സംവിധായകന്‍ നജീം കോയയുടെ കോട്ടയത്തെ ഹോട്ടല്‍ മുറിയില്‍ നടന്ന എക്സൈസ് പരിശോധനയ്ക്കും അതില്‍ സംവിധായകനുണ്ടായ ദുരനുഭവത്തിനുമെതിരെ ഫെഫ്ക. നജീം കോയ താമസിച്ചിരുന്ന ഇരാറ്റുപേട്ടയിലെ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രിയിലാണ് എക്‌സെസ് ഉദ്ധ്യോഗസ്ഥരുടെ പരിശോധന ഉണ്ടായത്. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന ഉണ്ടായിട്ടുണ്ടെന്നും നജീമിന്റെ മുറിയില്‍ ഒരു മെറ്റീരിയല്‍ പ്ലാന്റ് ചെയ്യാന്‍ ആരോ ശ്രമിച്ചിട്ടുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പൊലീസുകാരുടെ ചടങ്ങുകളിലൊക്കെ പ്രാസംഗികനായി പോയിട്ടുണ്ട്, മാന്യമായിട്ട് സംസാരിക്കാന്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ്, മാന്യതയൊന്നും അവരുടെ സംസാരത്തില്‍ തൊട്ട് തീണ്ടിയിട്ടില്ലെന്നും വിഷയത്തില്‍ നജീം കോയക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഫെഫ്കയുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരാണ് സോഴ്‌സ് എന്ന് ഞങ്ങളോട് വെളിപ്പെടുത്തേണ്ട. പക്ഷേ അതിനകത്തൊരു ഫ്രെയിമിങ് ക്രിമിനല്‍ കുറ്റമുണ്ടെങ്കില്‍ അത് വെളിയില്‍ വരട്ടെ. അയാള്‍ക്കെതിരെ നടപടി വേണമല്ലോ? അതാണ് ഞങ്ങളുടെ ആവശ്യം.ബി. ഉണ്ണികൃഷ്ണന്‍.
മാറിനില്‍ക്കടാ, എടുക്കെടാ സാധനം എന്നൊക്കെയാണ് തന്റെ മുറിയില്‍ പരിശോധനയ്ക്ക് വന്നവര്‍ പറഞ്ഞതെന്ന് നജീം കോയ പറഞ്ഞു. നിന്റെ കൈയ്യില്‍ ഉണ്ടല്ലോടായെന്നും ഈ എടാ പോടാ വിളിയും വിളിച്ചുകൊണ്ടിരുന്നു. താന്‍ ഇതിന്റെ മൊത്തകച്ചവടക്കാരന്‍ എന്ന നിലയിലാണ് അവര്‍ വന്നിരുന്നത്. രണ്ടര മണിക്കൂറാണ് ഇവര്‍ റൂം പരിശോധിച്ചത്. ഇത്രയും പേര്‍ റൂം പരിശോധിക്കുമ്പോള്‍ അവര്‍ക്കൊപ്പം കിടന്ന് ഓടിക്കൊണ്ടിരിക്കുകയായിരുന്നെന്നും നജീം കോയ പറഞ്ഞു.
എന്റെ ടെന്‍ഷന്‍ ഇവര്‍ ഇവിടെന്തെങ്കിലും കൊണ്ടിട്ടിട്ട് പോകുമോ എന്നുള്ളതായിരുന്നു. എന്റെ കയ്യില്‍ ഒന്നുമില്ല എന്നുള്ളതായിരുന്നു എന്റെ ധൈര്യം. അതുകൊണ്ടാണ് ഞാനിവരുടെ പുറകില്‍ ഓടി നടന്നു കൊണ്ടിരുന്നത്.നജീം കോയ
എന്ത് വേണമെങ്കിലും ചെയ്യാവുന്ന ഒരു തൊഴിലിടമാണ് സിനിമയെന്ന തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് മാറണമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആ തെറ്റിധാരണ അവര്‍ മാറ്റുന്നത് തന്നെയാണ് നല്ലത്. അങ്ങനെ എന്ത് രീതിയിലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു വളരെ യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരത്തില്‍ എപ്പോ വേണമെങ്കിലും കടന്നു കയറാവുന്ന ഒരിടമല്ല.
ഇവിടുത്തെ സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നത് കേട്ടു ഷാഡോ പോലീസിനെ സെറ്റില്‍ മുഴുവന്‍ നിയമിക്കുമെന്ന്. അദ്ദേഹത്തിന് ഈ ഷൂട്ടിംഗിനെ പറ്റി ധാരണയുണ്ടോയെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഒരു ഫ്രെയിം വയ്ക്കുമ്പോള്‍ അപരിചിതരായ ആരെയെങ്കിലും കണ്ടാല്‍ പിടിച്ച്് വെളിയില്‍ കളയും.ബി ഉണ്ണികൃഷ്ണന്‍
ലൊക്കേഷനില്‍ ഷാഡോ പോലീസ് എന്ന് പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അപ്പോഴും തങ്ങള്‍ പ്രതികരിക്കാതിരുന്നത് എന്താണെന്നാല്‍ നമ്മള്‍ ഒരു ക്രിമിനല്‍ വ്യാപാരത്തിനെതിരെ ഒരു ഏജന്‍സി ശക്തമായ നിലപാട് എടുക്കുമ്പോള്‍ നമ്മളെപ്പോലെ ഒരു സംഘടന അത് തടസപ്പെടുത്തരുതെന്ന് കരുതിയാണെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.