Film News

ദുല്‍ഖറിനെ വിലക്കി ഫിയോക്; പ്രതിഷേധം 'സല്യൂട്ട്' ഒടിടി റിലീസിലെന്ന് കെ.വിജയകുമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ടിന്റെ ഒടിടി റിലീസില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു ചിത്രം മുന്നറിയിപ്പില്ലാതെയാണ് ഒടിടിക്ക് കൊടുത്തത്. എല്ലാ തിയേറ്ററുകള്‍ക്കും എഗ്രിമെന്റും നല്‍കിയിരുന്നു. നൂറ് ശതമാനം സീറ്റിങ്ങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം വേഫെയറര്‍ ഫിലിംസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ഇത് തിയേറ്ററുകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനാല്‍ ഇനി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ഒരു ഭാഷയിലുള്ള ചിത്രങ്ങളും വേഫെയറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഒരു ചിത്രങ്ങളോടും ഫിയോക് സഹകരിക്കില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.

കെ.വിജയകുമാര്‍ പറഞ്ഞത്:

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്ന് മാത്രമല്ല, മറിച്ച് എല്ലാ തിയേറ്ററുകള്‍ക്കും എഗ്രിമെന്റും കൊടുത്തിരുന്നു. ഈ ചിത്രം ജനുവരി 14ന് റിലീസ് ചെയ്യുന്നതിന് എല്ലാ തിയേറ്ററുകളിലേക്കും എഗ്രിമെന്റ് കൊടുത്തിരുന്നു. പല തിയേറ്ററുകാരും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എടുത്തിരുന്നു. പിന്നീട് അത് റീഫണ്ട് ചെയ്യുകയാണ് ഉണ്ടായത്. എല്ലാ തിയേറ്ററിലും ചിത്രത്തിന്റെ ഫ്‌ലക്‌സ് വെച്ച് പരസ്യം ചെയ്യുകയും ഓള്‍ കേരള പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തിയേറ്ററുകാര്‍ വലിയ പ്രതീക്ഷയിലായിരുന്നു.

ഇന്ന് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂറ് ശതമാനം സീറ്റിങ്ങ് കപ്പാസിറ്റി അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ ഒടിടിക്ക് കൊടുത്തതിനുള്ള പ്രതിഷേധമാണ് ഈ വിലക്ക്. നേരത്തെ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഒടിടി റിലീസ് തീരുമാനിച്ചിട്ടില്ലെന്നാണ്.

ഇപ്പോള്‍ എന്തുകൊണ്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്നു എന്നതിന് വ്യക്തമായ ഒരു കാരണവും അവര്‍ പറയുന്നില്ല. എനിക്ക് തോന്നുന്നത് കൂടുതലായുള്ള സാമ്പത്തികമായ മെച്ചം ഒടിടിയില്‍ നിന്ന് ലഭിച്ചു കാണും എന്നതാണ്.

ഇത് സത്യത്തില്‍ തിയേറ്ററുകാരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫിയോക്കിന് പോകേണ്ടി വന്നത്. അല്ലാതെ ആരെയും വിലക്കുന്നതിനോടോ ഉപരോധിക്കുന്നതിനോടോ സംഘടനയ്ക്ക് ഒരു താത്പര്യവുമില്ല. അതിനാല്‍ ഇനി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ഒരു ഭാഷയിലുള്ള ചിത്രങ്ങളും വേഫെയറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഒരു ചിത്രങ്ങളോടും സഹകരിക്കേണ്ട എന്നാണ് സംഘടയുടെ തീരുമാനം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് മാര്‍ച്ച് 18ന് സോണി ലിവ്വിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജനുവരി 14ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രം കൊവിഡ് മൂന്നാം തരംഗം മൂലം റിലീസ് മാറ്റുകയായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT