തിരക്കഥാകൃത്തും സുഹൃത്തുമായ നിസാം റാവുത്തറുടെ മരണത്തിൽ കുറിപ്പുമായി സംവിധായകൻ ഡോ.ബിജു. വർഷങ്ങൾ നീണ്ട സൗഹൃദമാണ് തങ്ങൾ തമ്മിലുള്ളതെന്നും രണ്ട് ദിവസം മുമ്പാണ് നിസാം തന്നെ അവസാനമായി വിളിച്ചത് എന്നും ഡോ. ബിജു പറയുന്നു. പുതിയ സിനിമയായ ഒരു ഭാരത സർക്കാർ ഉത്പന്നത്തിന്റെ സെൻസറിങ് കഴിഞ്ഞപ്പോൾ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാൻ വേണ്ടിയായിരുന്നു വിളിച്ചത്. തന്റെ വലിയ ചിറകുള്ള പക്ഷികൾ എന്ന ചിത്രം ഉണ്ടാവാൻ കാരണം തന്നെ നിസാമാണെന്ന് ബിജു പറഞ്ഞു. എൻഡോ സൾഫാൻ ദുരന്ത ബാധിതർക്കൊപ്പം അവരുടെ എല്ലാ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു നിസാം. ഇക്കാലത്ത് അപൂർവ്വമായ ആദർശവും, നിലപാടും ഒപ്പം മനുഷ്യ സ്നേഹമുള്ള കഥാകൃത്തും സിനിമാ പ്രവർത്തകനും കൂടിയായിരുന്നു നിസാം എന്ന് ഡോ ബിജു ഓർക്കുന്നു. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങൾ എന്ന സിനിമയ്ക്ക് ലൊക്കേഷൻ കണ്ടു പിടിക്കാൻ സഹായിച്ചതും നിസാം ആണെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച് പോസ്റ്റിൽ ബിജു പറഞ്ഞു.
ഡോ.ബിജുവിന്റെ പോസ്റ്റ്:
അവിശ്വസനീയം ...
പ്രിയ നിസാം യാത്രയായി ..
വെളുപ്പാൻ കാലത്ത് നിശബ്ദമായി കടന്നു വന്ന ഹാർട്ട് അറ്റാക്ക്. രണ്ടു ദിവസം മുൻപാണ് അവസാനമായി വിളിച്ചത്. നിസാം എഴുതിയ പുതിയ സിനിമ ഒരു ഭാരത സർക്കാർ ഉത്പന്നം സെൻസറിങ് കഴിഞ്ഞപ്പോൾ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാൻ. അടുത്ത ദിവസങ്ങളിൽ അടൂരിൽ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോൺ വച്ചത്. എത്രയോ വർഷങ്ങളുടെ സൗഹൃദമാണ്. കാസർഗോഡ് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ആയി ജോലിചെയ്ത സമയത്ത് നിസാമിന്റെ കൂടെ ആയിരുന്നു താമസം. നിസാം അന്ന് കാസർഗോഡ് ഹെൽത്ത് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്നു. വലിയ ചിറകുള്ള പക്ഷികൾ സിനിമ ഉണ്ടാകുന്നത് തന്നെ നിസാം കൂടെ ഉണ്ടായിരുന്നതിനാലാണ്. ആ സിനിമയുടെ സ്ക്രിപ്റ്റ് മുതൽ നിസാം ഒപ്പം ഉണ്ടായിരുന്നു . കാസർഗോട്ടെ എൻഡോ സൾഫാൻ ദുരന്ത ബാധിതർക്കൊപ്പം അവരുടെ എല്ലാ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒപ്പം നിസാം ഉണ്ടായിരുന്നു എപ്പോഴും. ആദർശവും , നിലപാടും , മനുഷ്യ സ്നേഹവുമുള്ള കഥാകൃത്തും സിനിമാ പ്രവർത്തകനും ആയിരുന്നു നിസാം. ഇക്കാലത്തെ അപൂർവമായ ഒന്ന്.
എന്റെ എല്ലാ സിനിമകളുടെയും കഥയും തിരക്കഥയും ഒക്കെ ആദ്യം ഞാൻ വിളിച്ചു പറയുന്ന ചുരുക്കം ചിലരിൽ ഒരാൾ ആയിരുന്നു നിസാം. ഒരു ദിവസം അടൂരെ എന്റെ വാടക വീട്ടിൽ വെച്ച് പേരറിയാത്തവർ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചു കുറെ നേരം കരഞ്ഞ നിസാം,
ഏറ്റവും പുതിയ സിനിമയായ അദൃശ്യ ജാലകങ്ങൾ സിനിമയ്ക്ക് കാസർഗോഡ് മുഴുവൻ സഞ്ചരിച്ചു ലൊക്കേഷൻ കാട്ടി തന്നത് നിസാം ആണ്. ഗോവയിലും കേരളത്തിലും ചലച്ചിത്ര മേളാ യാത്രകൾക്ക് ഒപ്പം എപ്പോഴും ഉണ്ടാകും നിസാം. സ്വന്തമായി തിരക്കഥ എഴുതിയ പുതിയ സിനിമയുടെ റിലീസിന് തൊട്ടു മുൻപ് യാത്രയാവുക. പുതുതായി മറ്റൊരു സിനിമയുടെ തിരക്കഥാ രചനയിൽ ആയിരുന്നു നിസാം. എത്രയൊ സിനിമകൾ ഇനിയും ഉണ്ടാകേണ്ടിയിരുന്നത് ആണ്. പാതി വഴിയിൽ പൂർണ്ണ വിരാമം ഇട്ടു യാത്രയായി.
എന്നാലും ഇത്ര പെട്ടന്ന്..
ഒട്ടും വിശ്വസിക്കാൻ ആവുന്നില്ല..
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആണ് പോസ്റ്റ്മാർട്ടം എന്നറിഞ്ഞു ഞാൻ അവിടെ എത്തുമ്പോഴേക്കും പോസ്റ്റ്‌മോർട്ടം കഴിഞ്ഞു നിസാം ഇപ്പോൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കടമ്മനിട്ടയിലേക്ക് കൊണ്ട് പോയി. കടമ്മനിട്ടയിൽ ചെന്നപ്പോൾ നിസാമിന്റെ നാട് ആയ പഴകുളത്തേക്ക് കൊണ്ട് പോകാനായി ആംബുലൻസിൽ യാത്ര തിരിക്കുന്നു. നാളെ രാവിലേ പത്തു മണിക്ക് ആണ് മരണാനന്തര ചടങ്ങുകൾ.
മുൻപിൽ സാവധാനത്തിൽ പോകുന്ന ആംബുലൻസിൽ നിസാം കിടക്കുന്നുണ്ട് ..
എന്തിനാന് നിസാം ഇത്ര പെട്ടന്ന് ഇങ്ങനെ യാത്ര പോകുന്നത്.
സുബീഷ് സുധി നായകനായ ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു നിസാം റാവുത്തർ. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം വെള്ളിയാഴ്ച ചിത്രം റിലീസിനൊരുങ്ങാനിരിക്കേയാണ് അന്ത്യം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കൂടിയായിരുന്നു നിസാം റാവുത്തർ. സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റുചിത്രങ്ങൾ. ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു.