Film News

'ഞാൻ പവർ ​ഗ്രൂപ്പിൽപ്പെട്ട ഒരാളല്ല': ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുള്ള മോഹൻലാലിന്റെ ആദ്യ പ്രസ്സ് മീറ്റ്, പൂർണ്ണ രൂപം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള മോഹൻലാലിന്റെ ആദ്യ പ്രതികരണം കൂടിയാണ് തലസ്ഥാനത്ത് നടന്നത്. വാർത്താ സമ്മേളനത്തിന്റെ പൂർണരൂപം വായിക്കാം.

മോഹൻലാൽ പറഞ്ഞത്:

കുറച്ച് കാര്യങ്ങൾ ഞാൻ ആദ്യം പറയാം. 1978 ലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്ത് എന്റെ വീടിന്റെ മുന്നിലായിരുന്നു അത്. 47 വർഷങ്ങൾ കഴിഞ്ഞിട്ട് തിരുവനന്തപുരത്ത് വച്ച് തന്നെ ഞാൻ ഉൾപ്പെടുന്ന ഒരു ഇൻഡസ്ട്രിയുടെ ഒരു ദൗർഭാ​ഗ്യകരമായ ഒരു കാര്യത്തിനെക്കുറിച്ച് സംസാരിക്കാൻ ഇടവരുന്നു എന്നതിൽ വളരെയധികം വിഷമമുണ്ട്. ഞാൻ ഇത്തരം പ്രസ്സ് കോൺഫറൻസുകൾ നേരിടുന്നൊരു ആളല്ല. എനിക്ക് വളരെ ആധികാരികമായി സംസാരിക്കാൻ അറിഞ്ഞു കൂടാ. അതുകൊണ്ട് എന്നോട് വല്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ എനിക്ക് മറുപടി പറയാൻ സാധിക്കില്ല.

ഇങ്ങനെയൊരു സംഭവം മലയാള സിനിമയിൽ നടന്നു. മോ​ഹൻലാൽ എവിടെയായിരുന്നു ഒളിച്ചോടി പോയി എന്നൊക്കെ ആളുകൾ പറ‍ഞ്ഞു. ഞാൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ല. ഞാൻ നിങ്ങൾക്കൊപ്പം കഴിഞ്ഞ 47 വർഷമായി സഞ്ചരിക്കുന്ന ഒരാളാണ്. എന്റെ വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ കേരളത്തിൽ ഉണ്ടായിരുന്നില്ല. എന്റെ ഭാര്യയുടെ ഒരു സർജറിയുമായി ബന്ധപ്പെട്ട് എനിക്ക് ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നു. ഒപ്പം എന്റെ ആ​ദ്യ സംവിധാന ചിത്രമായ ബറോസ് അതിന്റെ ഫെെനൽ മിക്സ് നടക്കുന്ന സമയമായിരുന്നു. അതിൽ നിന്നും പെട്ടെന്ന് വരാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ഞാൻ വരാതെയിരുന്നത്.

സിനിമ എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു ഭാ​ഗം മാത്രമാണ്. മറ്റ് എല്ലാ സ്ഥലത്തും സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങളുണ്ടാകാറുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് വളരെയധികം സ്വാ​ഗതാർഹമാണ്. ഞാൻ രണ്ട് തവണ ആ കമ്മറ്റിക്ക് മുന്നിൽ പോയി ഇരുന്ന് സംസാരിച്ച ആളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി നൽകിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു നിർമാതാവ് എന്ന നിലയിലും എന്റെ സിനിമയെക്കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. പലപ്പോഴും എന്നോട് ചോദിക്കുന്നത് മൊത്തം സിനിമയെയും കുറിച്ചാണ്. അതിനെക്കുറിച്ച് എനിക്ക് പറയാൻ പറ്റില്ല. എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാൻ ആ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞത്.

അമ്മ എന്ന് പറയുന്ന ഒരു അസോസിയേഷൻ അതൊരു ട്രേഡ് യൂണിയൻ സ്വാഭാവമുള്ള ഒരു അസോസിയേഷൻ ഒന്നുമല്ല. അതൊരു കുടുംബം പോലെയാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി ഈ തിരുവനന്തപുരത്ത് നിന്നും ഏതാണ്ട് 25 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് അത്. മറ്റ് ഭാഷകളിലേക്ക് ഒക്കെ പോകുമ്പോൾ വലിയ പേരുള്ള ഒരു സംഘടന തന്നെയാണ് അമ്മ. നമ്മുടെ കൂടെയുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണ് അത് തുടങ്ങിയത്. ഞാൻ ആദ്യം മുതൽക്കേ അതിലൂടെ സഞ്ചരിക്കുന്ന ഒരാളായത് കൊണ്ട് പറയുകയാണ്. കഴിഞ്ഞ രണ്ട് തവണയായി ഞാൻ ആണ് അതിന്റെ പ്രസിഡന്റ്. അതിന്റെ പ്രവർത്തനങ്ങളുടെ ഭാ​ഗമാകാം, അതിലൂടെ മുന്നോട്ട് പോകാം എന്ന് കരുതിയാണ് ഞാൻ അതിലേക്ക് വരുന്നത്. എന്നാൽ ഇപ്പോൾ എന്തുകൊണ്ട് ഞങ്ങളെല്ലാവരും അതിൽ നിന്നും മാറി എന്ന് ചോദിച്ചാൽ അതിന് ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമായാണ്. കാരണം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അത് എന്തൊക്കെയാണ് എന്ന് എന്നെക്കാൾ കൂടുതൽ നിങ്ങൾക്ക് അറിയാം. അതിലെല്ലാം നമുക്ക് ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്.

എന്തിനും ഏതിനും അമ്മ എന്ന കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായിട്ടാണ് ഞങ്ങൾ കാണുന്നത്. അതിൽ തെറ്റുകളുണ്ടാവാം. അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. ഇത് എല്ലാവർക്കും തുറന്ന് സംസാരിക്കാനുള്ള ഒരു വേദിയായി മാറണം. എല്ലാത്തിനും മറുപടി പറയേണ്ടത് അമ്മ എന്ന സംഘടന അല്ലല്ലോ? അതിലെ ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നത് എനിക്ക്, എന്റെ കൂടെയുള്ളവർക്കും നേരെയാണ്. ഞങ്ങളുടെ അഡ്വക്കേറ്റ്സിനോടും സിനിമയിലെ തലമൂത്ത ആളുകളോടും ബാക്കി മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവരോടും സംസാരിച്ച ശേഷം എടുത്ത തീരുമാനമാണ് അമ്മയിൽ നിന്ന് തൽക്കാലം പിന്മാറാം എന്നുള്ളത്. അമ്മയുടെ പ്രവർത്തനങ്ങളൊന്നും നിർത്തി വച്ചു കൊണ്ടല്ല മാറി നിൽക്കാൻ തീരുമാനിച്ചത്. എല്ലാവരോടും ചോദിച്ച് അവരുടെ അനുവാദം വാങ്ങിയാണ് അത് ചെയ്തത്. അതൊരു ​ഗൂ​ഗിൾ മീറ്റിലൂടെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ മിനിറ്റ്സ് റെക്കോർഡ് ചെയ്തിട്ടുണ്ട്.

ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. ഇതൊരു ഇൻ‌ഡസ്ട്രി തകർന്നു പോകുന്ന കാര്യമാണ്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയാണ് ഇത്. എന്റെ ജീവിതം തുടങ്ങുന്നത് മദ്രാസിൽ നിന്നുമാണ്. അന്നൊന്നും ഒരു സൗകര്യങ്ങളുമുണ്ടായിരുന്നില്ല. ചെറിയൊരു സ്ഥലമാണ് കേരളം. കഷ്ടപ്പാടിനെക്കുറിച്ച് പറയുകയല്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ഇൻ‌ഡസ്ട്രിയാണ് ഇത്. ഒരുപാട് പ്രതിഭകൾ ഉണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാൻ പോകുന്നതുമായ ഇൻ‌ഡസ്ട്രിയാണ് ഇത്.

മറ്റ് ഭാഷകളിലേക്ക് ഒക്കെ പോകുമ്പോഴാണ് നമ്മുടെ സിനിമയുടെ മഹത്വം അറിയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രം ഇത് ഫോക്കസ് ചെയ്ത് നമ്മുടെ ഇൻഡസ്ട്രിയെ തകർക്കരുത് എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഇതിന് പിന്നിൽ സർക്കാർ ഉണ്ട് അവർ‌ നിയമിച്ച കമ്മറ്റിയുണ്ട്, പൊലീസ് ഉണ്ട്, സർക്കാർ അതിനുള്ള തീരുമാനം എടുക്കുന്നുണ്ട്. കുറ്റം ചെയ്യുന്നവർക്ക് പിന്നിൽ പൊലീസ് ഉണ്ട്. അതിന്റെ റിപ്പോർട്ടുകൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇത് കോടതി വരെ എത്തി നിൽക്കുന്ന ഒരു വിഷയമാണ്. അതിൽ ആധികാരികമായ ഒരു മറുപടി പറയാൻ എനിക്ക് സാധിക്കില്ല. അത് ഞാൻ പറയില്ല.

ഒരുപാട് ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സം​ഘടനയാണ് അമ്മ. അമ്മ അസോസിയേഷനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഒരുപാട് പേർ പറഞ്ഞു ഇങ്ങനെയല്ല ചെയ്യേണ്ടത് ഇങ്ങനെയാണ് എന്ന്. അവർ വരട്ടെ മുന്നോട്ട്. ഒരു ഇലക്ഷൻ വയ്ക്കാം. ഒരു ജനറൽ ബോഡി വിളിക്കാം. അതിൽ ആർക്കും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അവർക്ക് അമ്മ എന്ന സംഘടനയെ മുന്നോട്ട് നയിക്കാം. ഇത് ഒളിച്ചോട്ടമോ തോൽവിയോ അല്ല. ഇവിടെ വീണ്ടും നിലനിന്നാൽ ആ ആരോപണങ്ങളെല്ലാം വരുന്നത് ഞങ്ങളിലേക്ക് തന്നെയാണ്. അത് നിർത്തിക്കൊണ്ട് നമുക്ക് ഈ മലയാള സിനിമയെ രക്ഷിക്കണം.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഒരുപാട് സാധ്യതകൾ അവർ പറയുന്നുണ്ട്. മറ്റ് ഭാഷകളിൽ നിന്നെല്ലാം ഇത്തരത്തിലുള്ള കാര്യങ്ങൾ വേണമെന്ന് നിർദ്ദേശം വന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ എടുത്തിട്ടുള്ള നല്ല തീരുമാനം ആയിട്ടാണ് ഹേമ കമ്മറ്റി റിപ്പോർട്ടിനെ ഞാൻ കാണുന്നത്. വളരെ കഷ്ടപ്പെട്ട് നമ്മൾ പടുത്തുയർത്തിയ ഇൻഡസ്ട്രിയാണ് ഇത്. ആൾക്കാർക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അത് അമ്മയെ അറിയിച്ചു എന്ന് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ലല്ലോ? അസോസിയേഷന് തെറ്റു കുറ്റങ്ങൾ ഉണ്ടായേക്കാം.

അമ്മയ്ക്ക് മാത്രമല്ല സിനിമയിലുള്ള എല്ലാവർക്കും ഇതിനെക്കുറിച്ച് സംസാരിക്കാവുന്നതാണ്. ഒരാളെയോ ഒരു സം​ഘടനയെയോ മാത്രം ക്രൂശിക്കപ്പെടുക എന്നതല്ല. മറ്റ് ഭാഷകളിൽ നിന്നും നമ്മളെ വിളിച്ച് ആളുകൾ ചോ​ദിക്കുന്നുണ്ട്‍ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന്. നിങ്ങളും ഇതുപോലെ ഒരു കമ്മറ്റി തുടങ്ങൂ എന്നാണ് ഞാൻ അവരോട് പറയുന്നത്.

കേരളത്തിൽ നിന്നും ഒരുപാട് പേർക്ക് പ്രചോദനമാകുന്ന ഒരു മൂവ്മെന്റായി ഇത് മാറട്ടെ. ഇത് എല്ലാ മേഖലയിലും വരണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എല്ലാവർക്കും നീതി ലഭിക്കണം എന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ശരിയായ തെളിവുകൾ ഉണ്ടെങ്കിൽ തെറ്റ് ചെയ്ത ആളുകൾ ശിക്ഷിക്കപ്പെടണം. നമ്മുടെ ഇൻഡസ്ട്രി തകർന്നു പോയാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരുപാട് പേർ അതിനെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരും. ഇതൊരു നാഷണൽ, ഇന്റർനാഷ്ണൽ വാർത്തയായി മാറി നമ്മുടെ ഈ വ്യവസായം തകർന്നു പോകാനിട വരരുത്. ഇത് അമ്മയുടെ പ്രതിനിധി ആയല്ല പകരം 47 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലിയിലാണ് ഞാൻ ഇത് പറയുന്നത്.

ഹേമ കമ്മറ്റി റിപ്പോർ‌ട്ടിനെക്കുറിച്ച്?

ഞാൻ ഇതിൽ കൂടുതൽ എന്താണ് പറയേണ്ടത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എനിക്ക് സാധിക്കില്ല. കേരള പൊലീസിന്റെ കാര്യം അവരല്ലേ നോക്കേണ്ടത്. ഞാൻ ആണോ? നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറായിട്ടാണ് വന്നിരിക്കുന്നത്. പക്ഷേ എനിക്ക് ഉത്തരങ്ങളില്ല. എന്റെ കയ്യിൽ നിൽക്കുന്ന ഒരു കാര്യമല്ല അത്. നിങ്ങളുടെ കയ്യിലാണ് ഈ കാര്യം ഇരിക്കുന്നത്.

ഹേമ കമ്മറ്റി റിപ്പോർ‌ട്ടിൽ അന്വേഷണം ആവശ്യപ്പെടുമോ?

ഞാൻ ആണോ അത് പറയേണ്ടത്, തീർച്ചയായിട്ടും അത് വേണ്ടേ? അതൊരു കോടതിയിൽ ഇരിക്കുന്ന കാര്യമല്ലേ? നമ്മുടെ നിയമ സംവിധാനത്തിലിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്? ഞാൻ വേണ്ട എന്ന് പറയുമോ? അങ്ങനെയല്ലേ വേണ്ടത്?

ആരോപണ വിധേയരെക്കുറിച്ച്?

അതിനെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്? അത് എന്താണെന്നൊന്നും അറിയില്ലല്ലോ? ഇതിന് മുമ്പും ഇതിലും വലിയ കാര്യങ്ങൾ നടന്നിട്ട് ആ ആരോപണം തെറ്റാണെന്ന് കണ്ടെത്തി സിനിമയിലേക്കും മറ്റ് മേഖലകളിലേക്കും തിരിച്ചു വന്നവർ ഉണ്ട്. അതിൽ നമുക്ക് പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല എന്നതാണ്. നിയമം എന്നത് പൊലീസിന്റെയോ കോടതിയുടെയോ കയ്യിലിരിക്കുന്ന കാര്യമാണ്. അതിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. അത് സംഭവിച്ചു പോയതാണ്. അത് ഇനി സംഭവിക്കാതെയിരിക്കാനുള്ള കാര്യങ്ങൾ നമുക്ക് നോക്കാം. അത് സംഭവിപ്പിക്കാതെയിരിക്കാനുള്ള കാര്യങ്ങളും നമുക്ക് നോക്കാം. ഇത് നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് അറിയുന്ന ആളല്ലേ ഞാൻ? ഒരു ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങൾ നിങ്ങൾക്ക് അന്യരായി മാറിയത്?

നിങ്ങൾ ഇത് വീണ്ടും വീണ്ടും ചോദിച്ചാൽ‌ ഞാൻ എന്ത് പറയാൻ ആണ്. എനിക്ക് അതിനെക്കുറിച്ച് അറിയില്ല. അതല്ലേ പറഞ്ഞത് അതിന് നിയമമുണ്ട് അത് കൊണ്ടുവരണം. അത് ഞാൻ വിചാരിച്ചാലാണോ നടക്കുന്നത്. അതിന് പൊലീസുണ്ട്, സർക്കാർ ഉണ്ട്, കോടതിയുണ്ട്, അത് അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമല്ലേ? അതിനെക്കുറിച്ച് ഇതിൽ കൂടുതൽ എന്താണ് ഞാൻ പറയേണ്ടത്. ഇത് എന്തിനാണ് എന്നോട് ചോദിക്കുന്നത്? ഞാൻ പറഞ്ഞത് മുഴുവൻ അതല്ലേ? നിങ്ങളും കൂടി ചേർന്ന് അതിന് വേണ്ടി സഹായിക്കൂ.

രാജി ഒളിച്ചോട്ടമാണ് എന്ന് പറയുന്നതിനെക്കുറിച്ച്?

ഞാൻ അതിനെല്ലാം മറുപടി നൽകി കഴിഞ്ഞു. ഇതൊരു ഒളിച്ചോട്ടമല്ല, എന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞു. ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല, ഞാൻ ഏറ്റവും ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. ഇതിൽ കൂടുതൽ എനിക്ക് എന്താണ് പറയാൻ പറ്റുന്നത്?

അതിജീവിതർ അമ്മയിൽ പരാതി പറഞ്ഞിട്ടുണ്ടല്ലോ?

തീർച്ചയായും അങ്ങനെ തന്നെയല്ലേ വേണ്ടത്. സംഘടന അതിന് വേണ്ടിയുള്ളതല്ലേ? ആൾക്കാരുടെ സംരക്ഷണത്തിന് വേണ്ടിയല്ലേ അത്, ഒരു സുപ്രഭാതത്തിൽ പത്ത് ഇരുപതോളം പരാതികൾ വരുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്? അത് എന്താണ് എന്ന് അറിഞ്ഞിട്ട് ഒരു തീരുമാനം എടുക്കാം. ഞങ്ങളുടെ കൂടെ നിങ്ങളും നിൽക്കൂ. നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം.

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരുമായ് സഹകരിക്കുമോ?

ഞാൻ എന്താ പറയേണ്ടത്? നല്ലൊരു കാര്യത്തിനാണെങ്കിൽ തീർച്ചായായിട്ടും. നിങ്ങൾ സഹകരിക്കില്ലേ? അപ്പോൾ ഞങ്ങളും ഉറപ്പായിട്ടും സഹകരിക്കും. ഒരു ശുദ്ധീകരണത്തിന് ഒരു നല്ല കാര്യത്തിന് നിങ്ങൾ സഹകരിക്കുമോ എന്ന ചോദ്യം തന്നെ പ്രസക്തമല്ല. സഹകരിക്കും.

WCC & അമ്മ സംഘടനകളെക്കുറിച്ച്?

WCC അമ്മ തുടങ്ങിയ വിഷയങ്ങൾ വിടൂ. മലയാള സിനിമയെക്കുറിച്ച് സംസാരിക്കൂ. അതിൽ എന്ത് വേണമെങ്കിലും ചെയ്യാൻ നമ്മൾ തയ്യാറാണ്. നിങ്ങൾ എല്ലവരും കൂടി ചേർന്ന് അത് ചെയ്യൂ. വിലക്കുകൾ എന്നൊക്കെ പറയുന്നത് ഞങ്ങൾക്ക് ആരോടും ഒരു തരത്തിലുമുള്ള എതിര് ഇല്ല. അമ്മ മാത്രമല്ലല്ലോ ഇവിടെ. ഒരുപാട് സംഘടനകൾ ഇല്ലേ? അവരുമായിട്ട് ഒക്കെ നിങ്ങൾ സംസാരിക്കൂ. അവരുടെയെല്ലാം റിപ്പോർട്ടുകൾ എടുക്കൂ. അവർക്കെല്ലാം ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് കേൾക്കൂ.

താങ്കൾക്ക് മുന്നിലേക്ക് പരാതികൾ വന്നിട്ടുണ്ടോ?

സിനിമയിലല്ലാതെ എത്രയോ സ്ഥലങ്ങളിൽ ഇത് നമ്മൾ കേൾക്കുന്നതാണ്. മുഖമറിയാത്ത പരിചയമില്ലാത്ത പല കാര്യങ്ങളും പല സ്ഥലത്ത് നിന്നും നമ്മൾ കേൾക്കുന്നുണ്ട്. അമ്മ എന്ന സംഘടന ഇതിനെല്ലാം പ്രതികരിക്കണം എന്ന് പറയുന്നത് നമുക്ക് ഇത് അറിയുമോ? ഇത് വലിയ ഒരഉ ഇൻഡസ്ട്രി അല്ലേ? എന്താ നടന്നിരിക്കുന്നത് എന്ന് അറിയില്ലല്ലോ? 21 യൂണിയനുകൾ ഉണ്ട്. അതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവർ അവരെയല്ലേ അറിയിക്കേണ്ടത്. അതിൽ ഇല്ലാത്തവർ അമ്മയെ വന്ന് അറിയിച്ചിട്ട് ഞങ്ങൾ അഭിപ്രായം പറഞ്ഞില്ലെന്ന് പറഞ്ഞാൽ അതിൽ എന്താണ് പ്രസക്തി?

ആരോപണ വിധേയർ മാറി നിൽക്കണം എന്നതിനെക്കുറിച്ച്?

അതിന്റെ കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയല്ലേ? രണ്ട് മാസം. അതിനുള്ളിൽ നമുക്ക് ഇത് അറിയാം. അറിഞ്ഞിട്ട് എന്താണെന്ന് വച്ചാൽ നമുക്ക് തീരുമാനിക്കാം.

മലയാള സിനിമയിലെ പവർ ​ഗ്രൂപ്പ്?

ആ കമ്മറ്റി റിപ്പോർട്ടിൽ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് അറിയട്ടെ, അല്ലാതെ എന്റെ അടുത്ത് ചോ​ദിച്ചാൽ? ഞാൻ പവർ ​ഗ്രൂപ്പിൽപ്പെട്ട ഒരാളല്ല, എനിക്ക് അതിനെക്കുറിച്ച് അറിയില്ല. അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ആ റിപ്പോർട്ട് വരട്ടെ നിങ്ങൾ കാത്തിരിക്കൂ.

റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിയുമോ?

ഞാൻ എങ്ങനെയാണ് ആ റിപ്പോർട്ട് കാണുന്നത്, എന്നെ വിളിച്ചു ഞാൻ പോയി സംസാരിച്ചു. ആ റിപ്പോർട്ടിൽ പറയുന്ന കാര്യം നമ്മൾ എങ്ങനെയാണ് ഇപ്പോൾ പറയുക? അത് കോടതിയിൽ ഇരിക്കുന്ന കാര്യമാണ്. അവർ അത് പഠിച്ചിട്ട് പറയട്ടേ, നിങ്ങൾക്ക് ഉള്ള അതേ അറിവാണ് എനിക്കും.

സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്,

പൊതുസമൂഹത്തിന് അങ്ങനെ ഒന്നും ബോധ്യമായിട്ടില്ല, നിങ്ങൾ അങ്ങനെ പറയരുത്. അത് എങ്ങനെയാണ് നിങ്ങൾ‌ പറയുന്നത്? പൊതുസമൂഹത്തിന് ബോധ്യമാകരുത് അതിനുള്ള ശ്രമങ്ങളാണ് നമ്മൾ ചെയ്യുന്നത്.

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

SCROLL FOR NEXT