Film News

അജയ് ദേവ്ഗണ്‍ പറയുന്നത് മണ്ടത്തരം: കിച്ച സുദീപിനെ പിന്തുണച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാര്‍

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് കന്നട നടന്‍ കിച്ച സുദീപും അജയ് ദേവ്ഗണും തമ്മിലുള്ള തര്‍ക്കത്തില്‍ കിച്ച സുദീപിന് പിന്തുണ അറിയിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യയും കുമാരസ്വാമിയും.

അജയ് ദേവ്ഗണ്‍ പറഞ്ഞത് മണ്ടത്തരമാണെന്ന് കുമാരസ്വാമി പറഞ്ഞു. അതോടൊപ്പം തന്നെ അജയ് ദേവ്ഗണിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

'ഹിന്ദി ദേശീയ ഭാഷയല്ലെന്ന നടന്‍ കിച്ച സുദീപിന്റെ വാക്കുകള്‍ ശരിയാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ യാതൊരു തെറ്റുമില്ല. അജയ് ദേവ്ഗണ്‍ ഹൈപ്പര്‍ മാത്രമല്ല മറിച്ച് താരത്തിന്റെ പെരുമാറ്റം വെറും മണ്ടത്തരമാണ്', എന്നാണ് കുമാരസ്വാമി കുറിച്ചത്.

രാജ്യത്തെ നിരവധി ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. കൂടുതല്‍ പേര്‍ സംസാരിക്കുന്നത് കൊണ്ട് ഹിന്ദി ദേശീയ ഭാഷയാകില്ലെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

'ഹിന്ദി ഒരിക്കലും നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നില്ല. ഇനി ആവുകയും ഇല്ല. നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിദ്ധ്യത്തെ ബഹുമാനിക്കേണ്ടത് ഓരോ ഇന്ത്യക്കാരുടെയും കടമയാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ ചരിത്രം ഉണ്ട്. അതിനാല്‍ ഒരു കന്നടിഗ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു', എന്ന് സിദ്ധാരാമയ്യയും ട്വീറ്റ് ചെയ്തു.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞ കിച്ച സുദീപിനെതിരെ നടന്‍ അജയ് ദേവ്ഗണ്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെയാണ് സിദ്ധാരാമയ്യയും കുമാരസ്വാമിയും പ്രതികരണമറിയിച്ച് രംഗത്തെത്തിയത്.

'ഒരു കന്നഡ സിനിമ പാന്‍ ഇന്ത്യ തലത്തിലാണ് നിര്‍മ്മിച്ചതെന്ന് എല്ലാവരും പറയുന്നു, പക്ഷേ അതില്‍ ചെറിയ തിരുത്തുണ്ട് ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല എന്നതാണത്. തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന നിരവധി പാന്‍ഇന്ത്യ സിനിമകള്‍ ബോളിവുഡ് നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ആ സിനിമകളെ പോലൊരു വിജയം കൈവരിക്കാന്‍ ബോളിവുഡ് പാടുപെടുകയാണ്. ഇന്ന് നമ്മള്‍ എല്ലായിടത്തും ഒരുപോലെ സ്വീകാര്യതയുള്ള ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്', എന്നാണ് കിച്ച സുദീപ് പറഞ്ഞത്.

അതിന് മറുപടിയായി എന്റെ സഹോദരാ, നിങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളുടെ മാതൃഭാഷാ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത് ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും. ജന്‍ ഗന്‍ മന്‍.' എന്ന് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

അജയ് ദേവ്ഗണിന്റെ ട്വീറ്റിന് കിച്ച സുദീപ് നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. 'നിങ്ങള്‍ ഹിന്ദിയില്‍ അയച്ച ടെക്സ്റ്റ് എനിക്ക് മനസ്സിലായി. നമ്മളെല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും പഠിക്കുകയും ചെയ്തതിനാല്‍ മാത്രമാണത്. വിരോധമില്ല സര്‍, പക്ഷേ എന്റെ പ്രതികരണം കന്നഡയില്‍ ടൈപ്പ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ആശ്ചര്യം. ഞങ്ങളും ഇന്ത്യക്കാരല്ലേ സര്‍,' എന്നായിരുന്നു കിച്ച സുദീപിന്റെ പ്രതികരണം.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT