ഫ്രണ്ട്‌സിലെ 'ചാൻഡ്‌ലർ ബിംഗ്' എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ മാത്യു പെറി അന്തരിച്ചു. ശനിയാഴ്ചയാണ് മാത്യു പെറിയെ ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. "ഞങ്ങളുടെ പ്രിയ സുഹൃത്ത് മാത്യു പെറിയുടെ വിയോഗത്തിൽ ഞങ്ങൾ തകർന്നു". അവിശ്വസനീയമാംവിധം പ്രതിഭാധനനായ നടനും വാർണർ ബ്രോസ് ടെലിവിഷൻ ഗ്രൂപ്പ് കുടുംബത്തിന്റെ മായാത്ത ഭാഗവുമായിരുന്നു മാത്യു പെറി എന്ന് ഫ്രണ്ട്സിന്റെ നിർമാതാക്കളായ വാർണർ ബ്രോസ് ടിവി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
മാത്യുവിന്റെ ഹാസ്യ പ്രതിഭയുടെ സ്വാധീനം ലോകമെമ്പാടും അനുഭവപ്പെട്ടു, അദ്ദേഹത്തിന്റെ പാരമ്പര്യം പലരുടെയും ഹൃദയങ്ങളിൽ നിലനിൽക്കും. ഇത് ഹൃദയഭേദകമായ ഒരു ദിവസമാണ്, അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അദ്ദേഹത്തിന്റെ എല്ലാ ആരാധകർക്കും ഞങ്ങൾ ഞങ്ങളുടെ സ്നേഹം അയക്കുന്നു. വാർണർ ബ്രോസ് ടിവി പറഞ്ഞു.
1994 മുതൽ 2004 വരെ 10 സീസണുകളിലായി ഇറങ്ങിയ "ഫ്രണ്ട്സ്" എന്ന സീരീസിലെ ചാൻഡ്‌ലർ എന്ന കഥാപാത്രം മാത്യു പെറിക്ക് നേടി കൊടുത്തത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ്. ഡേറ്റിംഗ്, കരിയർ, സൗഹൃദം എന്നിവയിലൂടെ സഞ്ചരിക്കുന്ന ആറ് ന്യൂയോർക്കുകാരുടെ ജീവിതം പിന്തുടർന്ന ഫ്രണ്ട്‌സിലെ പ്രകടനത്തിന് 2002-ൽ അദ്ദേഹം പ്രൈംടൈം എമ്മി നോമിനേഷൻ നേടി.
ജെന്നിഫർ ആനിസ്റ്റൺ, കോർട്ടേനി കോക്സ്, ഡേവിഡ് ഷ്വിമ്മർ, മാറ്റ് ലെബ്ലാങ്ക്, ലിസ കുഡ്രോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഫ്രണ്ട്സ് എന്ന അമേരിക്കൻ സിറ്റ്കോം എക്കാലത്തെയും വിജയകരമായ ടിവി ഷോകളിൽ ഒന്നാണ്. സീരീസിന്റെ അവസാന എപ്പിസോഡ് യുഎസിൽ 52.5 ദശലക്ഷം ആളുകളാണ് കണ്ടത്, ഇത് 2000-കളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടിവി എപ്പിസോഡായി മാറി.
1988-ലെ "എ നൈറ്റ് ഇൻ ദ ലൈഫ് ഓഫ് ജിമ്മി റിയർഡൺ" എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച മാത്യു പെറി, ഫൂൾസ് റഷ് ഇൻ, ഓൾമോസ് ഹീറോസ്, ദ ഹോൾ നൈൻ യാർഡ്സ് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.