'സീ യു സൂണി'ന്റെ വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി ഫഹദും മഹേഷ് നാരായണനും. കൊവിഡ് അതിജീവന കാലത്ത് സഹജീവികളായ സിനിമാ പ്രവർത്തകരോട് ഇരുവരും കാണിച്ച സ്നേഹത്തിന് നന്ദി അറിയിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ ഫഹദും നസ്റിയയും ചേർന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
'സീ യു സൂൺ' എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം.ബി ഉണ്ണികൃഷ്ണൻ
കൊവിഡും ലോക്ക് ഡൗണും മൂലം സിനിമാ മേഖല സ്തംഭിച്ചപ്പോള്‍ പരീക്ഷണ സാധ്യതകളിലൂടെയും, പ്രോട്ടോക്കോള്‍ പാലിച്ചും ചിത്രീകരിച്ച സിനിമയാണ് 'സീ യു സൂണ്‍'. മികച്ച ത്രില്ലർ എന്നതിലുപരി മലയാളിയ്ക്ക് പരിചയമില്ലാത്ത ചില സാങ്കേതിക വശങ്ങൾ കൂടി പരിചയപ്പെടുത്തി സിനിമ. കാഴ്ചയ്ക്ക് പുതിയ അനുഭവമായിരുന്നിട്ടും ഒടിടി റിലീസിൽ ആദ്യ കുറച്ച് മണിക്കൂറുകൾക്കുളളിൽ തന്നെ ലോകമെമ്പാടുമുളള പ്രേക്ഷകർ 'സീ യു സൂൺ' ഏറ്റെടുത്തു. ആമസോണ്‍ പ്രൈമിൽ സെപ്തംബര്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ പ്രിമിയര്‍. ഫഹദ് ഫാസിലും, റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രനുമായിരുന്നു പ്രാധാന കഥാപാത്രങ്ങൾ.
മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'മാലിക്' ആണ് ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ കാത്തിരിക്കുന്ന അടുത്ത ചിത്രം. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. നിമിഷ സജയന്‍ ആണ് നായിക. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം.