മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിട്ടും ടൈറ്റില്‍ കാര്‍ഡില്‍ പേര് വരാത്തതിനെക്കുറിച്ച് പ്രതികരിച്ച് ഗായകന് ജി വേണുഗോപാല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗായകന് തെറ്റ് ചൂണ്ടിക്കാണിച്ചത്. സിനിമയിലെ 'അക്കുത്തിക്കുത്താനക്കൊമ്പില്‍' എന്നു തുടങ്ങുന്ന ഗാനം പാടിയത് ചിത്രയും സുജാതയും വേണുഗോപാലും ചേര്‍ന്നാണ്. ചിത്രത്തിന്റെ പഴയ പ്രിന്റിലെ ടൈറ്റില്‍ കാര്‍ഡില്‍ വേണുഗോപാലിന്റെ പേര് വിട്ടുപോയിരുന്നു. ഇപ്പോള്‍ റിലീസായ ടൈറ്റില്‍ കാര്‍ഡിലും ഈ പിഴവുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പിന്നിലുള്ള ഓര്‍മ്മകളും കുറിപ്പിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ പ്രിന്റില്‍ തെറ്റ് തിരുത്തിയിട്ടില്ല. എന്നാല്‍ തന്റെ ശബ്ദം സിനിമയിലുണ്ട്. ഓര്‍മ്മകള്‍ക്ക് പകരമാകാന്‍ ഒരു ടൈറ്റില്‍ കാര്‍ഡിനും ആകില്ലെന്നും ആരോടും പരിഭവമില്ലന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റല്‍ പ്രിന്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റില്‍ കാര്‍ഡില്‍ പാടിയ എന്റെ പേരും കൂടി ചേര്‍ക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിന്റിലും എന്റെ പേരില്ല. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകര്‍ കോളമുകള്‍ എഴുതുന്നു, എഴുതാന്‍ എന്നെയും നിര്‍ബ്ബന്ധിക്കുന്നു.തല്ക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ല. 'ഓര്‍മ്മച്ചെരാതുകള്‍ ' എന്ന എന്റെ സംഗീത സ്മരണകള്‍ രണ്ടാം വോള്യം ഇറങ്ങുമ്പോള്‍ പറയാന്‍ അത് ബാക്കി വയ്ക്കുന്നു.
എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. ' അക്കുത്തിക്കുത്താനക്കൊമ്പില്‍ ' എന്നു തുടങ്ങുന്ന ഗാനം സിനിമയില്‍ മണിച്ചിത്രത്താഴിനുള്ള താക്കോല്‍ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാന്‍ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയില്‍ ഉള്‍പ്പെടുത്തി നോക്കിയപ്പോള്‍ Dr. Sunny യുടെ രംഗപ്രവേശം ഇന്റര്‍വെല്‍ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. Sunny ഇന്റര്‍വെല്ലിന് മുന്‍പ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈട്ടില്‍ ഗാനമാക്കാന്‍ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു. ഇപ്പൊഴും വിട്ടു പോയി. അത്രേയുള്ളൂ.
മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ നിരവധിയുണ്ട്. ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ലീവ് സാംക്ഷന്‍ ചെയ്യേണ്ടത്. കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണന് ചേട്ടന് ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. 'ഞാനൊരു ആയുര്‍വ്വേദ ചികിത്സയ്ക്ക് പോകുന്നു. എനിക്കീ സിനിമയില്‍ നിന്നൊന്ന് രക്ഷപ്പെടണമെടാ'. വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടന് ''അവര്‍ വിടുന്നില്ല, വീണ്ടുമിരിക്കാന്‍ പോവുകയാണ്'.
ഇതിലെ പാട്ടുകളുടെ ഡീറ്റയില്‍സ് എല്ലാം എനിക്ക് മന:പാഠം. കുന്തളവരാളി രാഗത്തിലെ 'ഭോഗീന്ദ്രശായിനം പുരുകുശലദായിനം' എങ്ങനെ 'ഒരു മുറൈ വന്ത് പാര്‍ത്തായ' യില്‍ സന്നിവേശിപ്പിച്ചു എന്നും, 'വഞ്ചിഭൂമീപതേ ചിര' മില്‍ നിന്ന് ' അംഗനമാര്‍ മൗലീമണി ' ഉണ്ടായതും രാധാകൃഷ്ണന് ചേട്ടന് രസകരമായി പാടിപ്പറയുന്ന ഓര്‍മ്മകള്‍. ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടില്‍ വിളക്കിചേര്‍ക്കുന്ന സംഗീത മാജിക്ക്, ഇതൊക്കെ കേള്‍ക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ട് പോകുന്നു. ചേട്ടന്റെ വീട്ടില്‍ ഹാര്‍മോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. 'ആരാ രാധാകൃഷ്ണാ ഇത്, ശുദ്ധമായി പാടീട്ടുണ്ടല്ലോ ' എന്ന ദാസേട്ടന്റെ വിലപ്പെട്ട കമന്റിനു് രാധാകൃഷ്ണന് ചേട്ടന് എനിക്ക് വാങ്ങിത്തന്നത് ഒരു പാര്‍ക്ക് അവന്യു striped shirt!
മണിച്ചിത്രത്താഴില്‍ ഏറ്റവും അവസാനം റിക്കാര്‍ഡ് ചെയ്യുന്ന ഗാനവും 'അക്കുത്തിക്കുത്ത് 'ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകര്‍.
എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ പ്രിന്റില്‍ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓര്‍മ്മകള്‍ക്ക് പകരം വയ്ക്കാന്‍ ഒരു ടൈറ്റില്‍ കാര്‍ഡിനുമാകുകയും ഇല്ല.
ആരോടും പരിഭവമില്ലാതെ..... VG.