മമ്മൂട്ടി നായകനായെത്തുന്ന പുഴു സോണി ലിവിലൂടെ മെയ് 13ന് റിലീസിനെത്തുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയോട് ഒരു ഫുള്‍ നെഗറ്റീവ് റോള്‍ ചെയ്യുമോ എന്ന് താന്‍ ചോദിച്ചതായും അവിടെ നിന്ന് മമ്മൂട്ടി സമ്മതമറിയിച്ചത് അനുസരിച്ചാണ് പുഴുവിന്‍റെ കഥ എഴുതുന്നതെന്നും ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഹര്‍ഷദ് പറയുന്നു. പുഴു ഉണ്ടായ വഴിയെക്കുറിച്ച് ഹര്‍ഷദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നെഗറ്റീവ് ഷെയിഡിലുള്ള ക്യാരക്ടറിലൂടെയാണ് കഥ പോകുന്നതെന്ന് മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്കോപ്പുള്ളതായിരിക്കും, അല്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. അവിടെ നിന്നും നേരത്തെ മനസിലുണ്ടായിരുന്ന കഥയും തിരക്കഥയും മാറ്റിയെഴുതി പുതിയ രൂപത്തിലാക്കി. ഹര്‍ഷദ് കുറിച്ചു.
ഹര്‍ഷദിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
(പുഴു വന്ന വഴി)
ഉണ്ടയുടെ ഷൂട്ടിംഗ് തീരാറാവുന്ന ഒരു ദിവസം. മമ്മൂക്കയുമായി കുറച്ച് അടുപ്പമൊക്കെയായ ഒരു ഉച്ചനേരം, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം ചോദിച്ചു.
ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..?
കുറച്ചുനേരം എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നശേഷം മമ്മൂക്ക ചോദിച്ചു.
നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..?
അതിനുള്ള ഉത്തരം തിരക്കഥയിലൂടെ വിശദമാക്കാൻ പറ്റുമിക്കാ..
ഉം...
മമ്മൂക്ക പിന്നെയും ആലോചിച്ചു.
മുഴുവന്‍ സിനിമയും ഈ നെഗറ്റീവ് കഥാപാത്രത്തിന്റെ പെസ്‌പെക്റ്റീവിലായിരിക്കും. ഞാൻ കൂട്ടിച്ചേർത്തു.
ഓഹോ... ! അപ്പോ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്കോപ്പുള്ളതായിരിക്കും അല്ലേ.. ?
നാല് പതിറ്റാണ്ടിലേറെ വിവിധങ്ങളായ കഥാപാത്രങ്ങളെ ലോകത്തിന് മുന്നിൽ അവിസ്മരണീയമാക്കിയ ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.
യെസ്, തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടമായിരിക്കും സിനിമ!!
ഞാൻ തുടർന്ന് പറഞ്ഞു.
"എന്നാൽ ചെയ്യാം, എഴുതിക്കോളൂ.. "
ഇതായിരുന്നു തുടക്കം.
കഴിഞ്ഞ കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന കഥ, പല തരത്തില്‍ പല ഫോമില്‍ മാറ്റി മാറ്റി എഴുതിക്കൊണ്ടേയിരുന്ന തിരക്കഥ, അങ്ങിനെ വീണ്ടും മാറ്റി എഴുതാന്‍ തീരുമാനിച്ചു. ഇത്തവണ സുഹൃത്തുക്കളായ ഷറഫുവിനെയും സുഹാസിനെയും കൂടെ കൂട്ടി. എഴുത്തങ്ങനെ ജോറായികൊണ്ടിരിക്കെ അണ്ഡകടാഹം മൊത്തം കൊറോണയിലായി, മാലോകരുടെ സകലമാന പ്ലാനുകളും അവതാളത്തിലായി!
കൊറോണയൊക്കെ കഴിഞ്ഞ് സിനിമാ ഷൂട്ടിംഗുകൾ പുനരാരംഭിച്ചെങ്കിലും രത്തീനക്ക് വേണ്ടി മമ്മൂക്കയുടെ നിർദ്ദേശപ്രകാരം മുമ്പ് ഞാനെഴുതിക്കൊടുത്ത മറ്റൊരു തിരക്കഥ ( അതൊരു വലിയ ക്യാൻവാസിലുള്ള റോഡ് മൂവിയായിരുന്നു) ഇപ്പോഴൊന്നും നടപടിയാവില്ലാന്ന് കണ്ടപ്പോൾ മമ്മൂക്കയുമായുള്ള ആലോചനക്ക് ശേഷം, ഞങ്ങൾ അപ്പൊഴും പേരിട്ടിട്ടില്ലാതിരുന്ന 'പുഴു'വിലെത്തി.
പാർവ്വതി തിരുവോത്ത് കൂടെ ചേരുന്നു. ജോർജേട്ടനും രാജേഷും ശ്യാമും റെനീഷും നിർമാതാക്കളായി വരുന്നു. മമ്മൂക്കയുടെ വീട്ടിൽ രണ്ട് ദിവസം അടുപ്പിച്ചിരുന്ന് തിരക്കഥാ വായനയും ചർച്ചയും നടത്തിയതോടെ പുഴുവിന് ജീവൻ വെച്ചു. പുഴു ചലിക്കാൻ തുടങ്ങി.
പുഴുവിന് ഒരുപാട് അർത്ഥങ്ങളും നാനാർത്ഥങ്ങളും ഉണ്ടാവാം. പക്ഷേ അതിലേറ്റവും മികച്ച അർത്ഥം പുഴു എന്നു തന്നെയാണ്! പുഴു ഒരു ചെറിയ ജീവിയാണ്, പുഴു ഒരു ചെറിയ സിനിമയുമാണ്. കാലങ്ങളും ദേശങ്ങളും താണ്ടി അതങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഈ മാസം 13 മുതൽ നിങ്ങളുടെ വിരൽതുമ്പിലെത്തുകയാണ്; SonyLIV ലൂടെ.
അനുഗ്രഹിക്കുക ആശിര്‍വദിക്കുക..❤
ഹര്‍ഷദിന്‍റെ കഥക്ക് കഥാകൃത്ത്, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് റത്തീനയാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസാണ് പുഴു. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്തും ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.