നടന്‍ മധുവിന് തൊണ്ണൂറാം പിറന്നാൾ ആശംസകള്‍ നേരുന്നതിനോടൊപ്പം ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ വിനയന്‍. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തില്‍ മധുസാറിന്റെ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടുമാണ് തന്റെ സത്യസന്ധത തെളിയിക്കാനും കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി നേടാനും സാധിച്ചതെന്നും വിനയന്‍. തന്നെ തൊഴില്‍ വിലക്കുകയും തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുയും ചെയ്ത മലയാള സിനിമയിലെ ചില പ്രമുഖവ്യക്തികള്‍ക്കും സംഘടനകള്‍ക്കും സുപ്രീം കോടതി ഉള്‍പ്പടെ പിഴ ചുമത്തിയത് ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. മധുസാറിന്റെ സത്യസന്ധമായ മൊഴികളായിരുന്നു അങ്ങനൊരു വിധിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നെന്നും പിറന്നാള്‍ ആശംസകളോടൊപ്പം വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയതിന്റെ പേരില്‍ പ്രമുഖരായ ഒരു കൂട്ടം ആളുകള്‍ മധു സാറിന്റെ വീട്ടില്‍ ചെന്ന് ആ സിനിമയില്‍ അഭിനയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോസ്റ്റില്‍ വിനയന്‍ പറയുന്നു. വിനയനെന്ന വ്യക്തിയേക്കാളും മധു സാറിന് ഏറെ ബന്ധമുള്ളവര്‍ എതിര്‍ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തന്റേടിയും സത്യസന്ധനുമായ ആ വലിയ കലാകാരന്റെ മലയാള സിനിമയുടെ ഗുരുനാഥനായ ആ മഹാനുഭാവന്റെ കാല്‍പ്പാദങ്ങളില്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്നും വിനയന്‍ ഫേസ്ബുക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
വിനയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :
നവതി ആഘോഷിക്കുന്ന മലയാളത്തിൻെറ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ആശംസകൾ. അനായാസമായ അഭിനയസിദ്ധി കൊണ്ടും അനിതരസാധാരണമായ വ്രക്തിത്വം കൊണ്ടും മലയാളസിനിമയിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കാവുന്ന മധുസാറിൻെറ കലാ ജീവിതത്തേപ്പറ്റി എത്രയേറെ പറഞ്ഞാലും തീരില്ല എന്നതാണു സത്യം. എന്നാൽ ഇവിടെ ഞാനെൻെറ തികച്ചും വ്യക്തിപരമായ ഒരനുഭവത്തെ കുറിച്ചു മാത്രമാണു പറയുന്നത്. ഇന്നു രാവിലെ മധുസാറിനെ ഫോണിൽ വിളിച്ചു സംസാരിച്ചപ്പോഴും ഈ കാര്യം ഞാനദ്ദേഹത്തോടു സുചിപ്പിച്ചിരുന്നു. അതു കേട്ട് അദ്ദേഹം തൻെറ സ്വതസിദ്ധമായ ശൈലിയിൽ നിഷ്കളങ്കമായി ചിരിച്ചു. അത്രമാത്രം. എൻെറ സിനിമ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ മധുസാറിൻെറ നീതിബോധം കൊണ്ടും നിലപാടുകളിലെ സ്ഥിരത കൊണ്ടും കേള സമൂഹത്തിൻെറ മുന്നിൽ എൻെറ സത്യസന്ധത തെളിയിക്കാനും കോമ്പറ്റീഷൻ കമ്മീഷനിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂലമായ വിധി നേടാനും എനിക്കു സാധിച്ചു എന്നതാണ് മറക്കാൻ പറ്റാത്ത ആ അനുഭവം. മാത്രമല്ല എൻെറ തൊഴിൽ വിലക്കുകയും എനിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുയും ചെയ്ത മലയാള സിനിമയിലെ ചില പ്രമുഖവ്യക്തികൾക്കും സംഘടനകൾക്കും സുപ്രീം കോടതി ഉൾപ്പടെ പിഴ ചുമത്തിയത് അന്ന് ഏറെ ചർച്ച ചെയ്ത വിഷയമാണ്. മധുസാറിൻെറ സത്യസന്ധമായ മൊഴികളായിരുന്നു അങ്ങനൊരു വിധിയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്..
എൻെറ സിനിമകൾ വിലക്കിയതെല്ലാം രേഖകളൊന്നും ഇല്ലാതെ അതി നിഗൂഢമായ ഗൂഢാലോചനകളിൽ കൂടി ആയിരുന്നല്ലോ? അതിൽ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നു പറഞ്ഞു കൈമലർത്തു കയും കൂടി ചെയ്തപ്പോൾ ഞാൻ നിസ്സഹായനായി നിന്നു പോയി. എന്നെ സഹായിക്കുമെന്ന് ഞാൻ കരുതിയവർ പോലും മറ്റു പല കാരണങ്ങളാലും വലിയ സിനിമാക്കാരെ ഭയന്ന് നിശ്ശബ്ദരായപ്പോൾ മധുസാർ സത്യസന്ധമായി തൻെറ അനുഭവം കമ്മീഷൻെറ മുന്നിൽ പറയാൻ തയ്യാറായി. 2011ൽ വിനയൻെറ ഒരു സിനിമയിൽ അഭിനയിക്കാനായി താൻ അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് മലയാള സിനിമയിലെ വളരെ പ്രമുഖരായ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് തൻെറ വീട്ടിൽ എത്തിയെന്നും വിനയൻെറ സിനിമയിൽ അഭിനയിക്കരുതെന്ന് പറഞ്ഞ് തന്നെ നിർബ്ബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവിടെ ചെന്ന പ്രമുഖരിൽ പലരുടേയും പേരുകൾ സഹിതമാണ് അദ്ദേഹമന്ന് പറഞ്ഞത്. ആരെയും പേരെടുത്ത് പറഞ്ഞ് വീണ്ടും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഞാനാ പേരുകൾ ഇവിടെ പറയുന്നില്ല. സി.സി.ഐ യുടെ വെബ് സൈറ്റിൽ ഉള്ള ആ കേസിൻെറ വിധിപ്പകർപ്പു വായിക്കുന്നവർക്ക് കൂടുതൽ വ്യക്തത കിട്ടും മധുസാറിൻെറ വാക്കുകൾക്ക് അന്ന് അന്വേഷണക്കമ്മീഷൻ വലിയ വിലയാണ് കൊടുത്തത്. അങ്ങനെയാണ് അന്യായമായ ആ തൊഴിൽ വിലക്കിൻെറ അപ്രിയ സത്യങ്ങൾ കോടതിക്കും കേരള സമൂഹത്തിനും മനസ്സിലായത്.വിനയനെന്ന വ്യക്തിയേക്കാളും മധുസാറിന് ഏറെ ബന്ധമുള്ളവർ എതിർ വശത്തുണ്ടായിട്ടും അതൊന്നും വകവയ്കാതെ നേരിനും നീതിക്കും ഒപ്പം നിന്ന തൻേറടിയും സത്യ സന്ധനുമായ ആ വലിയ കലാകാരൻെറ മലയാള സിനിമയുടെ ഗുരുനാഥനായ ആ മഹാനുഭാവൻെറ കാൽപ്പാദങ്ങളിൽ പ്രണാമം.