ആദ്യമായി ചെയ്യാനിരുന്ന സിനിമ ദേവദൂതനായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ആദ്യ ചിത്രം ചെയ്യാന്‍ നവോദയയില്‍ നിന്ന് ആവശ്യപ്പെട്ടപ്പോഴാണ് രഘുനാഥ് പലേരിയുമായി ചേര്‍ന്ന് ദേവദൂതന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ അപ്പോള്‍ അത് നടക്കാതെ വരുകയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവസരം ലഭിച്ചപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിബി മലയില്‍ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ തിരക്കഥയില്‍ കേന്ദ്ര കഥാപാത്രം ഒരു ഏഴ് വയസ്‌കാരനയിരുന്നു. അന്ന് മോഹന്‍ലാലിന് പകരം ഏഴ് വയസുള്ള ഒരു കുട്ടിയുടെ ‘പേര്‍സ്‌പെക്റ്റീവിലാണ്’ കഥ പറയാനിരുന്നത്. പിന്നീട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ആള്‍ക്കാരെ വെച്ച് ഒരു സിനിമ ചെയ്യാമെന്ന് സിയാദ് കോക്കര്‍ പറഞ്ഞപ്പോഴാണ് കഥ വീണ്ടും ചെയ്യാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ ചിത്രം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ്ണ മനസില്ലാതെ നിര്‍ബന്ധപൂര്‍വ്വം തിരക്കഥ വീണ്ടും മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിയാദ് കോക്കര്‍ ചിത്രം ചെയ്യാമെന്ന് പറഞ്ഞപ്പോല്‍ ആ കഥ അപ്പോഴത്തെ കാലത്തിനനുസരിച്ച് ഏഴ് വയസ്സുകാരനില്‍ നിന്ന് 20കാരനിലേക്ക് മാറ്റിയെഴുതി. കാസ്റ്റിങ്ങ് ജോലികളും മറ്റും നടന്നു കൊണ്ടിരിക്കുമ്പോഴാണ് മോഹന്‍ലാല്‍ ചിത്രം ചെയ്യാമെന്ന് ഇങ്ങോട്ട് പറയുന്നത്. ആ കഥയിലേക്ക് ലാലിനെ പ്ലേസ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് നിര്‍മാതാക്കളുടെ ഭാഗത്തു നിന്നും മോഹന്‍ലാലിനെ വെച്ച് ചെയ്തൂടെ എന്ന ചോദ്യം വന്നു. പകരം മറ്റൊരു ചിത്രം ചെയ്യാന്‍ ഉദ്ദേശിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ആ ലാലിന്റെ ഡേറ്റിന് അനുസരിച്ച് നടക്കുമായിരുന്നില്ല. തുടര്‍ന്നാണ് നിര്‍ബന്ധപൂര്‍വ്വം ആ സിനിമ മാറ്റിയെഴുതെന്നത്.പൂര്‍ണ്ണ മനസോടെയല്ലാതെയാണ് മാറ്റിയെഴുതിയത്.അതിന്റെ കുറവുകളൊക്കെ ആ ചിത്രത്തിനുണ്ട്..സിബി മലയില്‍
ആദ്യം മനസ്സില്‍ കണ്ട കഥയില്‍ നിന്ന് കഥാപരമായ വീഴ്ചകളാ ചിത്രത്തിലുണ്ടെങ്കിലും സാങ്കേതികപരമായി നന്നായി തന്നെ ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പലരും കണ്ടിട്ട് ഹോളിവുഡ് ലെവല്‍ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യ സിനിമ എന്ന നിലയില്‍ നമ്മള്‍ ചിന്തിച്ചിരുന്ന ഒന്നായത് കൊണ്ടാണ് അത്തരമൊരു അഭിപ്രായം നേടാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.