Film News

'ലോഹിതദാസാണ് സല്ലാപത്തിലേക്ക് ശാരദ ചേച്ചിയെ നിര്‍ദേശിച്ചത്'; സംവിധായകന്‍ സുന്ദര്‍ദാസ്

കോഴിക്കോട് ശാരദ എന്ന നടി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാവുന്നത് സല്ലാപത്തിലെ ദേഷ്യം വരുമ്പോള്‍ ചീത്ത വിളിക്കുകയും അടുത്ത നിമിഷം തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന അമ്മ വേഷത്തിലൂടെയാണ്. സംവിധായകന്‍ ലോഹിതദാസിന്റെ നിര്‍ദേശപ്രകാരമാണ് നാടക നടി കൂടിയായ കോഴിക്കോട് ശാരദ സല്ലാപത്തിലെ മനോജ് കെ ജയന്റെ അമ്മയായി അഭിനയിക്കുന്നത്. സല്ലാപത്തിന്റെ സംവിധായകന്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ദ ക്യുവിനോട് പങ്കുവെച്ചു.

സുന്ദര്‍ ദാസിന്റെ വാക്കുകള്‍: 'സല്ലാപം എന്ന സിനിമ ചെയ്യാന്‍ ആലോചിച്ച സമയത്ത് തന്നെ മനോജ് കെ ജയന്റെ അമ്മയുടെ കഥാപാത്രം ആര് ചെയ്യുമെന്ന് കാര്യമായി ഞങ്ങള്‍ ചിന്തിച്ചിരുന്നു. കാരണം വളരെ സാധാരണയായ നാടന്‍ സ്ത്രീയാണ് ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. ഐവി ശശിയുടെ സിനിമകളില്‍ തൊഴിലാളി സഖാക്കളായി അഭിനയിച്ച ഒരുപാട് അഭിനേതാക്കളുണ്ടായിരുന്നു. അതില്‍ ഒരാള്‍ ശാരദ ചേച്ചിയായിരുന്നു. ശാരദ ചേച്ചിയുടെ ഭര്‍ത്താവിനെയും എനിക്ക് അറിയാം. അവരെല്ലാം തന്നെ നാടകത്തില്‍ അഭിനയിക്കുന്നവരാണ്. അങ്ങനെ സല്ലാപത്തിലെ മനോജ് കെ ജയന്റെ അമ്മയുടെ വേഷം ആര് ചെയ്യും എന്ന് പറഞ്ഞപ്പോള്‍ ലോഹിയാണ് ഒരു നാടക നടിയുണ്ടെന്ന് പറയുന്നത്. അവര്‍ വളരെ നൈസര്‍ഗികമായി അഭിനയിക്കുന്ന വ്യക്തിയാണ് നമുക്കൊരു താരപരിവേഷം വേണ്ടല്ലോ. അതുകൊണ്ട് അവരെ വെച്ചാലോ എന്ന് പറയുന്നത്. ലോഹി പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ശാരദ ചേച്ചിയെ മനസിലായി. അങ്ങനെയാണ് ചേച്ചിയെ ആ റോളിലേക്ക് വിളിക്കുന്നത്.

വളരെ രസകരമായാണ് ആ സീനുകള്‍ ചിത്രീകരിച്ചത്. അവര്‍ എല്ലാ രീതിയിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്താണോ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൊടുത്താല്‍ വളരെ കൃത്യമായി തന്നെ അവര്‍ അത് ചെയ്യും. ആ നാടന്‍ ഭാഷയും, ചേഷ്ടകളും എല്ലാം അവര്‍ വളരെ നന്നായി ചെയ്യുകയും ചെയ്തു. സിനിമയില്‍ പലപ്പോഴും പരിചയമില്ലാത്തവര്‍ വന്നാല്‍ കുറച്ച് ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ ചേച്ചി കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പിന്നെ സല്ലാപത്തിന് ശേഷം ചേച്ചിക്ക് കുറച്ച് കൂടി നല്ല വേഷങ്ങള്‍ ലഭിച്ചു. ഇടക്കൊക്കെ ചേച്ചി വിളിക്കുമായിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി ചേച്ചിയോട് സംസാരിച്ചിട്ട്. ഇന്ന് കാലത്താണ് മരണവിവരം അറിഞ്ഞത്. സല്ലാപത്തിലെ സെറ്റില്‍ എല്ലാവരും ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ലോഹിതദാസ് പോലും ചേച്ചിയെന്നാണ് വിളിച്ചിരുന്നത്. ചേച്ചിയുടെ വിയോഗം നഷ്ടം തന്നെയാണ്. കാരണം പകരം വെക്കാനാവാത്ത താരങ്ങള്‍ എന്നൊക്കെ പറയില്ലെ. വളരെ സ്വാഭാവികമായി അഭിനയിക്കുന്ന ഒരു നടിയായിരുന്നു ശാരദ ചേച്ചി.'

ഹൃദയാഘാദത്തെ തുടര്‍ന്ന് ഇന്ന് (09-11-2021) രാവിലെയാണ് നടി ശാരദ അന്തരിച്ചത്. 84 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുറച്ച് നാളായി ചികിത്സയിലായിരുന്നു.

കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1985-87 കാലങ്ങളില്‍ ഐ.വി.ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും അവര്‍ സജീവമായിരുന്നു.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT