Film News

'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്തുകൊണ്ട് ഇന്ത്യയുടെ ഓസ്കാർ എൻട്രിയിൽ തഴയപ്പെട്ടു?; മറുപടിയുമായി FFI പ്രസിഡന്റ് രവി കൊട്ടാരക്കര

കിരൺ റാവോ സംവിധാനം ചെയ്ത 'ലാപത്താ ലേഡീസ്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത് പായൽ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റാണ്'. കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ട്ടിച്ച ചിത്രം എന്തുകൊണ്ട് ഇന്ത്യയുടെ ഓസ്കാർ എൻട്രി ആയില്ല എന്നാണ് പ്രഖ്യാപനം കേട്ട് പുരികം ചുളിച്ചവരെല്ലാം ഒരുപോലെ ചോദിച്ചത്. എന്നാൽ ചിത്രം കണ്ട ജൂറിക്ക് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഒരു ഇന്ത്യൻ ചിത്രമായി അനുഭവപ്പെട്ടില്ലെന്നാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ രവി കൊട്ടാരക്കര പറയുന്നത്. 'ലാപത്ത ലേഡീസ്' എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കുക എന്നത് ജൂറിയുടെ സംയുക്തമായ തിരുമാനമായിരുന്നു എന്നും പായൽ കപാഡിയ ചിത്രം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഒരു ഇന്ത്യൻ ചിത്രം എന്നതിലുപരി ഒരു വിദേശ ചിത്രം എന്ന തോന്നലാണ് ജൂറിക്ക് ഉണ്ടാക്കിയത് എന്നും രവി കൊട്ടാരക്കര ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രവി കൊട്ടാരക്കര പറഞ്ഞത്:

എന്തുകൊണ്ട് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'നെ തിരഞ്ഞെടുത്തില്ല എന്ന് പലരും ചോദിച്ചു. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' വളരെ മനോഹരമായ ചിത്രമാണ്. എന്നാൽ ഒരു യുറോപ്യൻ ചിത്രത്തെ ഇന്ത്യയിൽ സ്ഥാപിച്ചത് പോലെയാണ്' ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' അനുഭവപ്പെട്ടത് എന്നാണ് സിനിമ കണ്ട ജുറി അം​ഗങ്ങൾ അഭിപ്രായപ്പെട്ടത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള കാറ്റ​ഗറിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അയക്കേണ്ടത്. ഇന്ത്യയുടെ പൈതൃകത്തെയും സംസ്കാരത്തെയും സുചിപ്പിക്കുന്നതായിരിക്കണം ആ ചിത്രങ്ങൾ. ഫ്രാൻസ് നിർമാണക്കമ്പനിയുമായി സംയുക്തമായി സഹകരിച്ച് നിർമിച്ച ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. ഫ്രാൻസ് ആ ചിത്രത്തിന് അവാർഡും നൽകിയിരുന്നു, എന്നിട്ടും എന്തുകൊണ്ടാണ് ഫ്രാൻസ് അവരുടെ ഓസ്കർ എൻട്രിയായി ആ ചിത്രത്തെ തെരഞ്ഞെടുക്കാതിരുന്നത്? ആ കാറ്റ​ഗറിയിക്ക് ആ ചിത്രം യോജിച്ചതായിരുന്നില്ല എന്നതുകൊണ്ടാണ് അത്. ഈ കാറ്റ​ഗറി പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്. അങ്ങനെ വരുമ്പോൾ 'ലാപത്താ ലേഡീസ്' സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്ന ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ്. അത് സംവിധാനം ചെയ്തതും ഒരു സ്ത്രീയാണ് ആ ചിത്രം സംസാരിക്കുന്നതും സ്ത്രീകളെക്കുറിച്ചാണ്, അത് ഇന്ത്യയിൽ മാത്രം നടക്കാൻ സാധ്യതയുള്ള ഒരു കഥയാണ്.

ഓസ്കാറിലേക്ക് ഒരൊറ്റ ചിത്രം മാത്രമാണ് ഇന്ത്യയ്ക്ക് അയക്കാൻ സാധിക്കുന്നത്. ജാനു ബറുവാ ആയിരുന്നു ജൂറി ചെയർമാൻ. ഈ തവണ ഇരുപത്തിയൊമ്പത് ചിത്രങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്. മലയാളത്തിൽ നിന്ന് നാല് ചിത്രങ്ങളാണ് അതിൽ ഉൾപ്പെട്ടിരുന്നത്. ഉള്ളൊഴുക്ക്, ആട്ടം, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ആടുജീവിതം തുടങ്ങിയവയായിരുന്നു അത്. സെക്കന്റ് റൗണ്ടിൽ തന്നെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തള്ളപ്പെട്ടിരുന്നു. അവസാനവട്ട ചർ‌ച്ചയിലേക്ക് എത്തിയത് അഞ്ച് ചിത്രങ്ങളാണ്, തങ്കലാൻ, വാഴൈ, ലാപത്താ ലേഡീസ്, ശ്രീകാന്ത് തുടങ്ങിയവയായിരുന്നു അതിൽ ഉൾപ്പെട്ടിരുന്ന ചിത്രങ്ങൾ. രവി കൊട്ടാരക്കര പറഞ്ഞു.

എന്തുകൊണ്ട് 'ലാപത്താ ലേഡീസ്'?

'ലാപത്താ ലേഡീസ്' ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതിന്റെ കാരണങ്ങള്‍ എഫ്എഫ്‌ഐ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ഇന്ത്യയിലെ സ്ത്രീകളെ മാത്രല്ല, ലോകമെമ്പാടുമുള്ളവരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ലാപത്താ ലേഡീസ് എന്നാണ് പ്രധാന നിരീക്ഷണം. ഒരേസമയം കുടുംബിനികളും റിബലുകളുമാകാനും സംരംഭകരാകാനും കഴിയുന്നവരാണ് സ്ത്രീകളെന്ന് ചിത്രം കാണിച്ചു തരുന്നുവെന്നും ജൂറി വ്യക്തമാക്കി.

ഓസ്‌കാര്‍ എന്‍ട്രിക്കുള്ള മാനദണ്ഡങ്ങള്‍

ഓസ്‌കാര്‍ എന്‍ട്രിക്ക് സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ ഓസ്‌കാര്‍ അക്കാദമിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം. 40 മിനിറ്റ് എങ്കിലും ദൈര്‍ഘ്യമുള്ളതും അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിച്ചതുമാകണം ചിത്രം. 50% ശതമാനം സംഭാഷണങ്ങളും ഇംഗ്ലീഷ് ഇതര ഭാഷയിലുള്ളതാകണം. 2023 നവംബര്‍ 1നും 2024 സെപ്റ്റംബര്‍ 30നും ഇടയില്‍ തിയറ്ററില്‍ റിലീസ് ചെയ്തതും കുറഞ്ഞത് 7 ദിവസമെങ്കിലും പ്രദര്‍ശിപ്പിച്ചതും ആയ സിനിമകളാണ് അയക്കേണ്ടത്. ചിത്രത്തിന്റെ വിശദാംശങ്ങള്‍, അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഫെഡറേഷന് സമര്‍പ്പിക്കേണ്ടത്. അതിനൊപ്പം 1.25 ലക്ഷം രൂപയും എഫ്എഫ്ഐക്ക് നല്‍കണം. ഇന്ത്യയുടെ സാമൂഹികാവസ്ഥയെയും പൈതൃകത്തെയും സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പരിഗണിക്കുന്നതെന്ന് ഇത്തവണ ചെയര്‍മാനായ ജാനു ബറുവ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൂപ്പർ സ്റ്റാറിനൊപ്പം തമിഴിലെ ഹിറ്റ് സംവിധാനകന്റെ പ്രൊജക്ട് നിരസ്സിച്ചാണ് ഈ സീരീസ് ഞാൻ തെരഞ്ഞെടുത്തത്; റഹ്മാൻ

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, അവയുടെ റീമേക്കിനോട് താല്പര്യമില്ല; റഹ്മാൻ

'പണി മികച്ച ചിത്രം, ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ‌ അഭിമാനം'; ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രത്തെ അഭിനന്ദിച്ച് സന്തോഷ് നാരായണൻ

SCROLL FOR NEXT