സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ അനുസ്മരിച്ച് സുഹൃത്ത് കെ ആര്‍ സുരേഷ്. ബിജുമോനോനാണ് സച്ചിയെ തനിക്ക് പരിചയപ്പെടുത്തിയതെന്നും, നഷ്ടപ്പെട്ടത് ഹൃദയം നിറയെ സ്‌നേഹം നിറച്ച കളിക്കൂട്ടുകാരനെയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 2011ല്‍ ബിജു മേനോന് രണ്ടാമതും സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ നല്‍കിയ സ്വീകരണത്തിനായി സച്ചി സ്വന്തം കൈപ്പടയില്‍ എഴുതിയ ക്ഷണക്കത്തിന്റെ ചിത്രവും പങ്കുവെച്ചായിരുന്നു കുറിപ്പ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കുറിപ്പിന്റെ പൂര്‍ണരൂപം:
ആ ആംബുലന്‍സില്‍ പ്രിയപ്പെട്ട സച്ചി തൃശൂരില്‍ നിന്നും യാത്രയായി. അയ്യപ്പനെയും കോശിയേയും എല്ലാ പ്രിയപ്പെട്ട കൂട്ടുകാരെയും വഴിയിലുപേക്ഷിച്ച് സിനിമയുടെ അവസാനം ശുഭം എന്നെഴുതി കാണിക്കുന്ന പോലെ. ഒരു പാട് വര്‍ഷം മുമ്പ് സച്ചിയുടെ ചങ്കായിരുന്ന ബിജു മേനോനാണ് അന്ന് ബുള്‍ഗാന്‍ താടിക്കാരനായിരുന്ന സുന്ദരനായ സച്ചിയെ പരിചയപ്പെടുത്തി തരുന്നത്. പിന്നെ എത്രയെത്ര കണ്ടുമുട്ടലുകള്‍.
2011 ല്‍ ബിജുവിന് രണ്ടാമതും സിനിമാ സ്റ്റേറ്റ് അവാര്‍ഡു കിട്ടിയപ്പോള്‍ തൃശൂരിലെ കൂട്ടുകാരൊക്കെ കൂടി ഒരു സ്വീകരണം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ രജിതന്‍ ഡോക്ടറുടെ തൃശൂര്‍ ഔഷധിയില്‍ ഉണ്ടായിരുന്ന സച്ചിയോട് ഒരു ഇന്‍വിറ്റേഷന്‍ എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് ആലോചിക്കുന്നതു കണ്ടു. പിന്നെ വെട്ടും തിരുത്തുമില്ലാതെ 5 മിനിറ്റുകൊണ്ട് എഴുതി തന്നതാണ് ഇത്. ത്യശൂരിന്റ ഹൃദയം കവര്‍ന്ന ക്ഷണക്കത്തായിരുന്നു ആ എഴുത്ത്. 2011 ജൂണ്‍ 19നാണ് അതെഴുതിത്തന്നത്. 2011 ജൂലായ് 1നായിരുന്നു ആ സ്വീകരണം. സ്വീകരണത്തിന് തലേ ദിവസം ഒരു രാത്രി മുഴുവന്‍ മൂര്‍ക്കനിക്കര ജയന്റ പുഴയോരത്തുള്ള വീട്ടില്‍...
9 വര്‍ഷങ്ങള്‍ തികയുന്ന ഇന്ന് സച്ചി തൃശൂരില്‍ നിന്നും യാത്ര പറയാതെ പോയി. ഔഷധിയില്‍ വന്ന് പത്ത് ദിവസ ആയുര്‍വേദ ചികിത്സക്കിടയില്‍ വൈകുന്നേരമാകുമ്പോള്‍ വിളി വരും' എന്നെയൊന്ന് വടക്കുംനാഥന്‍ വരെ കൊണ്ടു വിടെ ടാ' എന്നു പറഞ്ഞ്. പിന്നെ പിന്നെ മീശ മാധവന്‍ സുധീഷും സുനില്‍ ബാബുവും ഷാജൂന്‍ ചേട്ടനും രാജീവ് നായരും ജോഷിയും ഒക്കെ കൂടി കൊച്ചി സ്റ്റേഡിയത്തിന് പിന്നിലുള്ള സ്‌കൈ ലൈന്‍ ഫ്‌ലാറ്റില്‍ ഒത്തുകൂടിയിരിക്കുന്നു.
അട്ടപ്പാടിയില്‍ അയ്യപ്പനും കോശിയും നടക്കുമ്പോള്‍ പ്രസാദിനോടും പ്രദീപിനുമൊപ്പം പോയിക്കണ്ടപ്പോഴും 'ഇത് കഴിഞ്ഞിട്ട് കാണാടാ' എന്നു പറഞ്ഞു പുറത്തു തട്ടി വിട്ടതാണ്. സിനിമാക്കാരനെയല്ലാ എല്ലാവര്‍ക്കും നഷ്ടപ്പെട്ടത്. ഹൃദയം നിറയെ സ്‌നേഹം നിറച്ച ഒരു കളിക്കൂട്ടുകാരനെയാണ്. പ്രിയ സച്ചി, ഇതെഴുതുമ്പോഴും ഓര്‍മ്മകള്‍ കടല്‍ത്തിരകള്‍ പോലെ ഇരച്ചു വരുന്നു മടങ്ങിപോകുന്നു. മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ കണ്ണു നിറയുന്ന കാരണം മങ്ങി പോകുന്നു. പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാകും.