Film News

'പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതി'; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ​പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾ ​ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണിതെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ തന്നെ ചതിച്ചെന്ന് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് പരാതി നൽകിയതിനെ തുടർന്ന് എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

40 % ലാഭവിഹിതം വാഗ്ദാനം ചെയ്ത പരാതിക്കാരന് സിനിമ വലിയ തരത്തിൽ ഹിറ്റായിട്ട് ഒരു രൂപ പോലും നൽകിയില്ല എന്നും ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലധികം കലക്ട് ചെയ്ത ചിത്രം നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ഇന്ത്യയില്‍ നിന്നും നേടിയത്. ആഗോള തലത്തില്‍ 225 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT