പിരിച്ചു വച്ച വലിയ മീശയും കയ്യില്‍ തോക്കുമായി നില്‍ക്കുന്ന വീരപ്പനെ അറിയാത്ത ഇന്ത്യക്കാരുണ്ടാവില്ല. സത്യമംഗലം കാടുകളെ അടക്കി ഭരിച്ചിരുന്ന വീരപ്പന്റെ ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്സ്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന പേര് നല്‍കിയിരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്സ് പുറത്തുവിട്ടത്. ആഗസ്റ്റ് നാലിന് സ്ട്രീം ചെയ്യാനൊരുങ്ങുന്ന ഡോക്യുമെന്ററി വീരപ്പന്റെ അറിയാ കഥകളിലേക്കുള്ള യാത്രയായിരിക്കുമെന്ന് പറയുന്നു.
നവാഗതനായ സെല്‍വമണി സെല്‍വരാജാണ് നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി-സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 'ഒരു കള്ളക്കടത്തുകാരനില്‍ നിന്ന് ഒരു ഇതിഹാസ കൊള്ളക്കാരനിലേക്കുള്ള യാത്ര, രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കുപ്രസിദ്ധമായ വേട്ട'. എന്ന ടൈറ്റിലോട് കൂടിയാണ് നെറ്റ്ഫ്‌ലിക്ക്‌സ് ഡോക്യുമെന്ററിയുടെ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. ഗ്രാമീണരെ സാമ്പത്തികമായി സഹായിച്ചതിനാല്‍ ഇന്ത്യന്‍ റോബിന്‍ ഹുഡ് എന്നറിയപ്പെട്ട വീരപ്പന്റെ അറിയാ കഥകള്‍ പുറത്തു കൊണ്ടു വരുന്നതായിരിക്കും ഡോക്യുമെന്ററി എന്ന് പറയുന്നു.
ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന മിഷനിലൂടെയാണ് വീരപ്പനെ പിടികൂടിയത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ ഓപ്പറേഷനായിരുന്നു ഇത്. ഓഗസറ്റ് നാലിന് എത്തുന്ന ഡോക്യുമെന്ററി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ലഭ്യമാകും.