Film News

'വിമാനം മാറ്റിയിടാൻ പറഞ്ഞു, ചിത്രീകരണം തടസ്സപ്പെട്ടു':'മാനാട്' സിനിമയുടെ ഷൂട്ടിങ് ഓർമ്മകൾ പങ്കിട്ട് സംവിധായകൻ വെങ്കട്ട് പ്രഭു

മാനാട് എന്ന സിനിമയുടെ ചിത്രീകരണം തടസ്സപ്പെട്ട സംഭവം പറഞ്ഞ് സംവിധായകന്‍ വെങ്കട്ട് പ്രഭു. വിജയ് നായകനാകുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സംവിധായകന്‍. ചിത്രത്തിലെ എയര്‍പോര്‍ട്ട് രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ പ്രതീക്ഷിക്കാതെ അധികൃതര്‍ ഇടപെട്ടു. എയര്‍പോര്‍ട്ട് സീനുകള്‍ ഷൂട്ട് ചെയ്യാന്‍ രണ്ട് ദിവസമാണ് അനുവദിച്ചിരുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് പെട്ടെന്നാണ് ഷൂട്ടിനായി പാര്‍ക്ക് ചെയ്തിരുന്ന വിമാനം അവിടെ നിന്ന് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്. ആര്‍മിയുടെ വാഹനം ആ ഭാഗത്തുണ്ട് എന്നതായിരുന്നു അവരുടെ ന്യായം. പിന്നീട് ചിത്രീകരണം തുടങ്ങാന്‍ കുറെ സമയം എടുത്തുവെന്നും സമയം കുറവായിരുന്നതുകൊണ്ട് ചിത്രീകരണം ഒരു ദുഃസ്വപ്നമായിരുന്നു എന്നും ഗലാട്ട പ്ലസ്സിനോട് വെങ്കട്ട് പ്രഭു പറഞ്ഞു. ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'മാനാട്' 2021ലാണ് തിയറ്ററുകളിലെത്തിയത്. സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം GOAT സെപ്റ്റംബര്‍ 5ന് തിയറ്ററുകളിലെത്തും.

വെങ്കട്ട് പ്രഭു പറഞ്ഞത്:

അവസാന നിമിഷത്തിലെ ടെന്‍ഷന്‍ ചിലപ്പോള്‍ സിനിമ എടുക്കുമ്പോള്‍ സഹായകമാകാറുണ്ട്. അവസാന നിമിഷം ചെയ്ത് പൂര്‍ത്തിയാക്കിയ ധാരാളം കാര്യങ്ങളുണ്ട്. 'മാനാട്' സിനിമയിലെ വിമാനത്തിന്റെ സീനുകള്‍ ഒന്നര ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. വിമാനത്തിന്റെ ഉള്ളിലെ സീനുകള്‍, റണ്‍വേയിലെ സീനുകള്‍ എല്ലാം എടുക്കാന്‍ രണ്ട് ദിവസമാണ് അനുമതി തന്നിരുന്നത്. ഹൊസ്സൂരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. രാവിലെ തന്നെ ഷൂട്ടിന് വേണ്ടി ഞങ്ങള്‍ ഫ്ളൈറ്റ് ഒരിടത്ത് പാര്‍ക്ക് ചെയ്തിരുന്നു. വിമാനങ്ങളുടെ സര്‍വീസ് സെന്റര്‍ പോലെ ഒരു സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. അവിടെ കുറെ വിമാനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ ഒരുപാട് ഷൂട്ട് ചെയ്യണം എന്ന വേവലാതി എല്ലാവര്‍ക്കും ഉണ്ടായിരുന്നു അന്ന്. അതുകൊണ്ട് വെളുപ്പിന് 5 മണി തൊട്ട് അതിനുവേണ്ട ലൈറ്റിങ്, ആര്‍ട്ട് എല്ലാം സജ്ജീകരിച്ചു.

രാവിലെ ആദ്യ ഷോട്ടെടുക്കാന്‍ വന്നപ്പോഴാണ് അധികൃതര്‍ പറയുന്നത് ആ ഭാഗത്ത് ഷൂട്ട് ചെയ്യരുതെന്ന്. എന്തുകൊണ്ടാണെന്ന് ചോദിപ്പോള്‍, ആര്‍മിയുടെ ഒരു വിമാനം ആ ഭാഗത്ത് ഉണ്ടെന്നും അതുകൊണ്ട് ഷൂട്ടിങ് നടക്കില്ല എന്നുമായിരുന്നു മറുപടി. ആര്‍മിയുടെ വിമാനം ചിത്രത്തില്‍ ഉണ്ടാകില്ല എന്ന് ഉറപ്പുകൊടുത്തിട്ടും അവര്‍ സമ്മതിച്ചില്ല. അതുകൊണ്ട് വിമാനം അവിടെ നിന്ന് മാറ്റി വേറൊരിടത്തേക്ക് പാര്‍ക്ക് ചെയ്യേണ്ടി വന്നു. വീണ്ടും ഇതിലേക്ക് ലൈറ്റിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്തു. അതിന് തന്നെ ഒരു ദിവസത്തിന്റെ പകുതി ചിലവഴിക്കേണ്ടി വന്നു. ഫ്ളൈറ്റ് പാര്‍ക്ക് ചെയ്യാന്‍ തന്നെ ഒന്നര മണിക്കൂര്‍ എടുത്തിട്ടുണ്ട്. ഇതെങ്ങനെ ചെയ്ത് തീര്‍ക്കും എന്ന് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യാന്‍ ഇനിയും സമയം തരാനാകില്ലന്ന് നിര്‍മ്മാതാവും പറഞ്ഞു. ബാക്കിയുള്ള സമയം കൊണ്ട് തന്നെ ഷൂട്ടിങ് തീര്‍ക്കണം എന്ന അവസ്ഥയുണ്ടായി.

ചിമ്പുവിനെ ഞാന്‍ കാരവനിലേക്ക് വിട്ടില്ല. അത്രയും പെട്ടെന്ന് തീര്‍ക്കണം എന്നായി കാര്യങ്ങള്‍. അപ്പോഴാണ് തലച്ചോര്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത്. ചിമ്പു ഒരു ഗംഭീര നടനാണ്. അതുകൊണ്ട് പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ എടുത്തു. പിന്നീട് കല്യാണിയുടെയും. ഇതെല്ലാം പൂര്‍ത്തിയാക്കിയത് ഒന്നര ദിവസം കൊണ്ടാണ്. വലിയ ദുരനുഭവമായിരുന്നു അത്. പക്ഷെ അങ്ങനെയുള്ള സമയങ്ങളിലാണ് തലച്ചോര്‍ ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കുറച്ചധികം പൈസ ചിലവായാല്‍ നിര്‍മ്മാതാവ് ദേഷ്യപ്പെടും എന്നുള്ള സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരും വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുന്ന നിലയിലും എത്തിയിരുന്നു.

ദുബായ് ഔട്ട് ലെറ്റ് മാളില്‍ 'ഫാർമസി ഫോർ ലെസ്' ആരംഭിച്ചു

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

SCROLL FOR NEXT