രാജാക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കാന്‍ ആന്റണി എന്ന പൊലീസുദ്യോഗസ്ഥന്‍ ബസില്‍ വരുന്നിടത്താണ് ദൃശ്യം സിനിമ തുടങ്ങുന്നത്. സിനിമയിലെ ആദ്യസംഭാഷണവും ഈ കഥാപാത്രത്തെ അവതരിപ്പിച്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേതായിരുന്നു. ദൃശ്യം സെക്കന്‍ഡ് ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫീസറായി ജോയിന്‍ ചെയ്ത ആന്റണി എസ്.ഐയുടെ റോളിലാണ് രണ്ടാം ഭാഗത്തില്‍. സിനിമയില്‍ ആന്റണിയുടേത് മുഴുനീള റോള്‍ ആയിരിക്കുമോ എന്നും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
പുതുതായി പണിപൂര്‍ത്തിയായ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ വരുണ്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒപ്പിടാനെത്തിയ മോഹന്‍ലാല്‍ കഥാപാത്രത്തെ നോക്കി 'ഇതാ ജോര്‍ജുകുട്ടിയല്ലേ', എന്ന ചോദ്യം ആന്റണി ചോദിക്കുന്നതിന് പിന്നാലെയാണ് ദൃശ്യം ഫ്‌ളാഷ് ബാക്ക്. ദൃശ്യം രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ മുരളി, ഗോപി, കെ.ബി ഗണേഷ് കുമാര്‍, ബോബന്‍ സാമുവേല്‍ എന്നിവരും പൊലീസ് ഓഫീസര്‍മാരായുണ്ട്. ആദ്യഭാഗത്തില്‍ രാജിവച്ച് വിദേശത്തേക്ക് പോയ ഐ.ജി ഗീതാ പ്രഭാകറിനെയും പൊലീസ് യൂണിഫോമില്‍ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാമായിരുന്നു.
2013 ഡിസംബര്‍ 19ന് റിലീസ് ചെയ്ത ദൃശ്യം 75 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് നേട്ടം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ അതുവരെയുള്ള വിജയങ്ങളെയും മലയാളത്തിലെ സകല റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ അന്നത്തെ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് സിംഹള, ചൈനീസ് പതിപ്പും പുറത്തുവന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ദൃശ്യം സെക്കന്‍ഡ് തിയറ്റര്‍ റിലീസാണ് പ്ലാന്‍ ചെയ്യുന്നത്. സതീഷ് കുറുപ്പാണ് ക്യാമറ. സെപ്തംബര്‍ 21ന് തുടങ്ങിയ ചിത്രീകരണം നവംബറില്‍ ആദ്യവാരത്തോടെ അവസാനിക്കും.
drishyam 2 antony perumbavoor's police role