Film News

'ഇത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണവും അടിച്ചമര്‍ത്തലും'; മുഖ്യമന്ത്രിയോട് ട്രോളുകള്‍ നിരോധിക്കാന്‍ ഗായത്രി സുരേഷ്

സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കുമെതിരെ നടി ഗായത്രി സുരേഷ്. ഇത്തരത്തിലുള്ള ട്രോളുകളും വീഡിയോകളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണമാണെന്ന് ഗായത്രി പറയുന്നു. കേരളത്തില്‍ നിന്ന് ട്രോളുകള്‍ നിരോധിക്കണമെന്ന് താരം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഗായത്രിയുടെ പ്രതികരണം.

ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അയാളെ അടിച്ചമര്‍ത്താനുള്ള പ്രവണതയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇതൊരിക്കലും തന്റെ മാത്രം പ്രശ്‌നമല്ല. ട്രോളുകള്‍ ഒരാളെ മാനസികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് കേരളത്തെ നശിപ്പിക്കാനുള്ള കരുത്തുണ്ടെന്നും ഗായത്രി പറയുന്നു.

ഗായത്രി സുരേഷ് പറഞ്ഞത്:

'എനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന രണ്ട് യൂട്യൂബ് ചനലുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ ലൈവ് വന്നിരിക്കുന്നത്. 'കട്ട്', സിനിമ മലയാളം എന്നീ രണ്ട് യൂട്യൂബ് ചാനലുകളാണ് പ്രചരണങ്ങള്‍ നടത്തുന്നത്. ഇതെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം, മാനനഷ്ടം എന്നീ വകുപ്പുകളിലും ഇത്തരം പ്രചരണങ്ങള്‍ ഉള്‍പ്പെടും. എന്നെക്കൊണ്ട് വെറുതെ കേസ് കൊടുപ്പിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്.

പിന്നെ ഈ ട്രോളുകളും അത്ര നല്ലതൊന്നുമല്ല. ഇതിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം ആളുകളെ പരിഹസിക്കുക എന്നതാണ്. സോഷ്യല്‍ മീഡിയ തുറന്നു കഴിഞ്ഞാല്‍ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഒരുതരത്തിലുള്ള അടിച്ചമര്‍ത്തല്‍ തന്നെയാണിത്. ഈ തലമുറയുടെ കാര്യം പോട്ടെ. ഇനി വരുന്ന തലമുറ കണ്ടു പഠിക്കുന്നതും ഈ ആക്രമണ സ്വഭാവമാണ്.

ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍, അയാളെ അടിച്ചമര്‍ത്താനുള്ള പ്രവണതയാണ് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്നത്. അതല്ല വേണ്ടത്, മറിച്ച് മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന സമൂഹമാണ് വേണ്ടത്. ഞാന്‍ ഈ പറയുന്നത് എവിടെയെത്തും എന്നറിയില്ല. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അത്രമാത്രം എന്നെ അടിച്ചമര്‍ത്തിക്കഴിഞ്ഞു. ഇനി സിനിമ കിട്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല.

എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും നടപടികളും എനിക്ക് ഇഷ്ടമാണ്. സാറിത് കേള്‍ക്കും എന്നു വിശ്വസിക്കുന്നു. സാറിന്റെ അരികില്‍ ഈ സന്ദേശം എത്തും. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ജീവിതത്തെ ഭരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ലഹരിമരുന്നില്‍ നിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമല്ലേ? അപ്പോള്‍ ട്രോളുകളില്‍ നിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? ട്രോള്‍ വരും പിന്നെ കമന്റ് വരും. ആ കമന്റ് കാരണം ആളുകള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാവുകയാണ്.

ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഇന്നലെ ഫെയ്‌സ്ബുക് നോക്കുമ്പോള്‍ എല്ലാത്തിനും താഴെ വൃത്തികെട്ട കമന്റുകളാണ്. സാറിനു കഴിയുമെങ്കില്‍ നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയില്ലേ, ഇവിടെ നമുക്ക് എലിയെ ചുടാം. സാറ് വിചാരിച്ചാല്‍ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തെയും കമന്റ് സെക്ഷന്‍ ഓഫ് ചെയ്ത് വെക്കണം. യൂട്യൂബിലെയും ഫെയ്‌സ്ബുക്കിലെയും കമന്റ്‌സ് നീക്കാന്‍ പറ്റില്ലെങ്കില്‍ ട്രോളുകള്‍ എങ്കിലും നിരോധിക്കണം സര്‍. എന്തെങ്കിലുമൊന്ന് ചെയ്യണം. ആളുകള്‍ക്ക് ഒരു ഭയം വരണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്‌നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്.

ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കണം. 'ട്രാഫിക്' എന്ന സിനിമയില്‍ പറയുന്നതുപോലെ, നിങ്ങള്‍ എന്നെ ഇപ്പോള്‍ പിന്തുണച്ചില്ലെങ്കില്‍ മറ്റുള്ള ദിവസം പോലെ ഈ ദിവസവും കടന്നുപോകും. എനിക്കൊരുപാട് ട്രോളുകള്‍ വരും. ഇനിയും അടിച്ചമര്‍ത്തും. ഞാന്‍ അതിനു തയാറാണ്. അതിനുള്ള വൈറ്റമിന്‍സ് എന്റെ ശരീരത്തിലുണ്ട്. പക്ഷേ എന്നെ പിന്തുണച്ചാല്‍ സമൂഹത്തില്‍ ഒരുപാട് മാറ്റംവരും. സമൂഹമാധ്യമങ്ങളിലെ ഒന്നോരണ്ടോ ലക്ഷം ആളുകളല്ല കേരളം. ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. ഇങ്ങനെയൊരു ലൈവ് വരുന്ന കാര്യം എന്റെ അമ്മയ്‌ക്കോ സഹോദരിക്കോ അറിയില്ല. ആറുമാസം എന്നോട് മിണ്ടാതിരിക്കാനാണ് അവര്‍ പറഞ്ഞത്. പക്ഷേ ഇക്കാര്യം പറയണം എന്ന് എനിക്ക് തോന്നി.'

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT