ഇന്ത്യ, പാക്കിസ്ഥാൻ, മാലി ദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ടെലിവിഷൻ സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കൻ ചാനലുകളായ എച്ച്ബിഒയും ഡബ്ല്യുബിയും. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാർണർ മീഡിയ ഇന്റർനാഷനൽ അറിയിച്ചു. വാർണർ മീഡിയയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോം എച്ച്ബിഒ മാക്സിന്റെ വരവിന്റെ മുന്നോടിയാണ് ഈ അടച്ചുപൂട്ടൽ. ഡിസംബർ 15 മുതലാണ് നിയന്ത്രണം. അടുത്തവർഷത്തോടെ എച്ച്ബിഒ മാക്സ് ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് പ്രതിസന്ധിയും പ്രേക്ഷകർ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതുമാണ് തീരുമാനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാർട്ടൂൺ നെറ്റ്വർക്കും പോഗോ ചാനലും ലഭ്യമാകും. ഇവയുടെ മേൽനോട്ടത്തിനായി മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും.
കുട്ടികൾക്കായുളള ടെലിവിഷൻ ചാനലുകളുടെ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാർണർ മീഡിയ ഇന്റർനാഷനൽ വ്യക്തമാക്കി. സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന തീരുമാനം കടുപ്പമേറിയതായിരുന്നു എന്ന് വാർണർ മീഡിയ സൗത്ത് ഏഷ്യാ എംഡി സിദ്ധാർഥ് ജെയിൻ അഭിപ്രായപ്പെട്ടു.