സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാഹനാപകട വീഡിയോയില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. കാര്‍ ഓടിച്ച് പോകുന്നതിനിടക്ക് അപകടമുണ്ടായി എന്നത് ശരിയാണ്. വണ്ടി നിര്‍ത്താതെ പോയതാണ് തങ്ങള്‍ ചെയ്ത തെറ്റെന്നും ഗായത്രി വീഡിയോയില്‍ പറയുന്നു. നടുറോഡില്‍ വെച്ച് ഗായത്രിയെയും സുഹൃത്തിനെയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന വീഡിയോയാണ് വൈറലായത്.
ഗായത്രിയുടെ വാക്കുകള്‍:
'എന്റെ ഒരു വിഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ പങ്കുവയ്ക്കുന്നത്.
ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഞങ്ങളുടെ വണ്ടിയില്‍ മറ്റൊരു വണ്ടി തട്ടി, സൈഡ് മിറര്‍ പോയി. പെട്ടന്നുണ്ടായ ടെന്‍ഷന്‍ കാരണം ഞങ്ങള്‍ വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആളുകള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ചാണ് നിര്‍ത്താതിരുന്നത്. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു. ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ അവര്‍ വിട്ടില്ല. ഒടുവില്‍ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. മറ്റൊരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്‍ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആര്‍ക്കും അപകടം പറ്റിയിട്ടില്ല.'
ഇവര്‍ പിന്തുടര്‍ന്നുപിടിക്കുമെന്ന് ഞങ്ങള്‍ വിചാരിച്ചില്ല. ഇവര്‍ പുറകെ വരുന്നത് കണ്ടപ്പോള്‍ നമ്മളും സ്പീഡില്‍ പാഞ്ഞു. സിനിമയിലൊക്കെ കാണുന്നതുപോലെ ചേസിങ് ആണ് ഉണ്ടായത്. എല്ലാകാര്യങ്ങളും അവസാനം പറഞ്ഞുതീര്‍ത്തു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഉണ്ടായ തെറ്റാണ് അപകടത്തില്‍ കലാശിച്ചത്. ആര്‍ക്കും മറ്റു പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടം ജീവിതത്തില്‍ സംഭവിക്കും. അതിനെ എങ്ങനെ നേരിടും എന്നതാണ് വെല്ലുവിളി.'