69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സൗത്ത് പാനൽ-1-ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമായ തനിക്ക് മാത്രം അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണം ലഭിച്ചില്ലെന്ന് സംവിധായകന്‍ സജിന്‍ ബാബു. തനിക്കിതുവരെയും അവരുടെ ഭാഗത്ത് നിന്ന് മെയിൽ ഒന്നും വന്നിട്ടില്ല. എന്താണ് തന്നെ ക്ഷണിക്കാത്തതെന്ന് ഒരു വ്യക്തമായ കാരണം അവർ പറയുന്നില്ലെന്നും സജിൻ ബാബു പറയുന്നു. താൻ അവർക്ക് ഒഫീഷ്യൽ ഇ മെയിൽ അയച്ചു പേർസണൽ മെസ്സേജ് അയച്ചു പിന്നെ പലരും അവരെ വിളിക്കാൻ നോക്കി സംസാരിക്കാൻ നോക്കി ഒപ്പം വീണ്ടും ഡിറക്ടർക്ക് മെയിൽ അയച്ചു അതിനും മറുപടിയില്ല. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ശേഷം ഫെഫ്കയിൽ നിന്ന് വിളിച്ചിരുന്നു അവർക്ക് താനൊരു കത്ത് കൊടുത്തിട്ടുണ്ട്. അവർ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ അന്വേഷിക്കും എന്നാണ് പറഞ്ഞതെന്നും സജിൻ ബാബു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
തന്റെ സഹ ജൂറി അംഗങ്ങൾക്ക് ക്ഷണം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ കുറച്ച് ദിവസങ്ങൾ കാത്തിരുന്നു. ഔദ്യോഗിക ഇമെയിലൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, കഴിഞ്ഞ ആഴ്ച ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്ലുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ എന്റെ എല്ലാ ഫോൺ കോളുകളോടും സ്വകാര്യ സന്ദേശങ്ങളോടും ഔദ്യോഗിക ഇമെയിലുകളോടും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സജിൻ ബാബു പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയണം അത് പറയാനുള്ള മാന്യത ഒഫീഷ്യൽസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. ശരിക്കും അവർ ആണ് ഇതിന്റെ റൂൾസ് വയലേറ്റ് ചെയ്തിരിക്കുന്നത്. അവരെ മാക്സിമം കോൺടാക്ട് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടതെന്നും സജിൻ ബാബു കൂട്ടിച്ചേർത്തു.
സജിൻ ബാബു പറഞ്ഞത് :
എനിക്കിതുവരെയും അവരുടെ ഭാഗത്ത് നിന്ന് മെയിൽ ഒന്നും വന്നിട്ടില്ല. എന്താണ് എന്നെ ക്ഷണിക്കാത്തതെന്ന് ഒരു വ്യക്തമായ കാരണം അവർ പറയുന്നില്ല. ഞാൻ ഒഫീഷ്യൽ ഇ മെയിൽ അയച്ചു പേർസണൽ മെസ്സേജ് അയച്ചു പിന്നെ പലരും അവരെ വിളിക്കാൻ നോക്കി സംസാരിക്കാൻ നോക്കി ഒപ്പം ഞാൻ വീണ്ടും ഡിറക്ടർക്ക് മെയിൽ അയച്ചു അതിനും മറുപടിയില്ല. കാരണം പറയാതിരിക്കാൻ മാത്രം ഞാൻ ഒന്നും ചെയ്‌തിട്ടില്ല. KSFDC ഒരു സിനിമ നാഷണൽ അവാർഡിനായി സബ്മിറ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട്, അത് എല്ലാവരും മനസ്സിലാക്കേണ്ടത് തന്നെയാണ്. അതിന്റെ ചില തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് ഞാൻ അന്ന് ആ പോസ്റ്റിട്ടത്. അത് മൂലം സിനിമക്ക് അവാർഡ് നഷ്ട്ടപെടാൻ സാധ്യത ഉണ്ടായിരുന്നു എന്ന് മാത്രമാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഞാൻ അന്ന് ആ പോസ്റ്റിട്ടപ്പോൾ KSFDC യുടെ ചെയർമാൻ എന്നെ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ ഒരു ഇൻഫർമേഷൻ എന്ന നിലക്കാണ് അല്ലാതെ ആരെയും കുറ്റപ്പെടുത്താനല്ല പോസ്റ്റ് ഇട്ടതെന്ന് പറഞ്ഞിരുന്നു. പുള്ളിയോട് സംസാരിച്ച് ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് എനിക്ക് ദേശീയ അവാര്‍ഡ് സെല്ലിൽ നിന്ന് ഇ മെയിൽ വരുകയാണ് നിങ്ങളുടെ അംഗത്വം ബാൻ ചെയ്യും ഭാവിയിൽ നിങ്ങളെ വിളിക്കാതിരിക്കാനും സാധ്യതയുണ്ട് എന്ന് പറഞ്ഞ്. ഞാൻ അന്ന് അതിന് വ്യക്തമായ മറുപടിയും കൊടുത്തു ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ജൂറിക്ക് അകത്ത് നടന്ന ഒരു കാര്യമോ ഞാൻ പുറത്തു പറഞ്ഞിട്ടില്ല എന്ന്. പോസ്റ്റ് ഇട്ടതിന് ശേഷം ഫെഫ്കയിൽ നിന്ന് വിളിച്ചിരുന്നു അവർക്ക് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ട്. അവർ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ചെയ്യും എന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അറിയണമല്ലോ അത് പറയാനുള്ള മാന്യത ഒഫീഷ്യൽസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമല്ലോ. ശരിക്കും അവർ ആണ് ഇതിന്റെ റൂൾസ് വയലേറ്റ് ചെയ്തിരിക്കുന്നത്. അവരെ മാക്സിമം കോൺടാക്ട് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് ഞാൻ ഫേസ്ബുക് പോസ്റ്റ് ഇടുന്നത്.
കഴിഞ്ഞ ദിവസമാണ് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് സജിൻ ബാബു രംഗത്തെത്തിയത്. ജൂറി അംഗങ്ങളായ തങ്ങൾ എല്ലാവരും 20 ദിവസത്തോളം സമയവും ഊർജവും ചിലവഴിച്ചു സിനിമകൾ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്. മറ്റെല്ലാവർക്കും അവരുടെ ക്ഷണം ലഭിച്ചപ്പോൾ, തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും സജിൻ ബാബു ഫേസ്ബുക്കിൽ കുറിച്ചു.