ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ധ്രുവനച്ചത്തിര'ത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. 2017 പ്രഖ്യാപിച്ച ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ നാല് വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു.
ചിത്രം റിലീസ് ചെയ്യാന്‍ നാല് വര്‍ഷം നീണ്ടതോടെ 'ധ്രുവനച്ചത്തിര'വുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതേ രീതിയില്‍ തന്നെയായിരുന്നു ധനുഷ് നായകനായ 'എനൈ നോക്കി പായും തോട്ട' എന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രവും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ധനുഷ് ചിത്രം റിലീസ് ചെയ്തത്.
നാല് വര്‍ഷത്തെ ഇടവേളയില്‍ വിക്രം 'കോബ്ര', 'പൊന്നിയന്‍ ശെല്‍വന്‍', 'മഹാന്‍' എന്നീ ചിത്രങ്ങള്‍ ചെയ്തു. 'പൊന്നിയിന്‍ സെല്‍വന്‍' ചിത്രീകരണത്തിന് ശേഷം 'ധ്രുവനച്ചത്തിര'ത്തിന്റെ ഡബ്ബിങ്ങിനായി വിക്രമിനെ ഗൗതം വാസുദേവ് മേനോന്‍ വിളിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഡബ്ബിങ്ങ് ചെയ്യുകയുള്ളു എന്നാണ് വിക്രം അറിയിച്ചത്. ഇത് തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.
നിലവില്‍ ഗൗതം വാസുദേവ് മേനോന്‍ ചിമ്പുവിനെ നായകനാക്കി 'വെന്തു തണിന്തത് കാട്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഇതിന് ശേഷം 'ധ്രുവനച്ചത്തിര'ത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് സൂചന. സി.ഐ.എ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ധ്രുവനച്ചത്തിരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. റിതു വര്‍മ്മ, പാര്‍ത്ഥിപന്‍, ഐശ്വര്യ രാജേഷ്, സിമ്രാന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.