കുറുപ്പ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്ററില്‍ നിന്ന് ചിത്രം പിന്‍വലിക്കാന്‍ ഒരുങ്ങി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരവെ കുറുപ്പ് ഒടിടിക്ക് നല്‍കിയതിലാണ് ഫിയോക്ക് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഒടിടിയില്‍ സിനിമ വന്നാല്‍ പിന്നെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന നിലപാടാണ് ഫിയോക്ക് എടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഫിയോക്കിന്റെ കീഴിലുള്ള എല്ലാ തിയേറ്ററുകള്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തു.
അതേസമയം കുറുപ്പ് മാത്രമല്ല ഇനി ഒടിടിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന മരക്കാര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ ഫിയോക്ക് ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. 17നാണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. അതിന് മുന്‍പ് തന്നെ മരക്കാറിന്റെ തിയേറ്റര്‍ പ്രദര്‍ശനവും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫിയോക്ക്.
ഒടിടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ തിയേറ്ററിലും പ്രദര്‍ശനം തുടര്‍ന്നാണ് അത് വലിയ രീതിയില്‍ തിയേറ്ററുകള്‍ക്ക് നഷ്ടമുണ്ടാകുമെന്നാണ് ഫിയോക്ക് പറയുന്നത്. ഇതേ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം ഫിയോക്ക് നല്‍കിയിരിക്കുന്നത്.