കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒരു മലയാള ചിത്രം റിലീസ് പ്രഖ്യാപിക്കുന്നു. ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക് 2021 മേയ് 13ന് തിയറ്ററുകളിലെത്തും. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങിയ പിരീഡ് ത്രില്ലര്‍ പെരുന്നാള്‍ റിലീസായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗിലും പ്രീവ്യൂവിലും മികച്ച റിപ്പോര്‍ട്ടാണ് മാലിക്കിന് ലഭിച്ചതെന്ന് സിനിമാ കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്. അത്തരത്തില്‍ ഒരു നാടിന്റെ വളര്‍ച്ചയൊക്കെ നോക്കിക്കാണാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ കഥയാണ്. മാലികിന്റെ കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു. പല പ്രായത്തിലുളള ഗെറ്റപ്പുകളിലേയ്ക്ക് എത്തുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ഇത്തരം തയ്യാറെടുപ്പുകള്‍ എടുക്കുന്നത്.ഫഹദ് ഫാസില്‍
57 വയസുകാരനായ സുലൈമാന്‍. തീരദേശ ജനതയുടെ നായകന്‍. ഇരുപത് വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പ് അമ്പരപ്പിക്കുന്നതുമായിരുന്നു.
27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.
ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.
പൊതുവെ ഒരുപാട് മേക്കപ് ഇടേണ്ടി വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവെന്ന് ഫഹദ് പറയുന്നു. എന്നാല്‍ മാലിക് എന്ന കഥയോടുളള ഇഷ്ടം തന്നെ പിടിച്ചുനിര്‍ത്തി. തന്റെ ഗ്രാന്റ് ഫാദറിന്റെ ഒരു പഴയ ചിത്രത്തില്‍ നിന്നാണ് മാലിക്കിന്റെ രൂപം ഉണ്ടാകുന്നതെന്നും ഫഹദ് ദ ക്യുവിനോട് പറഞ്ഞു.
ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി ചിത്രത്തിനായി കൂറ്റന്‍ സെറ്റാണ് കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കിയിരിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ധന്യാ ബാലകൃഷ്ണനാണ് കോസ്റ്റിയൂം.
കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം എന്ന സിനിമയ്ക്കായി ലി വിറ്റാക്കര്‍ കൊറിയോഗ്രഫ് ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ ഹോളിവുഡ് സിനിമകളുടെ ശൈലിയോട് കിടപിടിക്കുന്നതായിരുന്നു. ഭീകരക്യാമ്പുകളിലെ ആക്ഷന്‍ രംഗങ്ങളും സ്‌പൈ ആക്ഷന്‍ സീക്വന്‍സുകളുമാണ് ഈ ചിത്രത്തില്‍ വിറ്റാക്കര്‍ ചെയ്തത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രവുമാണ് വിശ്വരൂപം. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍ അപ്പോകാലിപ്‌സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കര്‍ ആണ്.
Fahadh Faasil Malik release date censored with clean 'U'