കാരവാനില്‍ ഒളിക്യാമറ സ്ഥാപിച്ച് നടിമാര്‍ വസ്ത്രം മാറുന്നത് പകര്‍ത്തിയെന്ന നടി രാധിക ശരത്കുമാറിന്റെ ആരോപണത്തില്‍ നടപടിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് രാധിക ശരത്കുമാര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കേരളത്തിലെ ഷൂട്ടിനിടയിലാണ് സംഭവം ഉണ്ടായതെന്നും കാരവാനില്‍ നിന്ന് പകര്‍ത്തിയ വീഡിയോ താന്‍ കണ്ടുവെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ നടപടിക്ക് ഒരുങ്ങുകയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിനായി കേരളത്തിലെ കാരവാന്‍ ഉടമകളുടെ യോഗം വിളിച്ചു കൂട്ടാനാണ് സംഘടനയുടെ തീരുമാനം. സെപ്റ്റംബര്‍ 6ന് കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ വെച്ചാണ് യോഗം ചേരുക. കാരവാനുകളുടെ ഉപയോഗവും തൊഴിലാളികളുടെ പ്രവര്‍ത്തന രീതിയും പ്രസ്തുത മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സംഘടന അറിയിച്ചു. ശനിയാഴ്ച ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ ശക്തമായ ചര്‍ച്ചകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കേരളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഇതുപോലുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നടി പറഞ്ഞിരുന്നു. താന്‍ സെറ്റിലൂടെ നടക്കുമ്പോള്‍ കുറച്ചു പുരുഷന്മാര്‍ വീഡിയോ കണ്ട് ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നീട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഒളിക്യാമറയെക്കുറിച്ച് അറിയുന്നത്. നടിമാരുടെ പേരുകള്‍ ടൈപ്പ് ചെയ്താല്‍ വീഡിയോ ലഭിക്കുന്ന ഒരു ഫോള്‍ഡര്‍ ഇവരുടെ കയ്യിലുണ്ട്. താന്‍ അന്ന് സെറ്റില്‍ ബഹളമുണ്ടാക്കി എന്നും പിന്നീട് കാരവാനിലേക്ക് പോകാന്‍ ഭയപ്പെട്ടിരുന്നു എന്നും രാധിക ശരത്കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചത്.
രാധിക ശരത്കുമാര്‍ പറഞ്ഞത്:
കേരളത്തില്‍ ഞാന്‍ കണ്ട ഒരു സംഭവം പറയാം. ഒരു ദിവസം ചുമ്മാ സെറ്റിലൂടെ നടക്കുമ്പോള്‍, കുറച്ചു പുരുഷന്മാര്‍ ഒരിടത്ത് വട്ടം കൂടിയിരുന്ന് മൊബൈലില്‍ ഒരു വീഡിയോ കാണുന്നത് ഞാന്‍ കണ്ടു. അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. എന്താണ് അങ്ങനെ ചിരിക്കുന്നതെന്ന് പരിചയമുള്ള ഒരാളോട് ചോദിച്ചു. മിക്ക കാരവാനുകളിലും ക്യാമറകള്‍ ഫിറ്റ് ചെയ്ത് സ്ത്രീകള്‍ വസ്ത്രം മാറുന്നത് വീഡിയോ എടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ആര്‍ട്ടിസ്റ്റിന്റെ പേര് ടൈപ്പ് ചെയ്തുകൊടുത്താല്‍ അവര്‍ വസ്ത്രം മാറുന്ന വീഡിയോ ലഭിക്കും.
ആ സംഭവത്തിന് ശേഷം കാരവാനില്‍ പോകാന്‍ തന്നെ പേടിയായിരുന്നു. സ്വകാര്യത വേണ്ട സ്ഥലമാണ് കാരവാന്‍. പക്ഷെ സ്ത്രീകള്‍ കാരവാനില്‍ വസ്ത്രം മാറുന്ന വീഡിയോ ഞാന്‍ കണ്ടു. പിന്നീട് അതിനെതിരെ സെറ്റിലുള്ളവരോട് ശക്തമായി തന്നെ പ്രതികരിച്ചു. ഇത് ശരിയല്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഒരു ക്യാമറ ഇവിടെ ഇനി കണ്ടാല്‍ ചെരിപ്പൂരി അടിക്കുമെന്ന് കാരവാന്‍ സംബന്ധിച്ച ആളുകളോടും പറഞ്ഞു. എന്താണ് ഇങ്ങനെയൊക്കെ നടക്കുന്നത്. അന്നെനിക്ക് ഒരുപാട് ദേഷ്യം വന്നു. കാരവാന്‍ വേണ്ടെന്നും റൂം മതിയെന്നും പിന്നീട് ഞാന്‍ പറഞ്ഞു.