മമ്മൂട്ടി ചിത്രം വൺ തിയേറ്ററിൽ തന്നെയെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. തിയേറ്റർ തുറന്ന് ജനങ്ങൾ എത്തിത്തുടങ്ങുന്ന സമയം വരെ കാത്തിരിക്കാൻ നിർമ്മാതാവും താനടക്കമുളള മറ്റ് അണിയറപ്രവർത്തകരും ഒരുപോലെ തയ്യാറാണെന്നും സന്തോഷ് ദ ക്യുവിനോട് പറഞ്ഞു. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സന്തോഷ് വിശ്വനാഥിന്റെ പ്രതികരണം. പൊളിറ്റിക്കല്‍ ത്രില്ലറായ 'വണ്‍' പൂര്‍ത്തിയാകണമെങ്കില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും ചിത്രീകരിക്കേണ്ടതുണ്ട്, അതുകൂടി പൂർത്തിയായ ശേഷമേ വൺ റിലീസിനെത്തൂ, ഫെബ്രുവരി അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്നും സന്തോഷ് പറഞ്ഞു.
'വൺ ഒരു പൊളിറ്റിക്കൽ സിനിമയാണ്. അതൊരിക്കലും ഒടിടിയിലൂടെ കണ്ട് ആസ്വദിക്കാൻ കഴിയില്ല. തിയേറ്ററിന് വേണ്ടി ചെയ്ത സിനിമയാണ്, അത് തിയേറ്ററിൽ തന്നെ എത്തും. പക്ഷെ വൺ ഒരിക്കലും ഒരു തുടക്ക ചിത്രം ആവാൻ സാധ്യത ഇല്ല. കാരണം ആൾക്കൂട്ടം ഉൾപ്പെടുന്ന രണ്ട് പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം ഒരു മാസത്തെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഉണ്ടാകും. എന്തായാലും ജനുവരിയിലോ ഫെബ്രുവരിയിലോ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയാൽ വൺ ആ സമയത്ത് റിലീസ് ഉണ്ടാകില്ല. തിയേറ്റർ തുറക്കുമ്പോൾ തന്നെ റിലീസ് ചെയ്യാനായി മറ്റ് പല ചിത്രങ്ങളും തീരുമാനിച്ചിട്ടുണ്ട്',സന്തോഷ് പറയുന്നു.
മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ ആയാണ് ചിത്രത്തിലെത്തുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ഫിലിം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ സിനിമയാണ് ‘വണ്‍’. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും. ജോജു ജോര്‍ജ്ജ്, നിമിഷാ സജയന്‍,മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.