Film News

സംവിധായകൻ മോഹൻ അന്തരിച്ചു, മലയാളത്തിന്റെ നവതരം​ഗ സിനിമകളുടെ അമരക്കാരിലൊരാൾ

സംവിധായകൻ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എഴുപതുകള്‍ മുതല്‍ മലയാള സിനിമയുടെ ​ഗതിമാറ്റിയ ന്യൂവേവ് ശൈലിയിലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ പോലുള്ള പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളൊരുക്കിയ സംവിധായകനാണ് മോഹൻ.

കോടമ്പാക്കത്തെ സ്റ്റുഡിയോ നിയന്ത്രിത സിനിമാ ശൈലിയിൽ നിന്ന് കാമ്പുള്ളതും ശൈലീഭദ്രവുമായ സിനിമകളിലൂടെ മലയാള സിനിമയെ നവശൈലീ പരിചരണത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയ ചലച്ചിത്രകാരൻമാരിൽ പ്രധാനി കൂടിയ മോഹൻ, എഴുപതുകളുടെ അന്ത്യത്തിലും എണ‍്‍പതുകളിലുമായി സൂപ്പർതാരങ്ങളില്ലാത തന്നെ വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ ഇസബെല്ല എന്നീ സിനിമകൾ മോഹൻ ഒരുക്കി. ശോഭ, നെടുമുടി വേണു, ഇന്നസെന്റ് എന്നീ അഭിനേതാക്കളുടെ ചലച്ചിത്ര സപര്യയില‍് നിര‍്ണായക വഴിത്തിരിവ് സൃഷ്ടിച്ച സംവിധായകൻ കൂടിയാണ് മോഹൻ. 16 വർഷത്തെ ഇടവേള അവസാനിപ്പിച്ച പുതിയ സിനിമയൊരുക്കാൻ മോഹൻ ആലോചിച്ചിരുന്നു. ജോൺ പോൾ, പത്മരാജൻ എന്നീ തിരക്കഥാകൃത്തുകൾക്കൊപ്പവും നിരവധി മികച്ച മലയാള ചിത്രങ്ങൾ മോഹൻ ഒരുക്കി.

ഇരിങ്ങാലക്കുടക്കാരനായ മോഹന് ചെറുപ്പത്തിലെ സിനിമയോട് താൽപര്യമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം മദ്രാസിലേക്ക് എത്തുന്നത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, എം കൃഷ്ണന്‍ നായര്‍, ഹരിഹരന്‍ തുടങ്ങിയവരുടെ എല്ലാം സംവിധാന സഹായിയായി മോഹൻ പ്രവർത്തിച്ചിട്ടുണ്ട്.1978 ൽ പുറത്തിറങ്ങിയ വാടകവീട് എന്ന സിനിമയിലൂടെയാണ് മോഹൻ സ്വതന്ത്ര സംവിധാന രം​ഗത്തേക്ക് കടന്നു വന്നത്, ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ ​രം​ഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. വിടപറയും മുമ്പേ എന്ന ചിത്രത്തിലൂടെയാണ് നടൻ നെടുമുടി വേണു ആദ്യമായി നായകനായത്. മോഹന്റെ ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടൻ ഇടവേള ബാബുവും അരങ്ങേറ്റം കുറിച്ചത്. ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട് അദ്ദേഹം. പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസന്റിനെ സിനിമയിലെത്താൻ സഹായിച്ചതും മോഹനാണ്. പിന്നീട് ഇന്നസെന്റുമായി ചേർന്ന് പല സിനിമകളും നിർമിച്ചിട്ടുണ്ട്. പ്രണയമായിരുന്നു പലപ്പോഴും മോഹന്‍റെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹന്‍ ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രശസ്ത നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT