മലയാള സിനിമയ്ക്ക് ഏറെ ആശ്വാസകരമായ മാസമായിരുന്നു ഫെബ്രുവരി. ഫെബ്രുവരി രണ്ടാം വാരത്തിൽ റിലീസ് ചെയ്ത പ്രേമലുവും മമ്മൂട്ടിയുടെ ഭ്രമയുഗവും തിയറ്ററുകളിൽ കയ്യടി നേടി മുന്നേറുകയാണ്. എന്നാൽ കയ്യടിച്ചും ആർപ്പുവിളിച്ചും നമ്മൾ ആഘോഷിക്കുന്ന തിയറ്ററുകൾക്ക് കാലക്കേട് ആരംഭിച്ചിട്ട് ഏറെ നാളുകളായിരിക്കുന്നു. കൊറോണയും ഒടിടിയുടെ വരവും തെല്ലൊന്നുമല്ല തിയറ്ററുടമകളെ പിടിച്ചുലച്ചിരിക്കുന്നത്. റിലീസാകുന്ന ചിത്രങ്ങൾ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നൽകാവൂ എന്ന ധാരണ പല നിർമാതാക്കളും മറന്ന മട്ടാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഒരു മാസത്തിനിപ്പുറം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കെത്തുന്ന എന്ന ബോധ്യം തന്നെ പലരെയും തിയറ്ററിലേക്ക് വരുന്നതിൽ നിന്ന് മാറ്റി ചിന്തിപ്പിക്കുന്നുണ്ടെന്ന് തിയറ്ററുടമകൾ പറയുന്നു. ഈ പരാതിക്ക് ഏകദേശം ഒരു വർഷത്തെ പഴക്കം നിലനിൽക്കുമ്പോഴാണ് പ്രതിസന്ധിയിലായിരിക്കുന്ന തിയറ്റർ വ്യവയസായത്തിൽ നിർമാതാക്കളുടെ കെെ കടത്തൽ കൂടി തിയറ്ററുടമകൾക്ക് ഭീഷണിയാവുന്നത്. തിയറ്ററുടമകളുടെ ഈ പ്രതിസന്ധിയെ തുടർന്ന് ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ ഫിയോക്ക് പ്രദർശിപ്പിക്കില്ലെന്ന് തീരുമാനം എടുത്തതായി ഫിയോക്ക് അംഗവും എറണാകുളം ഷേണോയിസ് തിയറ്റർ ഉടമയായ സുരേഷ് ഷേണോയി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
തിയറ്ററുകളിൽ ഏത് പ്രൊജക്ടർ വയ്ക്കണം എന്ന തീരുമാനത്തിൽ നിർമാതാക്കൾ കെെ കടത്തുന്നു എന്ന് ഫിയോക്ക് പറയുന്നു. തിയറ്ററിലേക്ക് സിനിമയുടെ പ്രിന്റ് എത്തിക്കുന്നതിന്റെ ചിലവ് തിയറ്ററുടമകൾ വഹിക്കണം എന്നും നിർമാതാക്കളുമായി ബന്ധമുള്ള കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ തിയറ്ററുടമകളെ നിർബന്ധിക്കുന്നു എന്നുമാണ് ഫിയോക്ക് പറയുന്നത്. സ്വന്തം സ്ഥാപനത്തിൽ ഏത് പ്രൊജക്ടർ വയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കൂടി തിയറ്ററുടമകൾക്ക് ഇല്ലേ എന്ന ചോദ്യവും ഫിയോക്ക് ഉന്നയിക്കുന്നുണ്ട്. ഇരുപത് വർഷം മുമ്പ് എന്ത് നിബന്ധനകളായിരുന്നു തിയറ്ററുടമകൾക്ക് വേണ്ടി നിർമിച്ചിരുന്നത് അത് തന്നെയാണ് ഇന്നും തിയറ്ററുടമകൾ പിന്തുടർന്ന് പോകുന്നത് എന്ന് സുരേഷ് ഷേണോയി പറയുന്നു. ഇരുപത് വർഷം മുമ്പ് വെറും എഴുപത് സെന്ററുകളിലായിരുന്നു റിലീസിനുണ്ടായിരുന്നത്. ഇന്ന് അതല്ല സ്ഥിതി. കഴിഞ്ഞ പത്ത് വർഷത്തിൽ ഏകദേശം തൊണ്ണൂറ്റിയൊമ്പത് ശതമാനത്തോളം വരുന്ന തിയറ്ററുകളെല്ലാം നവീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇന്നും ഞങ്ങളുടെ നിബന്ധനകൾ ഒരേപോലെയാണ്. അതിൽ പുനർനിർണ്ണയം വേണമെന്ന് രണ്ട് മൂന്ന് കൊല്ലമായി തിയറ്റററുടമകൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിക്കുന്നില്ല. തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന ചിത്രം നാൽപ്പത്തി രണ്ട് ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നൽകാവൂ എന്ന് കാരാറെഴുതി ഫിലിം ചേമ്പറിന് എല്ലാ നിർമാതാക്കളും സമർപ്പിക്കാറാണ് പതിവ്. എന്നാൽ ഇതും പ്രൊഡ്യൂസേഴ്സ് ഇപ്പോൾ പാലിക്കുന്നില്ല. സുരേഷ് ഷേണോയി പറഞ്ഞു.
മാസ്റ്റർ ചെയ്ത കോണ്ടന്റ് അതായത് ഡിജിറ്റൽ പ്രിന്റ് ഞങ്ങൾക്ക് നൽകുന്നത് ഡിജിറ്റൽ സർവ്വീസ് പ്രൊവെെഡേഴ്സാണ്. ക്യൂബ്, സോണി പോലെയുള്ള കമ്പനികളാണ് അത് പ്രൊവെെഡ് ചെയ്യുന്നത്. ഞങ്ങൾക്ക് പ്രൊജക്ടർ തന്നിരിക്കുന്നതും അതിന്റെ സ്പെയർ പാർട്ട്സും മറ്റ് സർവ്വീസുകളും അവർ തന്നെയാണ് പ്രൊവെെഡ് ചെയ്യുന്നതും. കരാർ പ്രകാരം അവർ തരുന്ന പ്രിന്റാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അത് കരാറാണ്. പക്ഷേ ഇപ്പോൾ നിർമാതാക്കൾ നിർബന്ധിക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭാരവാഹികൾ ഡയറക്ടേഴ്സ് ബോഡിൽ അംഗങ്ങളായിട്ടുള്ള ഒരു കമ്പനിയുമായി ഞങ്ങൾ കരാറിൽ ഏർപ്പെടണം എന്നാണ്. അത് കരാർ ലംഘനമാണ്. അങ്ങനെ സംഭവിക്കുന്നത് വഴി ഞങ്ങൾക്ക് പിഴയടയ്ക്കേണ്ടി വരും. ഇത് സാമ്പത്തികമായി തിയറ്ററുടമകൾക്ക് ബാധ്യത സൃഷ്ടിക്കാൻ കാരണമാകും.സുരേഷ് ഷേണോയി
കഴിഞ്ഞ മൂന്ന് മാസത്തിൽ ഒരു പ്രേമലുവും ഒരു ഭ്രമയുഗവും മാത്രമാണ് തിയറ്ററുകൾക്ക് ആശ്വാസം. സർക്കാരും തിയറ്ററുടമളുടെ പ്രതിസന്ധയിൽ ഏകദേശം കയ്യൊഴിഞ്ഞ മട്ടാണ്. അതുകൊണ്ട് തന്നെ അടുത്ത വ്യാഴാഴ്ച മുതൽ ഫിയോക്കിന്റെ അധീനതയിലുള്ള തിയറ്ററുകളിൽ മലയാളം സിനിമ പ്രദർശിപ്പിക്കില്ല എന്നാണ് സംഘടനയുടെ തീരുമാനം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാ സംഘടനകൾക്കും ഫിയോക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും സുരേഷ് ഷേണോയി വ്യക്തമാക്കി, ഫിലിം എക്സ്ബിറ്റർ ഫെഡറേഷനും, എക്സിബിറ്റേഴ്സ് അസോസിയേഷനും ഈ വിഷയത്തെ സംബന്ധിച്ച് മീറ്റിംഗ് ചേരുന്നുണ്ടെന്നും സുരേഷ് ഷേണോയി പറഞ്ഞു.