ഇതരഭാഷാ താരങ്ങളിൽ കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന വിതരണാവകാശ തുക ലഭിക്കാറുള്ളത് ദളപതി വിജയ്ക്കാണ്. വിജയ് ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെടുക്കുന്നത് ഒരു മലയാള ചിത്രത്തിന്റെ ശരാശരി ബജറ്റിന് മുകളിൽ ചെലവഴിച്ചാണ്. കേരളത്തിലെ തിയറ്ററുടമകളുടെ സംഘടന ഫിയോക് വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമ കേരളത്തിൽ വിതരണത്തിനെടുക്കാൻ ശ്രമിക്കുന്നുവെന്ന പ്രചരണമുണ്ടായത് ട്വിറ്ററിലാണ്. 15 കോടിയാണ് ലിയോ കേരളാ റൈറ്റ്സിന് നിർമ്മാതാക്കൾ ചോദിക്കുന്നതെന്നും ഫിയോക് വിലപേശൽ തുടരുകയാണെന്നും വിവിധ ട്രേഡ് അനലിസ്റ്റുകളും ഫിലിം ട്രാക്കിംഗ് ട്വിറ്റർ ഹാൻഡിലുകളും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 'ലിയോ'യുടെ കേരളത്തിലെ വിതരണാവകാശം ഫിലിം എക്സിബിറ്റേഴ്സ് സംഘടന ഫിയോക്ക് സ്വന്തമാക്കുന്നുവെന്നവാർത്ത തെറ്റാണെന്ന് ഫിയോക് എക്‌സിക്യൂട്ടിവ് അംഗവും ഷേണോയ്സ് ഗ്രൂപ്പ് തിയറ്ററുകളുടെ ഉടമയുമായ സുരേഷ് ഷേണായ് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ തെറ്റാണ്.
2019ൽ വിജയ് ചിത്രം ബിഗിൽ കേരളാ വിതരണാവകാശം സ്വന്തമാക്കിയത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആയിരുന്നു. വിതരണക്കാരുടെ സംഘടന ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോകും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുണ്ടാക്കിയ ധാരണ ലംഘിച്ച് ബിഗിൽ 300നടുത്ത് സ്ക്രീനുകളിൽ റിലീസ് ചെയ്തതിന് മാജിക് ഫ്രെയിംസിന് ഫിയോക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതരഭാഷാ ചിത്രങ്ങൾ 125 തിയറ്ററുകളിൽ റിലീസ് ചെയ്താൽ മതിയെന്നായിരുന്നു അന്നത്തെ സംഘടനാ തീരുമാനം. വിജയ് ചിത്രം വൈഡ് റിലീസ് ചെയ്തതിന് വിലക്കേർപ്പെടുത്തിയ ഫിയോക് തന്നെ വിജയുടെ പുതിയ ചിത്രം ലിയോ വൻതുക മുടക്കി കേരളത്തിൽ വൈഡ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന രീതിയിലായിരുന്നു ട്വിറ്ററിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചത്. ഇക്കാര്യമാണ് ഫിയോക് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.
500 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടി പ്രദർശനം അവസാനിപ്പിച്ച കമൽഹാസൻ ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. പൂജാ റിലീസായി ഒക്ടോബർ 19നാണ് ലിയോ തിയറ്ററുകളിലെത്തുക. മാസ്റ്റർ എന്ന സിനിമക്ക് ശേഷം ലോകേഷും വിജയും ഒരുമിക്കുന്ന ചിത്രവുമാണ് ലിയോ. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്സും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്. ത്രിഷ, സഞ്ജയ് ദത്ത്, അർജുൻ, മിഷ്കിൻ, ഗൗതം മേനോൻ, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങൾ.
കെെദി, വിക്രം എന്നി സിനിമകളെപോലെ ലിയോയും ലോകേഷ് കനകരാജ് യുണിവേഴ്സിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന് പിന്നീട് അറിയിക്കുമെന്നും സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ അടുത്ത അപ്‌ഡേറ്റ് വിജയ്യുടെ പിറന്നാൾ ദിനമായ ജൂൺ ഇരുപത്തി രണ്ടിന് പുറത്തുവിടുമെന്ന് സിനിമയുടെ നിർമ്മാതാവായ ലളിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനിരുദ്ധ് രവിചന്ദറാണ് മ്യൂസിക്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം.