിച്ചത്. സിനിമയുടെ നെഗറ്റീവുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇല്ലെങ്കിൽ കാലം കഴിയും തോറും അവ നശിച്ചു പോകും. "വാനപ്രസ്ഥം", "വാസ്തുഹാര", "കാലാപാനി" എന്നീ മൂന്ന് സിനിമകൾ റീസ്റ്റോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ്.
വാസ്തുഹാരയുടെ 2K റീമാസ്റ്റർ പതിപ്പ് കേരളത്തിലെ 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. നവംബർ 7 മുതൽ 14 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പ് നടക്കുന്നത്.