പാന്‍ ഇന്ത്യന്‍ സിനിമ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ അത്തരം സിനിമകള്‍ തിരഞ്ഞെടുക്കാത്തത് കൊണ്ടോ നിര്‍മ്മാതാക്കള്‍ക്ക് താന്‍ നായകനായാല്‍ ലാഭമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് തോന്നുന്നത് കൊണ്ടോ ആയിരിക്കാം അത്തരം സിനിമകള്‍ ചെയ്യാത്തത് എന്നും ദുല്‍ഖര്‍ പറഞ്ഞു. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്:
നിങ്ങള്‍ പറയുന്ന പാന്‍ ഇന്ത്യന്‍ സിനിമ എന്താണ് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഒരുപക്ഷെ, ഞാന്‍ എന്നെ അത്തരമൊരു താരമായി കണ്ടിട്ടില്ല എന്നതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ ഒരു പക്ഷെ, ഞാന്‍ അത്തരം ഒരു മാസീവ് സിനിമ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലാത്തത് കൊണ്ടാവാം. അതുമല്ലെങ്കില്‍ അവരെന്നെ തേടി വന്നിട്ടില്ലാത്തതു കൊണ്ടോ, ഞാന്‍ അവര്‍ക്ക് ലാഭകരമാവില്ല എന്ന് തോന്നുന്നത് കൊണ്ടോ ആകാം. ഞാന്‍ കുറച്ച് കൂടെ യാഥാര്‍ഥ്യ ബോധമുള്ള ആളാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയിലും എനിക്ക് ചിന്തിക്കാനാവും. പക്ഷെ, ഞാന്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യണമെന്ന് ബോധപൂര്‍വം ചിന്തിക്കുന്ന ആളല്ല. നല്ല സിനിമകള്‍ തേടിപ്പോകാനാണ് ശ്രമിക്കാറ്.
അവിടെ അതിന്റെ വലിപ്പമോ, ബജറ്റോ അടിസ്ഥാനമാകാറില്ല. കുറച്ച് സിനിമകളിലെങ്കിലും, അല്ലെങ്കില്‍ എന്റെ സിനിമകളിലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കാണുന്നത്, കാര്യങ്ങള്‍ കുറച്ചു കൂടെ വലുതാവുന്നതും, നിര്‍മാതാക്കള്‍ കുറച്ച് കൂടെ റിസ്‌ക് എടുക്കുന്നതും അതിന് പ്രതിഫലം ലഭിക്കുന്നതുമാണ്. അതില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. ഒരു പ്രാദേശിക ആംഗിള്‍ ഇല്ലാത്ത ഇന്ത്യന്‍ കഥ വരുമെന്നും അങ്ങനെയൊരു പ്രൊജക്റ്റ് എനിക്ക് ചെയ്യാന്‍ സാധിക്കുമെന്നുമാണ് എന്റെ പ്രതീക്ഷ.
ആര്‍ ബാല്‍കി സംവിധാനം ചെയ്ത ചുപ്പാണ് അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. സിനിമ ചലച്ചിത്ര നിരൂപകരെ കൊലപ്പെടുത്തുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ്. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കര്‍വാന്‍, ദി സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ചുപ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഒടുവിലത്തെ ചിത്രം സീതാരാമം തെലുങ്ക് റിലീസ് ആയിരുന്നു. സിനിമ വേള്‍ഡ് വൈഡ് 97 കോടി രൂപ കളക്ട് ചെയ്തിരുന്നു.