‘നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങള്‍ എന്ത് പറയും?’
വിനായകന്‍ നായകനായ തൊട്ടപ്പന്‍ എന്ന സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗിന് പിന്നാലെ വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. രണ്ടരമണിക്കൂര്‍ സിനിമ വെട്ടിച്ചുരുക്കി രണ്ട് മണിക്കൂറാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിനെതിരെ രംഗത്ത് വന്നിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍. തൊട്ടപ്പന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം. രണ്ടര മണിക്കൂര്‍ സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ടെന്ന് തൊട്ടപ്പന്‍ ഒഫീഷ്യല്‍ എഫ് ബി പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ഫ്രാന്‍സിസ് നറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയുടെ ചലച്ചിത്രരൂപമാണ് സിനിമ. കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ പി എസ് റഫീഖ് ആയിരുന്നു. വിനായകനൊപ്പം റോഷന്‍ മാത്യുവും പ്രധാന റോളിലെത്തി. പ്രിയംവദാ കൃഷ്ണനായിരുന്നു നായിക.
തൊട്ടപ്പന്‍ ടീമിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ച തൊട്ടപ്പന്‍ ഈ ആഴ്ച്ച നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ആയിരുന്നു. തീയേറ്ററില്‍ സിനിമ കാണാതിരുന്നവര്‍ ഓണ്‍ലൈന്‍ റിലീസിന് ശേഷം ഒറ്റിത്തിരി നല്ല അഭിപ്രായങ്ങള്‍ അറിയിച്ചതിലും ഏറെ സന്തോഷം.
ഇപ്പോഴിതാ സിനിമയുടെ വ്യജപതിപ്പിപ്പുകളും ഓണ്‍ലൈനില്‍ വ്യാപകമായിരിക്കുന്നതായും അറിയുന്നു.. എന്നാല്‍ സിനിമയോട് നീതിപുലര്‍ത്താതെ രണ്ടര മണിക്കൂര്‍ ഉള്ള ചിത്രം, രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. മുഴുവന്‍ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങള്‍ കാണിക്കണമായിരുന്നു...
രണ്ടര മണിക്കൂര്‍ സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്.
നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകര്‍ക്കുന്ന ഒന്നായെ കാണാനാകൂ..
സിനിമക്ക് വരുന്ന സാമ്പത്തിക നഷ്ട്ടതിനേക്കാള്‍ അപ്പുറം, സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണ് ഇത്.അതേസമയം നിങ്ങള്‍ ഇത് യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തതില്‍ ഒരു പരാതിയോ പരിഭവമോ ഞങ്ങള്‍ക്കില്ല, പക്ഷെ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങള്‍ തകര്‍ക്കുന്നത് എന്നതില്‍ ഏറെ ദുഃഖമുണ്ട്.
യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങള്‍ പങ്ക് വെച്ചവര്‍ക്കും നന്ദി! നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങള്‍ എന്ത് പറയും? എന്ന് ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു.