Film News

ഡോ ബിജു അഭിമുഖം : ഇവിടെ പുരസ്‌കാരങ്ങളുടെ മൂല്യത്തിനല്ല, ആര്‍ക്ക് ലഭിച്ചു എന്നതിനാണ് പ്രാധാന്യം  

വി എസ് ജിനേഷ്‌

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായിരിക്കുകയാണ് ഡോ. ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം വെയില്‍മരങ്ങള്‍. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ്. സിനിമയെ പ്രതിനിധീകരിച്ച് നായകന്‍ ഇന്ദ്രന്‍സും സംവിധായകന്‍ ഡോ ബിജുവിനൊപ്പം ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. പുരസ്‌കാര നിറവില്‍ തന്റെ ചിത്രങ്ങളെക്കുറിച്ചും സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും ഡോ ബിജുവിന് പറയാനുള്ളത്.

ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്ന് ഒരു സിനിമ ആദ്യമായി അവാര്‍ഡ് നേടുകയാണ്. കാനില്‍ ആദ്യ സിനിമയുമായി പോയിട്ടുണ്ട്. വെയില്‍മരങ്ങളുമായി ഷാങ്ങ്ഹായിയിലെത്തുമ്പോള്‍ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എങ്ങനെ വളര്‍ന്നുവെന്നാണ് കരുതുന്നത് ?

ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന്റെ ഗുണമെന്തെന്ന് വച്ചാല്‍ അതില്‍ നമ്മള്‍ക്ക് നമ്മുടെ തന്നെ സ്‌കെയില്‍ ഉയര്‍ത്താന്‍ കഴിയും. അവിടെ നമ്മള്‍ കാണുന്നത് വളരെ പ്രധാനപ്പെട്ട സംവിധായകരുടെ സാങ്കേതികപരമായും പ്രമേയപരമായും മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ്. ആ ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കണമെങ്കില്‍ ആ നിലവാരത്തിലേക്കെത്തുന്ന ചിത്രങ്ങള്‍ നമ്മള്‍ ചെയ്യണം. ലോകത്തെ പ്രധാന സിനിമാക്കാരോടാണ് നാം മത്സരിക്കുന്നത്. അതിന് നമ്മളെതന്നെ പ്രാപ്തരാക്കുക എന്നതും അതിനൊത്ത ചിത്രം ചെയ്യുക എന്നതുമാണ് അതിലെ വെല്ലുവിളിയും ചലഞ്ചും.

മത്സരിക്കേണ്ടത് ഇത്തരം ലോകസിനിമകളോട് ആണെന്ന് മുന്നില്‍ കാണുമ്പോള്‍ ബോധപൂര്‍വ്വം അതിനൊപ്പം നില്‍ക്കുന്ന ചിത്രമെടുക്കാനുള്ള ശ്രമങ്ങളുണ്ടാവുകയും നമ്മളെ തന്നെ നവീകരിക്കാന്‍ സാധിക്കുകയും ചെയ്യും. മലയാളത്തിനും ഇന്ത്യക്കും അപ്പുറത്തേക്ക് ചിന്തിക്കാനും സ്വയം ഉയരാനും നമ്മള്‍ക്ക് കഴിയുന്നു.

ഇന്റര്‍നാഷനല്‍ ഓഡിയന്‍സ് താങ്കളുടെ മിക്ക സിനിമകളും പല ഫെസ്റ്റിവലുകളിലായി കാണുന്നുണ്ട്. അവരുടെ അഭിപ്രായം അടുത്ത സിനിമ ചെയ്യുമ്പോള്‍ സ്വാധീനിക്കാറുണ്ടോ. ലോക മാസ്റ്റേഴ്സില്‍ പ്രധാനിയായ ഇനരിത്തു, കിം കി ഡുക്ക്, അസ്ഹര്‍ ഫര്‍ഹാദി, എന്നിവരുമായി സൗഹൃദം ഉണ്ടാക്കുന്നത് രാജ്യാന്തര ചലച്ചിത്രമേളയില്‍ വച്ചാണ്. അവരുടെ സ്വാധീനം എത്തരത്തിലാണ്. ഇവരില്‍ ആരൊക്കെ സിനിമ കണ്ട് അഭിപ്രായം പറഞ്ഞിട്ടുണ്ട് ?

ജൂറി ചെയര്‍മാന്‍ നൂറി ബിള്‍ജ് സീലന്‍ ലോകത്ത് തന്നെ ഒരുപാട് ആളുകള്‍ ഇഷ്ടപ്പെടുന്ന സംവിധായകാണ്. അദ്ദേഹത്തിന് മുന്നില്‍ ഒരു സിനിമ കാണിക്കുമ്പോള്‍ നമുക്ക് ആത്മവിശ്വാസത്തോടെ ഒരു ചിത്രം കാണിക്കുക എന്നത് പ്രധാനമാണ്. ഇനരിത്തു, കിം കി ഡുക്ക് എന്നിവരുമായൊക്കെ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. അവര്‍ക്കൊക്കെ മുന്നില്‍ ഒരു സാധാരണ സിനിമ കൊണ്ട് ചെല്ലാന്‍ കഴിയില്ല. അതില്‍ എന്തെങ്കിലും ഔട്ട്സ്റ്റാന്‍ഡിങ്ങായ ഒന്ന് വേണം. ഇവരൊക്കെ ഏതെങ്കിലും ഒരു വേദിയില്‍ വെച്ച് നമ്മുടെ സിനിമ കാണുമെന്നുള്ളത് കൊണ്ട് തന്നെ നമ്മള്‍ അതേ മികച്ച നിലവാരത്തിലേക്ക് ഉയരാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. നൂറി ബിള്‍ജിനെ കൂടാതെ ഓസ്‌കാര്‍ നേടിയ റോമയുടെ നിര്‍മാതാവ്, ചൈനീസ് അഭിനേതാവായ വാങ്ങ് ജിങ്ചുന്‍ തുടങ്ങിയവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. സംവിധായകന്‍, ക്യാമറമാന്‍ മികച്ച നടന്‍ എന്നിങ്ങനെ നാലഞ്ച് കാറ്റഗറിയില്‍ പരിഗണിച്ചിരുന്ന ചിത്രമാണ് വെയില്‍ മരങ്ങള്‍. അത്‌കൊണ്ട് തന്നെയാണ് ഔട്ട്സ്റ്റാന്‍ഡിങ്ങ് കാറ്റഗറിയില്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.ഛായഗ്രഹണവും അഭിനയവും പ്രമേയവുമെല്ലാം അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഇന്ത്യയിലെ ദളിത് പ്രശ്‌നങ്ങള്‍ റിയലിസ്റ്റിക്കായി ചര്‍ച്ച ചെയ്യുന്നു എന്ന തരത്തില്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിവ്യൂ എഴുതി. ആദ്യ ഇംപ്രഷന്‍ എന്ന നിലയില്‍ മികച്ച അഭിപ്രായമാണ് നമുക്ക് കിട്ടുന്നത്.

അവര്‍ക്കൊക്കെ മുന്നില്‍ ഒരു സാധാരണ സിനിമ കൊണ്ട് ചെല്ലാന്‍ കഴിയില്ല. അതില്‍ എന്തെങ്കിലും ഔട്ട്സ്റ്റാന്‍ഡിങ്ങായ ഒന്ന് വേണം. ഇവരൊക്കെ ഏതെങ്കിലും ഒരു വേദിയില്‍ വെച്ച് നമ്മുടെ സിനിമ കാണുമെന്നുള്ളത് കൊണ്ട് തന്നെ നമ്മള്‍ അതേ മികച്ച നിലവാരത്തിലേക്ക് ഉയരാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും

കുടക്കമ്പിയെന്ന കോമഡി സ്റ്റീരിയോടൈപ്പുകളില്‍ നിന്ന് രാജ്യാന്തര വേദിയിലെത്തിയ നടനാവുകയാണ് ഇന്ദ്രന്‍സ്. നേരത്തെ സുരാജ് വെഞ്ഞാറമ്മൂട് രാജ്യത്തെ മികച്ച നടനായതും താങ്കളുടെ സിനിമയിലൂടെയാണ്. എന്തുകൊണ്ടാണ് ഇന്ദ്രന്‍സിനെ ഈ കഥാപാത്രം ഏല്‍പ്പിച്ചത്. ദളിത് ശരീരം എന്ന നിലയില്‍ ഈ നടനെ പരിഗണിക്കാനുള്ള കാരണം ?

ഹോളിവുഡ് റിപ്പോര്‍ട്ടറുടെ ലേഖകന്‍ പിന്നീട് സംസാരിച്ചപ്പോള്‍ ഇന്ദ്രന്‍സേട്ടന്‍ ഇവിടെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച, കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്ന ഒരാളാണെന്ന് പറഞ്ഞു. അവര്‍ക്കത് വിശ്വസിക്കാനായില്ല. കോമഡി ചെയ്ത ഒരാളാണ് ഇത്രയ്ക്ക് ഫീല്‍ ഉള്ള കഥാപാത്രം ചെയ്തതെന്ന്. ഞങ്ങള്‍ ഒരുമിച്ച് നാലാമത്തെ സിനിമയാണ്. എല്ലാ ചിത്രത്തിലും ഗൗരവമായ കഥാപാത്രമാണ് ഇന്ദ്രന്‍സിന്റേത്. 2012ലാണ് ആകാശത്തിന്റെ നിറം ചെയ്യുന്നത്. അന്ന് ഇന്ദ്രന്‍സേട്ടന്‍ സീരിയസായിട്ടുള്ള കഥാപാത്രം ചെയ്ത് തുടങ്ങിയിട്ടില്ല. ആ സമയത്ത് പോലും ഒട്ടും തമാശയല്ലാത്ത കഥാപാത്രമായിട്ടാണ് കാസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ദ്രന്‍സേട്ടന്റെ കാലിബര്‍ നമുക്കറിയാം, ഒരു സാധാരണക്കാരനായി അദ്ദേഹത്തിനെ മാറ്റിയെടുക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ ആണ് അദ്ദേഹം ഈ കഥാപാത്രത്തിലേക്ക് വരുന്നത്. എല്ലാ അഭിനേതാക്കളും അങ്ങനെയാണ് ഈ സിനിമയിലേക്കെത്തുന്നത്. സരിത കുക്കുവാണ് മറ്റൊരു കഥാപാത്രമാവുന്നത്, അവരും വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പിന്നെ പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അശോക് കുമാര്‍ അവരൊക്കെ ചിത്രത്തിന് വേണ്ട ശരീര ഭാഷയുള്ളവരാണ്.

ദളിത് വിരുദ്ധതയില്‍ മനംനൊന്ത് കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്തയാളുടെ കഥ എന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിവ്യൂ, ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം അത്രമേല്‍ ദളിത് വിരുദ്ധ സംസ്ഥാനമാണോ ?

കേരളത്തിലാണ് മധുവിനെ കൊലപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലാണ് വിനായകന് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുള്ളത്. ഇവിടെയാണ് നാടോടികളായ സ്ത്രീകളെ പിടിച്ചു പറിക്കാരായും പോക്കറ്റടിക്കാരുമായി കാണുന്നത്. കേരളം വളരെ മുന്നിലാണെന്നത് നമ്മുടെ മിഥ്യാധാരണ മാത്രമാണ്, റിയാലിറ്റിയിലല്ല. പിന്നെ മറ്റ് സംസ്ഥാനങ്ങളിലുള്ള പോലെ പരസ്യമായി വിവേചനം ഉണ്ടാവുന്നില്ലെന്ന് മാത്രം. ജാതിയുമായി ബന്ധപ്പെട്ട വിവേചനം പല സംസ്ഥാനത്തും പരസ്യമായും രഹസ്യമായും നിലനില്‍ക്കുന്നു എന്നതതില്‍ സംശയമില്ല. പക്ഷേ ഈ സിനിമയില്‍ അതിനെ വളരെ ജനുവനായിട്ടാണ് കാണിച്ചിരിക്കുന്നത്. ജാതിയമായ വേര്‍തിരിവ് എന്നതിനപ്പുറം അടിസ്ഥാനപരമായി ആ വിഭാഗത്തില്‍ പെടുന്ന ആളുകളുടെ ജോലിയുടെ അസ്ഥിരത, അവര്‍ നേരിടുന്ന സാമൂഹ്യ അരക്ഷിതാവസ്ഥ ഇതൊക്കെയാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. അതില്‍ തന്നെ അവസാനം ആ കഥാപാത്രങ്ങളെ ഡിഗ്നിറ്റിയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അവര്‍ എല്ലാം നിസാഹയരാണെന്നോ വളരെ പാവപ്പെട്ട മനുഷ്യരാണെന്നോ അല്ല വളരെ ധൈര്യത്തോടെ എല്ലാം നേരിടുന്നവരായിട്ടാണ് കാണിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍,ഫാന്‍ഡ്രിയേക്കാള്‍ റിയലിസ്റ്റിക്കായി ഡിഗ്നിഫൈഡായി ഈ വിഷയം കൈകാര്യം ചെയ്തിട്ടുളള ചിത്രമാണെന്ന് വിലയിരുത്തിയത്.

ജാതിയമായ വേര്‍തിരിവ് എന്നതിനപ്പുറം അടിസ്ഥാനപരമായി ആ വിഭാഗത്തില്‍ പെടുന്ന ആളുകളുടെ ജോലിയുടെ അസ്ഥിരത, അവര്‍ നേരിടുന്ന സാമൂഹ്യ അരക്ഷിതാവസ്ഥ ഇതൊക്കെയാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. അതില്‍ തന്നെ അവസാനം ആ കഥാപാത്രങ്ങളെ ഡിഗ്നിറ്റിയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഫിലിം മേക്കിംഗില്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഉണ്ടോ, എല്ലാ സിനിമകളുടെയും ഉള്ളടക്കം സാമൂഹ്യ പ്രശ്നങ്ങളാണ്

സിനിമയില്‍ ആകെ രണ്ട് വിഭാഗങ്ങളാണ് ഉളളത്. അതില്‍ ഒന്ന് എന്റര്‍ടെയ്‌മെന്റാണ്. അത് പ്രേക്ഷകരെ രസിപ്പിക്കുക എന്നതാണ്. അതില്‍ മാന്യമായും മാന്യമല്ലാതെയും സഭ്യമായും സഭ്യമല്ലാതെയുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കാം. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമേ അതില്‍ ബാധകമാകുന്നുള്ളു. അത് എത്രത്തോളം അന്തസോടെ ചെയ്യാമെന്നത് ഒരാളുടെ മൊറാലിറ്റിയുമായി ബന്ധപ്പെട്ടതാണ്.രണ്ടാമത്തെതാണ് കല എന്തിനാണ് എന്നുളളതുമായി ബന്ധപ്പെട്ടത്. അത് ആള്‍ക്കാരെ രസിപ്പാക്കാന്‍ മാത്രമാണോ അതോ സോഷ്യല്‍ ടൂള്‍ കൂടിയാണോ എന്ന ചോദ്യം.

എന്നെ സംബന്ധിച്ചടുത്തോളം കല എന്നത് ഒരു സോഷ്യല്‍ ടൂള്‍ കൂടിയാണ്. വെറുതെ പ്രേക്ഷകരെ രസിപ്പിക്കാന്‍ മാത്രമുള്ളതല്ല, എല്ലാ സിനിമാക്കാരും സോഷ്യല്‍ ഇഷ്യു ഉള്ള സിനിമ മാത്രമെടുക്കുന്നതിലും അര്‍ഥമില്ല. ഇതില്‍ ഒരു ബാലന്‍സ് വേണം. ഒരു സമൂഹത്തിന് ഇത് രണ്ടും വേണം. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ അളവ് കുറയുമ്പോഴാണ് അപകടകരമായ അവസ്ഥയിലേക്ക് പോകുന്നത്. പൂര്‍ണ്ണമായും എന്റര്‍ടെയ്‌മെന്റിലേക്ക് പോകുമ്പോള്‍ കല എന്ന മാധ്യമത്തിന് ഒരു ഇടിവ് സംഭവിക്കുന്നുണ്ട്. വ്യക്തിപരമായി ഞാന്‍ കലയെ ഒരു സോഷ്യല്‍ ടൂള്‍ എന്ന നിലയില്‍ കൂടി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. അതില്‍ ഇതുവരെ ഒരു വിട്ടുവീഴ്ച ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.

അവാര്‍ഡ് സിനിമകള്‍ മാത്രമാണ് നല്ലതെന്ന പ്രചരണം സമാന സിനിമാക്കാര്‍ക്കുണ്ട് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടോ.. വാണിജ്യ സ്വഭാവത്തില്‍ തന്നെ സുഡാനി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതല്‍, ഈമയൗ പോലെ പടങ്ങള്‍ വരികയും, രാജ്യാന്തര അംഗീകാരം നേടുകയും ചെയ്യുന്നില്ലേ

അത്തരത്തില്‍ സിനിമകളുണ്ടാകുന്നുണ്ട്. പക്ഷേ അതിനകത്ത് സുഡാനി മാത്രമാണ് ഇന്ത്യക്ക് പുറത്തേക്ക് പോയത്. സുഡാനി പുരസ്‌കാരം നേടിയതിന് ശേഷമാണ് ഇവിടെ റിലീസ് ചെയ്തിരുന്നത് എങ്കില്‍ ആലോചിച്ചാല്‍ മതി അതിന്റെ സത്യാവസ്ഥ അറിയാം. സുഡാനി ഇന്ത്യക്ക് പുറത്തുള്ള ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണെങ്കില്‍ ഇതൊരു ഫെസ്റ്റിവല്‍ ആര്‍ട് സിനിമ എന്ന പേരില്‍ തിയ്യേറ്ററുകളില്‍ നിന്നകലുമായിരുന്നു. സക്കരിയ എന്ന പുതിയ സംവിധായകന്റെ ഒരു കൊമേഴ്‌സ്യല്‍ ടച്ചുള്ള സിനിമ എന്ന നിലയിലാണ് ചിത്രം റിലീസ് ചെയ്തത്. വേറിട്ട ചിത്രമായത് കൊണ്ട് വിജയിച്ചു. അതിന് ശേഷമാണ് അത് ഫെസ്റ്റിവലിലേക്ക് പോകുന്നത്. മറിച്ച് വിജയിക്കാനുള്ള സാഹചര്യം ഇവിടെയില്ല. നമ്മുടെ ഒക്കെ പ്രശ്‌നമെന്തെന്നാല്‍ നമ്മള്‍ ഫെസ്റ്റിവലില്‍ സിനിമ കൊണ്ടു പോകുന്ന അല്ലെങ്കില്‍ അവാര്‍ഡ് കിട്ടുന്ന സംവിധായകന്‍ എന്ന തരത്തില്‍ ബ്രാന്‍ഡഡാണ്. നമ്മുടെ ചിത്രങ്ങള്‍ തിയ്യേറ്ററില്‍ വരുമ്പോള്‍ അതിന് പോകണ്ട എന്ന രീതിയിലാണ് കാണുന്നത്.

അത്തരം ബ്രാന്‍ഡിങ്ങ് പൊളിക്കണമെന്നാഗ്രഹിച്ചിട്ടില്ലേ ?

നമ്മളെ ബ്രാന്‍ഡ് ചെയ്യുന്നത് പലപ്പോഴും നമ്മുടെ ചിത്രം കാണാതെയാണ്. അവാര്‍ഡ് സിനിമ എന്ന പറയുന്ന എത്രപേര്‍ ചിത്രം കാണുന്നു എന്നത് പ്രശ്‌നമാണ്. പക്ഷേ അതേ സമയത്ത് തന്നെ ഇത്തരം സിനിമകള്‍ വളരെ വ്യാപകമായി ആളുകള്‍ കണ്ടിട്ടുണ്ട്. അത് തിയ്യേറ്ററുകളിലല്ല മറിച്ച് ഫിലിം സൊസൈറ്റികളിലൂടെയും ക്യാമ്പസുകളിലൂടെയുമാണ്. കാടു പൂക്കുന്ന നേരം ചലച്ചിത്ര അക്കാദമി 250 ഓളം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇരട്ടി കോളേജുകളില്‍ പ്രദര്‍ശിപ്പിച്ചു. അങ്ങനെ പാരലലായി സിനിമ കാണുന്നുണ്ട്. തിയ്യേറ്ററുകളില്‍ വന്ന് കാണുന്നില്ലെന്ന് മാത്രം. ഇതൊന്നും ആരും കണക്കുകൂട്ടുന്നില്ല.

കേരളം വേണ്ടത്ര പരിഗണിക്കാതിരുന്നുവെന്ന തോന്നലുണ്ടോ. ഇത്തവണ അവാര്‍ഡ് കിട്ടിയപ്പോള്‍ മലയാളത്തിലെ താരങ്ങളോ ചലച്ചിത്ര മേഖലയിലുള്ളവരോ അഭിനന്ദിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. വളരെ കുറച്ചു പേര്‍ മാത്രമാണ് അഭിനന്ദനവുമായെത്തിയത്. ഡോ ബിജുവിനെ പരിഗണിക്കേണ്ട എന്ന് തോന്നുന്നുണ്ടോ അവര്‍ക്ക്. ?

അത് ഒരു കാര്യമായി കണക്കാക്കുന്നില്ല. അഭിനന്ദേക്കണ്ടവര്‍ക്ക് അഭിനന്ദിക്കാം, ഇപ്പോള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അതൊരു ചരിത്രമാണ്. അത് മാറാന്‍ പോകുന്നില്ല, ഇന്ത്യയില്‍ ആദ്യമായി ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചിത്രമായെന്നത് ഇനി മാറാന്‍ പോകുന്നില്ല. ഇവിടെ പ്രശ്‌നം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ആളുകളാണെങ്കില്‍ കുറച്ചു കൂടി വാര്‍ത്താ പ്രാധാന്യമുണ്ടാകും. ഇവിടെ പുരസ്‌കാരങ്ങളുടെ നേട്ടങ്ങളുടെ മൂല്യത്തിനല്ല മറിച്ച് ആളുകളാണ് പ്രധാനമെന്ന രീതിയാണ്. ആര്‍ക്ക് അത് കിട്ടുന്നുവെന്നതാണ്. ഒരേ പുരസ്‌കാരം രണ്ട് പേര്‍ക്ക് കിട്ടുമ്പോള്‍ അതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നയാള്‍ക്കാണ് ഇവിടെ പ്രാധാന്യം ലഭിക്കുന്നത്.

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT